ഉദ്ദേശ ശുദ്ധിയോടെ സമസ്തക്ക് വേണ്ടി പ്രവർത്തിക്കുക: ജിഫ് രി തങ്ങൾ
ഉദ്ദേശ ശുദ്ധിയോടെ സമസ്തക്ക് വേണ്ടി പ്രവർത്തിക്കുക
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി ഉദ്ദേശ ശുദ്ധിയോടെ പ്രവർത്തന രംഗത്ത് സജീവമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ വരക്കലിൽ നിന്ന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങൾ. ഉദ്ദേശം നന്നാവുന്ന സാഹചര്യത്തിലാണ് ആരാധനയ്ക്ക് പ്രതിഫലം ലഭിക്കുക. ഇലാഹി പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടായിരിക്കണം പ്രവർത്തനമെന്നും വക്രീകരണ ചിന്തകൾക്ക് ദൈവീക സഹായമുണ്ടാകില്ലെന്നും അദ്ദേഹം ഉണർത്തി.
ഈ രാജ്യത്തുള്ള സഹോദര സമുദായങ്ങളോട് ഏതെല്ലാം നിലക്കുള്ള സൗഹാർദത്തിൽ കഴിയേണ്ടത് അടിസ്ഥാനപരമായി മതനിയമ സംഹിതകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ സ്‌നേഹവും സൗഹാർദവും കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് സമസ്ത മുൻതൂക്കം നൽകുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന നവീനവാദികൾക്കെതിരേയുള്ള പ്രചാരണത്തിന് വരക്കൽ മുല്ലക്കോയ തങ്ങളെ പോലെയുള്ളവർ രൂപം നൽകിയതാണ് സമസ്ത. ഇസ്ലാമിന്റെ പ്രചാരണമാണ് നമ്മുടെ ലക്ഷ്യം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രവർത്തനം നടത്തുന്നുണ്ട്. ഒരുപാട് മഹാന്മാർ നേതൃത്വം നൽകിയിരുന്ന സംഘടനയാണിതെന്നും സംഘടനയെ വളർത്തിക്കൊണ്ടുവന്നവർ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് ഇന്ന് നമ്മളെല്ലാവരും ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."