കെ.എസ്.ആർ.ടി.സി ; സമരത്തിൽനിന്ന് തൽക്കാലം പിന്മാറി സി.ഐ.ടി.യു
തീരുമാനം മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം
തിരുവനന്തപുരം • കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച സമരത്തിൽനിന്ന് തൽക്കാലം പിന്മാറി സി.ഐ.ടി.യു. സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പിൻമാറ്റം.
18ന് വീണ്ടും ചർച്ച നടത്തും. ഇതിനു ശേഷം സമര പരിപാടികൾ തീരുമാനിക്കും. എന്നാൽ ടി.ഡി.എഫ്, ബി.എം.എസ് യൂനിയനുകൾ സംയുക്ത സമരത്തെക്കുറിച്ച് ആലോചിക്കുന്നതായി മാനേജ്മെന്റിനു കത്ത് നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകുന്നതിനെതിരേ ശക്തമായ നിലപാടാണ് ചർച്ചയിലും സി.ഐ.ടി.യുവിന്റെ സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ സ്വീകരിച്ചത്. കോർപറേഷന്റെ ധനപ്രതിസന്ധിയിലൂന്നിയാണ് ഗതാഗത മന്ത്രി സംസാരിച്ചത്. ശമ്പളം മുഴുവൻ ആദ്യഘട്ടത്തിൽ നൽകുന്നതിനുള്ള വരുമാനം നിലവിൽ കമ്പനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഈ മാസത്തെ പകുതി ശമ്പളം ആദ്യ ഗഡുവായി നൽകിയത്. ഇതുതന്നെ ജനുവരി മാസത്തെ സർക്കാർ സഹായം ലഭിച്ച ശേഷമാണ് നൽകാനായത്. അതിനാൽ ശമ്പള വിതരണ സംവിധാനത്തോട് സഹകരിക്കണമെന്ന് മന്ത്രി സി.ഐ.ടി.യുവിനോട് അഭ്യർഥിച്ചു.
ഇക്കാര്യത്തിൽ എന്തു വേണമെന്ന് 18നു നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. 14, 15 തീയതികളിൽ കെ.എസ്.ആർ.ടി.സി. ഇ.എ യോഗം ചേർന്ന് സമരപരിപാടികൾ ചർച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."