കരുനാഗപ്പള്ളി ലഹരിക്കടത്ത്: സി.പി.എം നേതാവും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാല പിടിച്ച സംഭവത്തില്‍ ആലപ്പുഴയിലെ സി.പി.എം നേതാവ് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. കേസിലെ പ്രതി ഇജാസുമൊത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
കേസിലെ പ്രതി ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരിപാടിയില്‍ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ സി.പി.എം നേതാവിന്റെ വാഹനം പൊലിസ് പിടിച്ചെടുത്തത്. ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചത്. വാഹനം മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കിയിരിക്കുകയാണ് എന്നാണ് ഷാനവാസിന്റെ വിശദീകരണം.
പച്ചക്കറികള്‍ക്കൊപ്പം രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലിസ് പിടികൂടിയത്. കെ.എല്‍ 04 എ.ഡി 1973 എന്ന നമ്പറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. കര്‍ണാടകയില്‍നിന്നാണ് പാന്‍മസാലകള്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."