"തവക്കൽന"യിൽ ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം? ഹുറൂബ് കാർക്ക് പറ്റുമോ? അറിയാം
റിയാദ്: ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന "തവക്കൽന"യിൽ രജിസ്റ്റർ ചെയ്യാനാകുന്നവർ ആരൊക്കയെന്നു വ്യക്തമാക്കി തവക്കൽന അഡ്മിനിട്രേഷൻ. നിലവിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും തൊഴിലുടമകൾ ഹുറൂബ് ആക്കിയവർക്കും രജിസ്റ്റർ ചെയ്യാനാകുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഏതാനും വിദേശികൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. അതേസമയം, ഫൈനൽ എക്സിറ് നേടിയവർക്ക് തവക്കൽനയിൽ രജിസ്ട്രേഷൻ സാധ്യമല്ല.
നിലവിൽ രാജ്യത്തെ സർക്കാർ ഓഫീസുകളിലും മാളുകൾ, സ്ഥാപനങ്ങൾ പോലെയുള്ള പൊതു ഇടങ്ങളിലും പ്രവേശിക്കണമെങ്കിൽ "തവക്കൽന"യിൽ രജിസ്റ്റർ ചെയ്യുകയും ആരോഗ്യ സ്ഥിതി ഗ്രീൻ ആയിരിക്കുകയും വേണം. ചില സ്ഥലങ്ങളിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ "തവക്കൽന"യോടൊപ്പമുള്ള "തബാഉദ്" ആപ്പും ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കുന്നുണ്ട്. എന്നാൽ, സഊദി അധികൃതർ ഔദ്യോഗികമായി "തവക്കൽന" മാത്രമാണ് ഇപ്പോൾ നിര്‍ബന്ധമാക്കിയിട്ടുള്ളത്. വൈറസ് ബാധിച്ചവരെ നോട്ടിഫിക്കേഷൻ ആയി ലഭിക്കാവുന്നതും തങ്ങളുടെ സ്റ്റാറ്റസ് മറ്റുള്ളവരെ അറിയിക്കാൻ സാധിക്കുന്നതുമായ "തബാഉദ്" വേണമെങ്കിൽ ഇൻസ്റ്റാൾ ചെയ്താൽ മതിയെന്നാണ് നിർദേശം.
ഇതിനകം 1.7 ആളുകളാണ് തവക്കൽന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരിക്കുന്നത്. കൊവിഡ് സഊദിയിൽ വ്യാപകമായ ആദ്യ ഘട്ടത്തിൽ തന്നെ ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നുവെങ്കിലും അടുത്ത കാലത്തായി ഇത് നിര്‍ബന്ധമാക്കിയതോടെയാണ് കൂടുതൽ ആളുകൾ ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയത്. ആരോഗ്യ സ്ഥിതിക്ക് പുറമെ ഇഖാമ, ഇസ്തിമാറ, ലൈസൻസ് തുടങ്ങിയവയുടെ ഡിജിറ്റൽ രൂപവും ഇപ്പോൾ "തവക്കൽന" ആപ്പിൽ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."