ഛേത്രിക്ക് ചരിത്ര ഗോൾ; അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ വേട്ടക്കാരിൽ ആദ്യ അഞ്ചിൽ ഇനി ഇന്ത്യൻ നായകനും
ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യക്ക് ഇരട്ടി മധുരം. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി. 85 ഗോൾ നേടി ഇതിഹാസ താരം ഫെറങ്ക് പുഷ്കാസിനെ മറികടന്നാണ് ഛേത്രി അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
122 ഗോളുകളോടെ പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോൾ വേട്ടക്കാരിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. ഇറാന്റെ അലി ദേയി 109 ഗോളുകളുമായി രണ്ടാം സ്ഥാനത്തും, അര്‍ജന്റീനൻ ഇതിഹാസം ലയണല്‍ മെസി 99 ഗോളുകളുമായി മൂന്നാം സ്ഥാനത്തുമാണ്. 89 ഗോളുകൾ നേടിയ മലേഷ്യയുടെ മുഖ്താര്‍ ദഹരിയാണ് ഛേത്രിക്ക് തൊട്ടുമുൻപിൽ ഉള്ളത്.
കിര്‍ഗിസ്ഥാനെതിരായ ത്രിരാഷ്ട്ര പോരാട്ടത്തിലെ മത്സരത്തിന്റെ 84ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റി ഗോളാണ് ഛേത്രിയെ ആദ്യ അഞ്ചിൽ എത്തിച്ച് ചരിത്രം കുറിച്ചത്. 85 ഗോളുകൾ നേടിയ താരത്തിന് അഞ്ച് ഗോളുകൾക്കപ്പുറം നാലാം സ്ഥാനമാണ് ഇനിയുള്ള ലക്ഷ്യം. അതിനപ്പുറത്തേക്ക് കടന്നാൽ പിന്നീടുള്ള പോരാട്ടം സാക്ഷാൽ മെസിയുമായിട്ടാകും. അതിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.
അതേസമയം, ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. കിര്‍ഗിസ്ഥാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് പുറമെ പ്രതിരോധ താരം സന്ദേശ് ജിങ്കാനും ഇന്ത്യക്കായി വല ചലിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."