വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി പുരോഗതി കൈവരിക്കണം
കാസര്‍കോട്: ജില്ലയുടെ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പുരോഗതി കൈവരിക്കണമെന്നു നിര്‍ദേശം. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയചര്‍ച്ചയിലാണ് ജില്ലയിലെ വികസനം സംബന്ധിച്ചു നിര്‍ദേശമുണ്ടായത്.
തരിശു നിലങ്ങളില്‍ കൃഷി ചെയ്യുന്നതിനുള്ള പദ്ധതികള്‍, മൃഗ സംരക്ഷണ മേഖലയില്‍ കാസര്‍കോട് കുള്ളന്‍ പശുക്കളുടെ സംരക്ഷണത്തിനുള്ള നടപടികള്‍, ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതികള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, ജലസേചന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ഫിഷറിസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, വിനോദ സഞ്ചാര വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ യോഗത്തില്‍ വിശദീകരിച്ചു.
അതിവേഗ റെയില്‍പ്പാത കാസര്‍കോട്ടേക്കു നീട്ടണമെന്നും ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയുടെ മുന്‍ഗണനാ പട്ടിക അദ്ദേഹം അവതരിപ്പിച്ചു. വിവിധ വികസന ആവശ്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഭൂമി ലഭ്യമാണെന്നതു ജില്ലയുടെ നേട്ടമാണെന്നും ജില്ലയുടെ പ്രകൃതിഭംഗി വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണെന്നും കലക്ടര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പുഴകളുള്ള ജില്ലയില്‍ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നവീന പദ്ധതികള്‍ക്കു സാധ്യതയുണ്ട്. നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും സാധിക്കും. വ്യവസായ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കാനാകും. ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമഗ്രപുനരധിവാസഗ്രാമം സ്ഥാപിക്കുന്നതിനുമുള്ള നടപടികളും ചര്‍ച്ചചെയ്തു.
ജില്ലയുടെ നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നതിനും ആവശ്യങ്ങള്‍ അറിയുന്നതിനുമായാണു സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ജില്ലയിലെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും ചര്‍ച്ചയില്‍ പങ്കെടുത്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എന്‍ സുരേഷ് സ്വാഗതവും ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സാബു മാത്യൂസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."