മദ്യനയത്തില്‍ ഭിന്നാഭിപ്രായമില്ല; പൂട്ടിയ ബാറുകള്‍ തുറക്കാനനുവദിക്കില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ചു താന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി എന്ന നിലയിലുള്ള വ്യാഖ്യാനങ്ങളില്‍ കഴമ്പില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും യു.ഡി.എഫും കൂട്ടായാണ് മദ്യനയം രൂപീകരിച്ചത്. അത് എല്ലാതലങ്ങളിലും മതിയായ ചര്‍ച്ചയ്ക്കു വിധേയമാക്കി എടുത്തതാണ്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം വരെ അതിനെ ശ്ലാഘിക്കുകയും കേരളീയസമൂഹത്തില്‍ അതു വ്യാപകമായ അംഗീകാരം നേടുകയും ചെയ്തതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കണം എന്ന അഭിപ്രായമാണുള്ളത്. നയം ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഈ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.
കേരളീയ സമൂഹത്തിന്റെ ആരോഗ്യവും കുടുംബങ്ങളുടെ നന്മയും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവും ലക്ഷ്യമിട്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകളൊഴികെ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഒറ്റയടിക്ക് ബാറുകള്‍ പൂട്ടിയതില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭരണ സാമൂഹികതലങ്ങളില്‍ സ്വാധീനശക്തിയായി തുടരുന്ന മദ്യലോബിക്കെതിരേ കേരളചരിത്രത്തിലെ ഒരു സര്‍ക്കാരും ചെയ്യാത്ത ധീരമായ നടപടിയെടുക്കാന്‍ മുതിരുകയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ആ തീരുമാനത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. കാംപസുകള്‍ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'ക്ലീന്‍ കാംപസ്, സേഫ് കാംപസ്' പദ്ധതി ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയതും ഈ മദ്യനയത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു.
എന്നാല്‍, പരക്കെ അംഗീകരിക്കപ്പെട്ട ആ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് ആ നിലയില്‍ സ്വീകരിക്കപ്പെട്ടില്ല എന്ന അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട ഏറ്റവും ശക്തവും ധീരവുമായ നടപടി തെരഞ്ഞെടുപ്പില്‍ അനുകൂലമായി പ്രതിഫലിച്ചിരുന്നുവെങ്കില്‍ യു.ഡി.എഫ് തന്നെ അധികാരത്തില്‍ തുടരുമായിരുന്നുവല്ലോ. ആ വസ്തുതയാണ് ചൂണ്ടിക്കാണിച്ചത്. അതു മദ്യനയത്തോടുള്ള എതിര്‍പ്പായി ദുര്‍വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ജനവിധിയും മദ്യനയവും തമ്മില്‍ കാര്യമായ ബന്ധമുണ്ടായില്ല എന്നാണു വ്യക്തമാക്കിയത്. മദ്യനയത്തെക്കുറിച്ചുള്ള ചര്‍ച്ച പാര്‍ട്ടിവേദിയില്‍ നടക്കുമ്പോള്‍ അഭിപ്രായം അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ പറഞ്ഞതില്‍ അവ്യക്തത ഉള്ളതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അതിനെ കോണ്‍ഗ്രസും യു.ഡി.എഫും അതിശക്തമായി എതിര്‍ക്കും. മദ്യനയം യു.ഡി.എഫിന് അനുകൂലമായി തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെട്ടില്ല എന്നു ഞാന്‍ പറഞ്ഞതിന് ബാറുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കണം എന്ന നിലയില്‍ വ്യാഖ്യാനിക്കുന്നതിന്റെ ലക്ഷ്യം എല്ലാവര്‍ക്കും മനസിലാകും. അങ്ങനെ ഒരുനിലപാട് തനിക്കോ പ്രതിപക്ഷത്തിനോ ഇല്ല. ബാര്‍ ലോബിയുമായി സി.പി.എം ഏര്‍പ്പെട്ട അവിശുദ്ധബന്ധത്തെക്കുറിച്ച് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. അതിനു കുട ചൂടാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."