ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ കൈക്കൂലി വാങ്ങി; അഡ്വ. സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തലുമായി വിജിലന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മ്മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തി. ഒരു ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. അഭിഭാഷകനെതിരെ അഡ്വക്കെറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് നിര്‍ദ്ദേശിച്ചു. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്.
എറണാകുളം സൗത്ത് പൊലിസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി.
സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകള്‍ ഉണ്ടെന്നും സൈബിയുടെ കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ജഡ്ജിമാരുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്നും അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശിപാര്‍ശ ചെയ്യാമെന്ന് ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗം മുന്നോട്ട് വെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."