തസ്‌കരവീരന്‍ സൂഫിയായ കഥ
സാദിഖ് ഫൈസി താനൂർ
സമര്‍ഖന്ദ് പ്രവിശ്യയിലെ കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ തലവനാണ് ഫുളൈലു ബിന്‍ ഇയാള്. അബിയോര്‍ദിനും സര്‍ഖസിനും ഇടയിലുള്ള മരുഭൂമിയില്‍ തമ്പുചെയ്തു വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിന്റെ ലീഡര്‍. അതുവഴി സഞ്ചരിക്കാന്‍ ഒരുവിധപ്പെട്ടവര്‍ക്കെല്ലാം ഭയമാണ്. അത്രയും ക്രൂരന്മാരായിരുന്നു ഫുളൈ്വലും കൂട്ടരും.
അപഥസഞ്ചാരത്തിനിടെ ഒരിക്കല്‍ അദ്ദേഹം ഒരു സുന്ദരിയെ കണ്ടുമുട്ടുകയും അവളില്‍ അനുരക്തനാവുകയും ചെയ്തു. പ്രണയം അസ്ഥിയ്ക്കു പിടിച്ച ഫുളൈലിന്റെ മുഖ്യശ്രദ്ധ പിന്നെ കാമുകിയായി. അവളെക്കുറിച്ചു ചിന്തയും അവളോടൊത്തുള്ള സല്ലാപത്തിലുമായി ജീവിതത്തിന്റെ അടുത്ത ഘട്ടം.
അങ്ങനെ ഒരു രാത്രി കാമുകിയുടെ വീട്ടിലേക്ക്, അവളോടൊത്ത് ശയിക്കാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. അവളുടെ വീടിനടുത്തെത്തിയപ്പോള്‍, ആ പാതിരാവില്‍ അദ്ദേഹം ഒരു ശബ്ദം കേട്ടു. തൊട്ടടുത്ത വീട്ടില്‍നിന്ന് ആരോ ഖുര്‍ആന്‍ ഓതുകയാണ്. ശ്രവണ സുന്ദരവും വശ്യമനോഹരവുമായ ശബ്ദം. അതില്‍ ഒരു വചനം ഫുളൈലിന്റെ കാതിലും ഖല്‍ബിലും ഒരുപോലെ തറച്ചു കയറി. "സ്വന്തം ഹൃദയങ്ങളെ ദൈവസ്മരണയിലേക്ക് തിരിച്ചുവിടാന്‍ വിശ്വാസികള്‍ക്ക് ഇനിയും സമയമായില്ലെയോ?...' സൂറത്തുല്‍ ഹദീദിന്റെ 16-ാം വചനം! കാരിരുമ്പിന്റെ മൂര്‍ച്ചയുള്ള ചോദ്യശരമായി അദ്ദേഹത്തിന്റെ മനസ്സില്‍ അതു തറച്ചു. ഒരു നിമിഷം ഫുളൈല്‍ സ്തംഭിച്ചു നിന്നു. ആ ഖുര്‍ആന്‍ വചനത്തിന്റെ അര്‍ത്ഥവ്യാപ്തിയെ കുറിച്ച് അദ്ദേഹം ചിന്തിച്ചു. കാമുകിയുടെ ശരീരത്തില്‍നിന്ന് തന്റെ മനസ്സിനെ അല്ലാഹുവിലേക്ക് തിരിച്ചുവിടാന്‍ സമയമായിരിക്കുന്നു എന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങി. കുറ്റബോധത്താല്‍ അദ്ദേഹം വിങ്ങിപ്പൊട്ടി. സ്രഷ്ടാവിനോട് പശ്ചാത്തപിച്ചു. ഫുളൈ്ല്‍ അവിടെ നിന്ന് അല്ലാഹുവിലേക്ക് യാത്ര തിരിച്ചു.
അന്നു രാത്രി ഫുളൈല്‍ വിശ്രമിക്കാനെത്തിയത് തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ ചാരത്ത്. അതിന്റെ മറുവശത്ത് ഒരു യാത്രാസംഘം തമ്പടിച്ചിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അവര്‍ വലിയ ചര്‍ച്ചയിലാണ്. രാത്രിതന്നെ സ്ഥലം വിടണമെന്ന് ഒരു കൂട്ടര്‍. രാത്രി പോവരുതെന്നും ഫുളൈലിന്റെ കൊള്ളസംഘം വഴിയില്‍ പതിയിരുന്നു നമ്മെ കവര്‍ച്ച ചെയ്യുമെന്നും മറുവിഭാഗം. ഇതു കേട്ടപ്പോള്‍ ഫുളൈ്വല്‍ ശാന്തനായി അങ്ങോട്ട് ചെന്നു. "നിങ്ങള്‍ പറയുന്ന ഫുളൈല്‍ ഞാനാണ്. എന്റെ എല്ലാ കുറ്റകൃത്യങ്ങളും ഇന്നത്തോടെ ഞാന്‍ അവസാനിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് സുരക്ഷിതമായി പോവാം. ഞാനുമുണ്ട് അല്ലാഹുവിലേക്കുള്ള ഒരു യാത്രികനായി നിങ്ങളോടൊപ്പം....'
അങ്ങനെ ഫുളൈല്‍ അല്ലാഹുവിലേക്ക് സഞ്ചരിച്ചു. വലിയ സൂഫിയായി. പണ്ഡിതനായി. എക്കാലത്തുമുള്ള സൂഫീ ഗുരുക്കന്മാരുടെ മഹാഗുരുവായി. ഇമാം ശാഫിഈ, സുഫ്യാനു സൗരി, ഇബ്‌നു മുബാറക് തുടങ്ങിയ ഇമാമുകളുടെ ഉസ്താദായി. ഹാറൂന്‍ റശീദിനെ പോലുള്ള ചക്രവര്‍ത്തിമാര്‍ വന്നു ഉപദേശം സ്വീകരിക്കുന്ന മഹാ ദര്‍ബാറിന്റെ ഉടമയായി. ആബിദുല്‍ ഹറമൈന്‍ എന്ന അപരനാമത്താല്‍ അറിയപ്പെട്ട മഹാത്മാവായി. അങ്ങനെ എ.ഡി 726ല്‍ സമര്‍ഖന്ദില്‍ വിരിഞ്ഞ ആ സുവര്‍ണ താരകം 803 ല്‍ മക്കയില്‍ അസ്തമിച്ചു. ജന്നത്തുല്‍ മുഅല്ലയിലാണ് ഖബര്‍.
(അല്‍ബിദായ 10/215, ദഹബി,
താരീഖുല്‍ ഇസ് ലാം 12/334,)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."