ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
കെ.പി നൗഷാദ് അലി
നാളിതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയവും അതിന്റെ ഗതിവിഗതികളും പല അവിശ്വസനീയതകളും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ പാഠങ്ങള്‍ പഠിച്ച് മുന്നോട്ടുപോകാനുള്ള സൂചനകള്‍ സുലഭമാണ്. എന്നാല്‍, ലാഭമോഹാദികള്‍ തീര്‍ക്കുന്ന വ്യക്തിഗത സ്വാര്‍ഥതകള്‍ പലപ്പോഴും അപഭ്രംശങ്ങള്‍ തീര്‍ക്കുന്നു. നിങ്ങളെ അടക്കിഭരിക്കുന്ന ശത്രു നീണ്ടയാത്രയില്‍ ഒരുതവണപോലും ഭിന്നിച്ചില്ല. എന്നാല്‍, ഇരകളായ നിങ്ങള്‍ എത്രതവണ പിളര്‍ന്നെന്ന് ഈയിടെ നടന്ന ഒരു ന്യൂനപക്ഷ സംഘടനാ സമ്മേളനത്തില്‍ പ്രാസംഗികന്‍ സദസ്യരോട് ചോദിച്ചത് വലിയ പ്രതിധ്വനികള്‍ മുഴക്കുന്നുണ്ട്.
ഇന്ത്യയിലെ ബി.ജെ.പിയുടെ രാഷ്ട്രീയമുന്നേറ്റം വിലയിരുത്തുന്നവര്‍ ഭൂതകാലത്തിലെ പല വീഴ്ചകളെയും പഴിക്കാറുണ്ട്. സംഘ്പരിവാറിന്റെ ജനസംഘവും സോഷ്യലിസ്റ്റുകളും സംഘടനാ കോണ്‍ഗ്രസും ലയിച്ചുണ്ടായ ജനതാ പാര്‍ട്ടിയുടെ 1977ലെ വിജയവും ഭരണവും അതിലൊന്നാണ്. വിഘടിച്ചുപോയ ജനതാ പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്ന് 1989ല്‍ വീണ്ടും ഈ പരീക്ഷണം നടത്തി, ഭരണത്തിലേറുകയും ചെയ്തു. ഈ രണ്ടു സര്‍ക്കാരിനു പിന്നിലും സി.പി.എം ഉണ്ടായിരുന്നു. 1989ല്‍ 200 സീറ്റിനടുത്ത് നേടിയിട്ടും പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നടപടി തെറ്റായിരുന്നുവെന്ന് അഭിപ്രായമുള്ള നിരവധി പേര്‍ ഇന്നുമുണ്ട്. 1984ലെ 2ല്‍നിന്ന് 1989ല്‍ 85ല്‍ എത്തിയ ബി.ജെ.പിയുടെ മുന്നേറ്റം, തുടര്‍ന്ന് 120, 161, 182 എന്നിങ്ങനെ ആയിരുന്നു. ബി.ജെ.പിക്ക് വരംനല്‍കിയ ഇടതു സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ പില്‍ക്കാലത്ത് പിഴവ് തിരിച്ചറിയുമ്പോഴേക്കും വിധി മുന്നോട്ടുപോയിരുന്നു.
ഇന്ത്യയിലെ ന്യൂനപക്ഷ കേന്ദ്രീകൃതമെന്ന് ഗണിച്ചിരുന്ന പല സംസ്ഥാനങ്ങളും ബി.ജെ.പി തുടര്‍ച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അസം അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്. അസമില്‍ 40% മുസ്‌ലിംകള്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. 50%ത്തിനു മുകളില്‍ മുസ്‌ലിംകളുള്ള 11 ജില്ലകള്‍ അവിടെയുണ്ട്. സൗത്ത് സല്‍മാറയില്‍ ഇത് 95 ശതമാനത്തിനടുത്തു വരും. കണക്കുകള്‍ മുന്‍നിര്‍ത്തി ബി.ജെ.പി ഭരിക്കില്ലെന്നുറപ്പിച്ച സംസ്ഥാനമായിരുന്നു അസം. മുസ്‌ലിം പാര്‍ട്ടിയായ എ.യു.ഡി.എഫ് മുഖ്യ പ്രതിപക്ഷമായി മാറിയ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 5 സീറ്റുമായി അഞ്ചാമതായിരുന്നു. എന്നാല്‍, 2016ല്‍ 60 സീറ്റുമായി അവര്‍ ആദ്യമായി അധികാരത്തിലെത്തി. 2021ല്‍ ഭരണം നിലനിര്‍ത്തി. 1985-−89, 1996-−2001 കാലഘട്ടങ്ങളില്‍ അസം ഭരിച്ച അസം ഗണ പരിഷത്ത് (എ.ജി.പി) പിന്നീട് തുടര്‍ച്ചയായി പിളര്‍ന്ന് ദുര്‍ബലമായി. അവര്‍ ഉല്‍പാദിപ്പിച്ച കോണ്‍ഗ്രസ് വിരുദ്ധ പൊതുബോധം അതോടെ ബി.ജെ.പിയിലേക്ക് ചാഞ്ഞു. എ.ജി.പി ഇന്ന് ബി.ജെ.പിയുടെ ചെറുസഖ്യകക്ഷിയായി മാറി.
40% മുസ്‌ലിം വോട്ടുള്ള ഒരു സംസ്ഥാനം തീവ്രഹിന്ദുത്വയിലൂന്നി ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്നു. ഭാഷയുടെ പേരില്‍ നിയമസഭ പാസാക്കിയ നിയമംവഴി മുസ്‌ലിംകളെ തരംതിരിച്ചിരിക്കുകയാണ്. ഒരു കോടിയിലധികം വരുന്ന ബംഗാളി സംസാരിക്കുന്ന മുസ്‌ലിം വിഭാഗം കടുത്ത വിവേചനം അവിടെ നേരിടുന്നു. വീടും കുടിലും പൊളിച്ച് ആയിരക്കണക്കിനു ബംഗാളി മുസ്‌ലിം കുടുംബങ്ങളെ തെരുവിലിറക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു. 3.5 കോടി അസം ജനതയില്‍ 1.4 കോടി വരുന്ന ഒരു വിഭാഗമാണ് ഇതു നേരിടേണ്ടിവരുന്നത്. എ.ജി.പിയുടെ അപചയവും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ജാഗ്രതക്കുറവും അബദ്ധങ്ങളുമാണ് കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാക്കിയത്.
2011ലെ സെന്‍സസ് പ്രകാരം, പശ്ചിമബംഗാളിലെ 9.13 കോടി ജനങ്ങളില്‍ 2.47 കോടി പേര്‍ മുസ്‌ലിംകളാണ്. ഇത് 27 % ത്തിലധികം വരും. ബംഗാളിലെ 19 ജില്ലകളില്‍ മുര്‍ഷിദാബാദ്, മാള്‍ഡ, ഉത്തര ദിനജ്പൂര്‍ എന്നിവ മുസ്‌ലിം ഭൂരിപക്ഷമാണ്. 2006ലും 2011ലും അസംബ്ലിയില്‍ പൂജ്യം സീറ്റ് നേടിയ ബി.ജെ.പി 2016ല്‍ മൂന്നെണ്ണമാണ് കരസ്ഥമാക്കിയത്. 2019ലെ പാര്‍ലമെന്റില്‍ 42ല്‍ 18 നേടിയ ബി.ജെ.പി 2021ല്‍ 77 സീറ്റ് നേടി അസംബ്ലിയിലെ മുഖ്യ പ്രതിപക്ഷമായി മാറി. സി.പി.എമ്മിന്റെ സമ്പൂര്‍ണ തകര്‍ച്ച ഈ അഭൂതപൂര്‍വ മുന്നേറ്റത്തിനു കാരണമായി. സി.പി.എം വിരോധം മുന്‍നിര്‍ത്തി ഒന്നിലധികം തവണ മമത ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നിരുന്നു. ആറു വര്‍ഷങ്ങള്‍ക്കപ്പുറം ആരും പ്രതീക്ഷിക്കാത്ത പരിവേഷം ബി.ജെ.പിക്ക് കൈവന്നത് ബംഗാളില്‍ പലതും ചീഞ്ഞപ്പോള്‍ കൈവരിച്ച വളത്തിലൂടെയാണ്. കടുത്ത ന്യൂനപക്ഷ വിദ്വേഷത്തിലൂടെയും കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം വഴിയും സ്വാധീനം നിലനിര്‍ത്താന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ മുസ്‌ലിംകളില്‍ അരക്ഷിത ബോധമുണ്ടാക്കുന്നുണ്ട്.
ബംഗാളിനോളം മുസ്‌ലിം ജനസംഖ്യാനുപാതമുള്ള സംസ്ഥാനമാണ് കേരളം. പുതിയകാലത്തും വര്‍ഗീയവിഭജനം പൂര്‍ണമായി സാധ്യമാകാത്ത രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സജീവ ആര്‍.എസ്.എസ് സാന്നിധ്യമുള്ളപ്പോഴും കേരളം ബി.ജെ.പിക്ക് എത്തിപ്പിടിക്കാനാവാത്തത് മുന്നണി രാഷ്ട്രീയത്തിന്റെ കവചം ഭദ്രമായതിനാലാണ്. കേരളത്തില്‍ ഏതെങ്കിലും മുന്നണി നേടുന്ന സംസ്ഥാന തുടര്‍ഭരണങ്ങളും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളും മുന്നണിയിലെ പ്രധാന കക്ഷികള്‍ അകലാന്‍ പഴുതു തേടുന്നതിന്റെ ഊഹങ്ങളും ഏറ്റവും ആവേശം ജനിപ്പിക്കുന്നത് ബി.ജെ.പിയിലാണ്. അതുകൊണ്ടുതന്നെ മുന്നണി രാഷ്ട്രീയ സന്തുലിതത്വം നിലനിര്‍ത്തുന്നതിനു സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് ഒരു മതേതര ജനാധിപത്യ വിശ്വാസിയുടെ രാഷ്ട്രീയബാധ്യത കൂടിയായി മാറുകയാണ്. രാഷ്ട്രീയം എല്ലായ്‌പ്പോഴും രണ്ടാം അവസരത്തിന് ഇടമില്ലാത്ത രംഗമാണ്. നയങ്ങള്‍ വൈകാരികവും നിലപാടുകള്‍ സ്വാര്‍ഥവുമാകുമ്പോള്‍ ക്ഷണികമായ നേട്ടങ്ങള്‍ ഉണ്ടാവാം. എന്നാല്‍, അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരുംകാലം ഏറ്റുവാങ്ങേണ്ടിവരും.
പരസ്പര പോരാട്ടത്തിനിടയില്‍ പൊതുശത്രുവിന് ഇടമുണ്ടാക്കുന്ന പ്രവണതകള്‍ മുന്നണികളില്‍നിന്നും കക്ഷികളില്‍നിന്നും ഉണ്ടാകാതെ നോക്കേണ്ടതുണ്ട്. ഈ ബാധ്യത പരിണിതപ്രജ്ഞരായ നേതാക്കളാല്‍ സമ്പന്നമായ ന്യൂനപക്ഷ സംഘടനാ പരിസരങ്ങളില്‍നിന്ന് സമീപകാലത്ത് നിറവേറ്റി വരുന്നുണ്ട്. വരുംകാലത്തെ കൃത്യമായി അടയാളപ്പെടുത്തിയ ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍ക്ക് രാഷ്ട്രീയരംഗത്തും പഞ്ഞമുണ്ടായിട്ടില്ല. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എമ്മുണ്ടാവാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഡാങ്കെയും അദ്ദേഹത്തിന്റെ നിലപാടുകളുമായിരുന്നു. രാജ്യത്തെ വര്‍ഗീയശക്തികള്‍ക്കെതിരേ ഐക്യപ്പെടേണ്ടത് കോണ്‍ഗ്രസുമായിട്ടാണ് എന്ന എസ്.എ ഡാങ്കെയുടെ നിരീക്ഷണം സി.പി.എം നേതാക്കള്‍ക്ക് മനസിലാകാന്‍ അരനൂറ്റാണ്ട് വേണ്ടിവന്നു. ജനാധിപത്യത്തില്‍ നിര്‍ണായക ശക്തിയായി എണ്ണപ്പെരുപ്പം കൈവരിക്കുമ്പോഴും നിസ്സഹായമായി വിധിക്കു വഴങ്ങുന്ന അബദ്ധങ്ങളില്‍നിന്ന് എല്ലാകാലത്തും വഴിമാറി നടക്കാന്‍ കേരള മുസ്‌ലിം പരിസരത്തിനു കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."