സര്‍ക്കാരിനോട് മുട്ടാന്‍ നില്‍ക്കേണ്ടെന്ന് കശുവണ്ടി ഫാക്ടറി ഉടമകളോട് മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനോട് മുട്ടാന്‍ നില്‍ക്കേണ്ടെന്നു വന്‍കിട സ്വകാര്യ കശുവണ്ടിഫാക്ടറി ഉടമകളോട് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.
സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ ഓണത്തിനുമുന്‍പ് തുറക്കുമെന്നാണു പ്രതീക്ഷയെന്നും അല്ലാത്തപക്ഷം സര്‍ക്കാരിന് ഇടപെടേണ്ടിവരുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എണ്ണൂറോളം സ്വകാര്യ ഫാക്ടറികളില്‍ 325 എണ്ണം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട ഫാക്ടറി ഉടമകള്‍ക്ക് അവരുടെ ബാങ്ക് വായ്പ റീ-ഷെഡ്യൂള്‍ ചെയ്യുന്നതിനും പുതുക്കി നല്‍കുന്നതിനും ദേശസാല്‍കൃത ബാങ്കുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇറക്കുമതി നികുതിയാണ് ചെറുകിട സ്വകാര്യ ഉടമകളെ വലയ്ക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനത്തു കാഷ്യൂബോര്‍ഡ് സ്ഥാപിക്കുന്നതിനു കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിക്കു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കാഷ്യൂ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രമോഷന്‍ കൗണ്‍സിലാണ് എതിര് നിന്നതെന്നു മന്ത്രി പറഞ്ഞു. കശുവണ്ടിയുടെ കരാറെടുത്തവര്‍ കാപെക്‌സിനും തോട്ടണ്ടി നല്‍കാന്‍ ബാധ്യസ്ഥരാണ്. അവര്‍ അക്കാര്യത്തില്‍ മാന്യത കാണിക്കുമെന്നാണ് കരുതുന്നത്. ഓണത്തിനു 15 കോടി രൂപ ബോണസ് നല്‍കുന്നതിനു വേണ്ടിവരും. ഓണം കഴിഞ്ഞു കാഷ്യുകോര്‍പറേഷനില്‍ പുതിയ തൊഴിലാളികളെ നിയമിക്കുമെന്നും പുതിയ ചെയര്‍മാന്‍ ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി കശുവണ്ടിവികസന കോര്‍പറേഷന്റെ 30 ഫാക്ടറികളും തുറന്നു. ലാഭമുണ്ടാക്കിയില്ലെങ്കിലും കോര്‍പറേഷന്‍ നല്ലനിലയില്‍ കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ എം.ഡി ടി.എഫ് സേവ്യര്‍, കാപെക്‌സ് എം.ഡി ആര്‍. രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."