കാന്റീനും ശുചിമുറിയും<br>കടന്ന ജാതിവെറി
'എന്റെ പിറവിയാണ്, ഞാന്‍ നേരിട്ട അപകടം' എന്ന് കുറിപ്പെഴുതി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ രോഹിത് വെമുലയുടെ രക്തസാക്ഷിത്വം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ജാതി വിവേചനത്തെ തുടച്ചുനീക്കുമെന്ന് സ്വപ്‌നം കണ്ടവരാണ് നമ്മള്‍. എന്നാല്‍, ഉന്നത കലാലയ കാംപസുകളില്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വിധത്തില്‍ ജാതിമതില്‍ തീര്‍ത്തിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് പി.യു.സി.എല്‍ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഐ.ഐ.ടി അടക്കമുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളുടെ ആത്മാഭിമാനവും ജീവിതവും നശിപ്പിക്കുന്ന വിധം ജാതി വിവേചനം വേരൂന്നിയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണ്. ബോംബെ ഐ.ഐ.ടിയിലെ ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ മഹാരാഷ്ട്രാ യൂനിറ്റ് ഈ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.
2014നും 2021നുമിടയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്ത 122 വിദ്യാര്‍ഥികളില്‍ 68 ശതമാനവും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ജാതി വിവേചനം നേരിടുന്നത് പിന്നോക്ക വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തും. ജാതി വെളിപ്പെട്ടാല്‍ പിന്നീട് ഒറ്റപ്പെടുത്തുന്ന അവസ്ഥയാണുണ്ടാകുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിലും തീന്‍മേശ, ശുചിമുറി തുടങ്ങിയിടങ്ങളിലും വിവേചനം നേരിടുന്നു. സംവരണം നേടിയവര്‍ ഒന്നിനും കൊള്ളില്ലെന്നും അവര്‍ രാജ്യത്തിന് ഭാരമാണെന്നും പരസ്യനിലപാട് ചില അധ്യാപകരും പ്രകടിപ്പിക്കുന്നു. വിവേചനം തടയാനും മറ്റുമായുള്ള പട്ടിക ജാതി-വര്‍ഗ കമ്മിഷനുകള്‍ പേരിനുമാത്രമാണെന്നും പരാതികള്‍ പിന്‍വലിപ്പിക്കുന്ന അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ദലിത്-പിന്നോക്കക്കാരെ സംബന്ധിച്ചു ഒട്ടും ആശാവഹമല്ല പുറത്തു വന്നുകൊണ്ടിരിക്കുന്ന ഇത്തരം വാര്‍ത്തകളും റിപ്പോര്‍ട്ടുകളും. ജാതീയത വ്യവസ്ഥാപിതമായി വേരൂന്നിയതിന്റെ ലക്ഷണങ്ങളായിട്ട് ഇതിനെയൊക്കെ പരിഗണിച്ച് തിരുത്തല്‍ പ്രക്രിയകളിലേക്ക് നീങ്ങാന്‍ ഇനിയും വൈകികൂടാ. അതിന് ഭരണകൂടത്തെ കൊണ്ട് പ്രേരിപ്പിക്കാന്‍ മതേതര ശക്തികളുടെ ഇടപെടലുകളാണ് വേണ്ടത്. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ കഥയല്ല പാതിവഴിയില്‍ പഠനവും ജീവിതവും അവസാനിപ്പിക്കുന്ന ദലിത്-പിന്നോക്ക വിദ്യാര്‍ഥികളുടേത്. എന്നിട്ടും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തുടരുന്ന നിസംഗതയും ഒത്താശയയുമാണ് ആശ്ചര്യകരം.
ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി രോഹിത് വെമുലക്ക് ജീവനൊടുക്കേണ്ടി വന്നത് ക്ലാസ് മുറികളിലും ലൈബ്രറിയിലും കാന്റീനിലും സൗഹൃദങ്ങളിലുമെല്ലാം മറനീക്കിയ ജാതിവെറിയെ തുടര്‍ന്നായിരുന്നു. മരണമുയര്‍ത്തിയ വിവാദത്തേയും പ്രക്ഷോഭത്തേയും നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ഉന്നത സര്‍വകലാശാലാ വി.സിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് ദലിത്-പിന്നോക്ക പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ട് എന്തു ഫലമുണ്ടായെന്ന പരിശോധന ആരുടെ ഭാഗത്തുനിന്നെങ്കിലും പിന്നീട് ഉണ്ടായോ? രോഹിതിന് പിന്നാലെ ജീവനൊടുക്കിയ ദലിത്-പിന്നോക്ക വിദ്യാര്‍ഥികളുടെ എണ്ണം ചെറുതല്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം മൂന്നു ദലിത് വിദ്യാര്‍ഥികളാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ആത്മാഹുതി ചെയ്ത പട്ടികയില്‍ ഇടംപിടിച്ചത്. അതില്‍ ഒരാളാണ് ബോംബെ ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ചാടി മരിച്ച ദര്‍ശന്‍ സോളങ്കി. ദര്‍ശന്‍ സോളങ്കിയുടെ മരണത്തിലും പഠന സമ്മര്‍ദമെന്ന പതിവ് പല്ലവി തന്നെയാണ് പൊലിസും സര്‍വകലാശാല അധികൃതരും നിരത്താന്‍ ശ്രമിച്ചത്. എന്നാല്‍, പിന്നോക്ക ജാതിക്കാര്‍ക്കു മാത്രം കാംപസുകളില്‍ നേരിടേണ്ടി വരുന്ന ഈ 'സമ്മര്‍ദമല്ല' ആത്മാഹുതിക്ക് കാരണമെന്ന് പി.യു.സി.എല്ലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കടുത്ത ജാതി വിവേചനം നേരിട്ടതായി ഇളയ സഹോദരിയേയും ബന്ധുവിനേയും ദര്‍ശന്‍ സോളങ്കി അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്.
കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ആര്‍.എസ്.എസും ബി.ജെ.പിയും നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ രൂക്ഷമായിരിക്കുന്ന ജാതി മേല്‍ക്കോയ്മയുടേയും വരേണ്യവര്‍ഗ ചിന്താഗതിയുടേയും പകര്‍പ്പ് തന്നെയാണ് കാംപസുകളിലും നട്ടുനനച്ചു വളര്‍ത്തികൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. ദലിത്- പിന്നോക്ക വിദ്യാര്‍ഥികളെ മാനസികമായി തല്ലിക്കെടുത്തുന്ന ജാതി വിവേചനം കാന്റീനിലും ശുചിമുറിയിലും അവസാനിക്കാതെ ക്ലാസ് മുറികളും ഗവേഷണ പ്രബന്ധത്തിന്റെ താളുകളും കടന്നു മുന്നേറുമ്പോള്‍ ഒരു തലമുറയും സമൂഹവുമാണ് വീണ്ടും ഇരുട്ടിലേക്ക് നീങ്ങുക. ദലിത് വിദ്യാഭ്യാസത്തിനും സമത്വത്തിനുമായി പോരാടിയ മഹാനായ അംബേദ്കറിന്റെ ആശയങ്ങളുടെയും കാഴ്ചപ്പാടിന്റെയും കടക്കല്‍ കത്തിവയ്ക്കുകയാണ് ജാതീയതയുടെ വക്താക്കള്‍ ചെയ്യുന്നതും.
ദലിത്-പിന്നോക്ക മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് ധാരാളം വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിനും ഗവേഷണത്തിനുമെല്ലാമായി ഇപ്പോള്‍ എത്തുന്നുണ്ട്. ഇവരെ പഠനമേഖലകളില്‍ നിന്നും അകറ്റിനിര്‍ത്താനുള്ള ആസൂത്രിതമായ നീക്കങ്ങളായിട്ട് വേണം ആര്‍.എസ്.എസ് അനുകൂല ഭരണകൂടങ്ങള്‍ കൊണ്ടുവരുന്ന നിരോധനങ്ങളേയും നിയന്ത്രണങ്ങളേയും വിലയിരുത്താന്‍. കര്‍ണാടകയില്‍ തുടങ്ങിയ കോളജ് കാംപസുകളിലെ ഹിജാബ് നിരോധനം ബി.ജെ.പി ഭരണത്തിലുള്ള മറ്റു സംസ്ഥാന സര്‍ക്കാരുകളേയും ആകര്‍ഷകമാക്കുന്നത് ഇതിന്റെ പേരില്‍ പഠനവും പരീക്ഷയും തടസപ്പെടുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണത്തിന്റെ കണക്കിലാണ്. കോടതിയില്‍ നിയമയുദ്ധത്തിലുള്ള ഹിജാബ് വിഷയം രാജ്യത്തെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പടര്‍ന്നത് കേവലം നിയമത്തിനപ്പുറം ഇതിനു പിന്നിലെ രാഷ്ട്രീയ അജൻഡകൂടിയാണെന്ന് വ്യക്തമാണ്. ആ അജൻഡയാണ് ദലിത്- പിന്നോക്ക വിദ്യാര്‍ഥി രഹിതമായ കാംപസ് എന്ന വരേണ്യവര്‍ഗത്തിന്റെ ആശയം. ഇതിനുള്ള പദ്ധതികളാണ് ഓരോ കാംപസിലും അനുയോജ്യമായത് തെരഞ്ഞെടുത്ത് നടപ്പിലാക്കുന്നതും. പൗരത്വ പ്രക്ഷോഭമാകട്ടെ, യു.എ.പി.എ വിരുദ്ധ സമരമാകട്ടെ ഒരു വിഭാഗം വിദ്യാര്‍ഥികളെ ഏറെകാലം കലാലയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള എല്ലാ ഉപകരണങ്ങളും സമര്‍ഥമായി ഉപയോഗിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജെ.എന്‍.യുവില്‍ പ്രതിഷേധിച്ചാല്‍ വരെ പിഴയൊടുക്കാനുള്ള തീരുമാനം എടുത്തയുടനെ പിന്‍വലിച്ചുവെങ്കിലും കാണാചരടില്‍ കോര്‍ത്ത കരിനിയമങ്ങള്‍ വിദ്യാര്‍ഥികളുടെ തലയ്ക്കു മുകളില്‍ തന്നെയുണ്ട്. ഇതെല്ലാം ലക്ഷ്യം വയ്ക്കുന്നത് ഒരു വിഭാഗം വിദ്യാര്‍ഥികളെയാണെന്നത് ഇനിയും കാണാതിരുന്നുകൂട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."