വടകരയില്‍ നിന്ന് കാണാതായ ലോറി കര്‍ണാടകയില്‍ കണ്ടെത്തി; കവര്‍ച്ച നടത്തിയ സംഘം പിടിയില്‍
വടകര: പത്തുദിവസം മുന്‍പ് വടകരയില്‍ നിന്നു കാണാതായ ടിപ്പര്‍ ലോറി കര്‍ണാടകയില്‍ കണ്ടെത്തി. ലോറി മോഷ്ടിച്ചത് അന്തര്‍സംസ്ഥാന മോഷണ സംഘമാണെന്നു വ്യക്തമായി. ഈ ലോറിയടക്കം സംഘം കവര്‍ച്ചചെയ്ത വേറെയും വാഹനങ്ങള്‍ കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നു കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മലയാളികളടക്കമുള്ള മോഷണ സംഘത്തെ കര്‍ണാടക പൊലിസ് പിടികൂടി.
വടകര പുതുപ്പണം പാലോളിപ്പാലം തെക്കേ കൊയിലോത്ത് രാജീവന്റെ കെ.എല്‍ 18 ജി 3329 നമ്പര്‍ ടിപ്പര്‍ ലോറിയാണ് ഈ മാസം നാലിനു രാത്രി മോഷണം പോയത്. വീടിനു സമീപം ദേശീയപാതക്കരികില്‍ നിര്‍ത്തിയ ലോറി കാണാതായ വിവരം പിറ്റേന്നു രാവിലെയാണ് അറിയുന്നത്. തുടര്‍ന്ന് വടകര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ഇതിനിടയിലാണ് മടിക്കേരി പൊലിസ് കാര്‍ മോഷണ സംഘത്തെ പിടികൂടിയതും ചോദ്യം ചെയ്യലില്‍ വടകരയിലെ ലോറി മോഷ്ടിച്ച കാര്യം ഇവര്‍ വെളിപ്പെടുത്തിയതും. അഞ്ചുലക്ഷം രൂപയിലേറെ വിലയുള്ള ടിപ്പര്‍ ലോറി കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയിലെ മണല്‍ക്കടത്ത് മാഫിയക്ക് 60,000 രൂപയ്ക്കാണു സംഘം വില്‍പന നടത്തിയത്.
വാഹനം മോഷ്ടിക്കുകയും കിട്ടുന്ന വിലയ്ക്കു വില്‍ക്കുകയും പണം തീര്‍ന്നാല്‍ അടുത്ത വാഹനം കവര്‍ച്ച ചെയ്യുകയുമാണു സംഘത്തിന്റെ രീതി. കഴിഞ്ഞ ദിവസം മടിക്കേരി കുശാല്‍നഗറിലെ മരവ്യവസായിയുടെ വീട്ടില്‍ നിന്ന് കാര്‍ മോഷ്ടിച്ചത് ഈ സംഘമായിരുന്നു. കാര്‍ കൊണ്ടുപോകുന്നതു കണ്ടവര്‍ അറിയിച്ചതനുസരിച്ചു മോഷ്ടാക്കളെ ഉടന്‍ പൊലിസിനു പിടികൂടാനായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണു മറ്റു കളവുകളെ കുറിച്ച് അറിയുന്നത്.
വടകരയ്ക്കു പുറമെ കോഴിക്കോട്ടു നിന്ന് 15 ലക്ഷം രൂപ വിലയുള്ള ലോറിയും കൂത്തുപറമ്പില്‍ നിന്ന് ഓട്ടോറിക്ഷയും ഉള്‍പെടെ 15ഓളം വാഹനങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സംഘം മോഷ്ടിച്ചിട്ടുണ്ട്. വടകരയില്‍ നിന്നു കവര്‍ന്ന ടിപ്പര്‍ ലോറി മംഗളൂരുവില്‍ നിന്ന് കാസര്‍ക്കോട്ടേക്കു മണല്‍ കടത്തുന്നവര്‍ക്കാണു മറിച്ചുവിറ്റത്. യാതൊരു രേഖയുമില്ലാത്ത ഇത്തരം വാഹനങ്ങളാണു മണല്‍കടത്തു സംഘങ്ങള്‍ ഉപയോഗിക്കുന്നത്.
ടിപ്പര്‍ ലോറി പിടികൂടിയ കാര്യം മടിക്കേരി പൊലിസ് വടകര പൊലിസിനെ അറിയിച്ചിട്ടുണ്ട്. ലോറി ഉടമയും ഡ്രൈവറും പൊലിസിനോടൊപ്പം മടിക്കേരിയിലെത്തി വാഹനം തിരിച്ചറിഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടമയ്ക്കു ലോറി തിരികെ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."