സഊദി മൾട്ടിപ്പിൾ സന്ദർശന വിസ പുതുക്കൽ പുനഃരാരംഭിച്ചു, പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി
റിയാദ്: മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കുന്നതിനുള്ള പ്രശ്നം പരിഹരിച്ചു. അബ്ഷിർ സംവിധാനത്തിൽ അപ്ഡേറ്റ് സമയത്ത് വന്ന പിഴവ് മൂലമാണ് മൾട്ടിപ്പിൾ വിസ പുതുക്കുന്നത് തടസപ്പെട്ടിരുന്നതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രിയോടെ വീണ്ടും മൾട്ടിപ്പിൾ വിസ പഴയത് പോലെ പുതുക്കിതുടങ്ങിയതോടെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമായി.
കഴിഞ്ഞ ദിവസം മുതലാണ് മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കാൻ പറ്റാതെ വന്നത്. സിംഗിൾ എൻട്രി വിസ മാത്രമേ പുതുക്കാൻ സാധിക്കൂവെന്ന് വിസ പുതുക്കൽ മാനദണ്ഡത്തിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മൾട്ടിപ്പിൾ വിസക്കാർക്ക് ഇനി മൂന്ന് മാസം കഴിഞ്ഞാൽ സഊദിക്ക് പുറത്തേക്ക് പോകണമെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഇതിന് ബദൽ മാർഗ്ഗം എന്ന നിലക്ക് അബ്ഷിർ സംവിധാനത്തിലെ തവാസ്സുൽ സംവിധാനം വഴിയും ജവാസാത്തിൽ നേരിട്ടും പുതുക്കാൻ സാധിച്ചിരുന്നു. പക്ഷെ, തവാസുൽ സംവിധാനം വഴി 14 ദിവസം മാത്രമേ കിട്ടിയിരുന്നുള്ളൂ എന്നതും ഇതിനിടെ ജവാസാത്തിൽ നേരിട്ട് പോയവരുടേത് പുതുക്കുന്നത് നിർത്തി വെച്ചതും വീണ്ടും നിരാശ നൽകുന്നതായിരുന്നു.
എന്നാൽ, ജവാസാത്തിൽ നേരിട്ട സാങ്കേതിക തടസത്തെ തുടർന്ന് മുടങ്ങിയതാണ് മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കുന്നതുമായ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നേരത്തെ ഉൾപ്പെടുത്തിയിരുന്ന സിംഗിൾ എൻട്രി വിസ മാത്രമേ പുതുക്കാൻ പറ്റൂ എന്നത് പുതുക്കൽ മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."