ചോദ്യപേപ്പർ വിവാദം പരീക്ഷാ കൺട്രോളർ രാജിവയ്ക്കില്ല
സ്വന്തം ലേഖകൻ
കണ്ണൂർ
ബിരുദ പരീക്ഷാ ചോദ്യപേപ്പർ ആവർത്തിച്ചതടക്കം കണ്ണൂർ സർവകലാശാലാ പരീക്ഷാവിഭാഗത്തിലുണ്ടായ ഗുരുതര പിഴവുകളുടെ പേരിൽ പരീക്ഷാ കൺട്രോളർ രാജിവയ്ക്കേണ്ടതില്ലെന്ന് തീരുമാനം. വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരീക്ഷാ കൺട്രോളർ പി.ജെ വിൻസെന്റ് രാജിവയ്ക്കുമെന്ന വാർത്ത സർവകലാശാലാ അധികൃതർ തള്ളി.
പരീക്ഷാ നടത്തിപ്പിലെ വീഴ്ച അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് വന്നതിനുശേഷം മതി രാജിയടക്കമുള്ള കാര്യങ്ങൾ എന്നും ഇതുസംബന്ധിച്ച് വി.സിയുടെ നേതൃത്വത്തിൽ ഇന്നലെ സർവകലാശാലയിൽ ചേർന്ന യോഗം തീരുമാനിച്ചു. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യപേപ്പർ ആവർത്തിച്ചതിന്റെ ഉത്തരവാദിത്വം സർവകലാശാല ഏറ്റെടുത്തേ മതിയാവൂ എന്ന് ചാൻസലറായ ഗവർണർ കർശന നിലപാടെടുത്തിരുന്നു. തുടർച്ചയായി ഇത്തരത്തിൽ മൂന്ന് പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ ചൂണ്ടിക്കാട്ടി എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ കഴിഞ്ഞദിവസം സർവകലാശാലാ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിദ്യാർത്ഥിസമരം ശക്തമായതിനെ തുടർന്ന്, ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംഭവത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഇന്നു മുതലാണ് അന്വേഷണ കമ്മിഷൻ പ്രവർത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."