HOME
DETAILS
MAL
സതീശന്‍ മുന്നോട്ടുതന്നെ
backup
May 24 2021 | 19:05 PM
പ്രതിപക്ഷ നേതാവായി ഇനി വി.ഡി സതീശന്‍. പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് ഇതു നാലാം തവണയാണ് സതീശന്‍ തെരഞ്ഞെടുക്കപ്പെടുന്നത്, സമുദായ നേതാക്കളുടെ പിന്തുണയൊന്നുമില്ലാതെ. കോണ്‍ഗ്രസില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് സതീശന്റെ മുന്നേറ്റം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉയര്‍ത്തിയ ആരവം വിവരിക്കാവുന്നതിനും അപ്പുറമായിരുന്നു. ഗ്രൂപ്പ് ഭേദമൊന്നുമില്ലാതെ നേതാക്കളും അണികളുമെല്ലാം സതീശനെ സ്വീകരിച്ചു. കോണ്‍ഗ്രസുകാരൊക്കെയും കാത്തിരുന്ന നേതാവാണ് വരുന്നത്. ചുണയും പ്രസരിപ്പുമുള്ള നേതാവ്. വിജ്ഞാനവും വിവേകവും പുറമെ. പിന്നെ നിലപാടുകളുടെ ഉറപ്പും വിജ്ഞാനത്തിന്റെ ശേഷിയും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയൊക്കെയും പ്രതീക്ഷകളുടെ കേന്ദ്രബിന്ദു ആവുകയാണ് ഇനി വി.ഡി സതീശന്‍.
സ്ഥാനലബ്ധിയെക്കുറിച്ച് ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പത്രസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞു: 'വര്‍ഗീയത തെല്ലുമില്ലാത്ത ഒരു സംസ്ഥാന നിര്‍മിതിയാണെന്റെ ലക്ഷ്യം. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല'. കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും കേരളത്തില്‍ സ്വീകരിക്കേണ്ട പ്രധാന നിലപാടിലേയ്ക്കു വിരല്‍ചൂണ്ടുകയായിരുന്നു സതീശന്‍. ഈ പ്രസ്താവനയ്ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയ്‌ക്കെതിരേ ഉറച്ച നിലപാടെടുക്കുമെന്നു പറയുന്ന സതീശന്‍ ലക്ഷ്യംവയ്ക്കുന്നത് മുഖ്യമന്ത്രിയെത്തന്നെ. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയനീക്കങ്ങള്‍ക്ക് എപ്പോഴും അടിസ്ഥാനമാക്കുന്നത് വര്‍ഗീയതയും ബി.ജെ.പി ഭരണത്തിന്റെ ന്യൂനപക്ഷത്തോടുള്ള നിലപാടുകളുമാണ്. പൗരത്വ ഭേദഗതി നിയമമുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെപ്പറ്റി എപ്പോഴും ശക്തമായ നിലപാടെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചിട്ടുള്ളത്. ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ചാണ് ബി.ജെ.പി സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതെന്നതും വസ്തുതയാണ്. എപ്പോഴും മുഖ്യമന്ത്രി കൃത്യമായ നിലപാട് സ്വീകരിക്കുമ്പോള്‍ അത്തരം കാര്യങ്ങളില്‍ ഒരു മൃദുസമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരുന്നത്. അതു മനസില്‍ വച്ചുകൊണ്ടുതന്നെയാണ് നിയമന വിവരമറിഞ്ഞയുടന്‍ തന്നെ സ്വന്തം നിലപാടുമായി രംഗത്തുവന്ന സതീശന്‍ വര്‍ഗീയതയാണ് വലിയ ആപത്തെന്നു പറഞ്ഞത്.
ഈ നിലപാട് സ്വീകരിക്കാന്‍ ആര്‍ക്കായാലും ഒരു തന്റേടവും ധൈര്യവും വേണം.
സതീശന് അതാവോളമുണ്ട്. കാര്യങ്ങള്‍ ആരുടെയും മുഖത്തുനോക്കി പറയാന്‍ കഴിയുന്ന നേതാവാണ് സതീശന്‍. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിനെതിരേ ലോട്ടറി വിഷയത്തില്‍ നിയമസഭയില്‍ നടത്തിയ ഏറ്റുമുട്ടല്‍ സഭയെ ആകെ വിറപ്പിച്ചതാണ്. രണ്ടുപേരും ഒരിഞ്ചുപോലും പിന്നോട്ടുമാറാതെ നിന്നിടത്ത് ഉറച്ചുനിന്നു പോരാടി. പക്ഷേ, പോരാട്ടത്തിനു ശേഷം ഇരുവരും പഴയതുപോലെ സൗഹൃദത്തിലാവുകയും ചെയ്തു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമ്പോഴും ഇതേ പോലെയുള്ള നിലപാട് തന്നെയാവും തുടരുക എന്നുതന്നെയാണ് വി.ഡി സതീശന്‍ പറയുന്നത്. കൊവിഡ് പോലെയുള്ള ദുരന്തങ്ങളെ നേരിടുമ്പോള്‍ സംസ്ഥാനമൊട്ടാകെ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍ സര്‍ക്കാര്‍ തെറ്റു ചെയ്താല്‍ ശക്തമായി എതിര്‍ക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല'-സതീശന്റെ മുന്നറിയിപ്പ്.
സതീശന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടുക എന്നതു തന്നെയായിരിക്കും. കേരള രാഷ്ട്രീയത്തില്‍ ഇന്ന് എന്തുകൊണ്ടും അതികായനായ നേതാവ് തന്നെയാണ് പിണറായി. ഇപ്പോഴിതാ ഇടതുഭരണത്തിന്റെ രണ്ടാംവരവിലും നായകന്‍. പാര്‍ട്ടിയും സര്‍ക്കാരും അദ്ദേഹത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍. പ്രായം കൊണ്ടും പരിചയം കൊണ്ടും അനുഭവം കൊണ്ടും പിണറായി തന്നെ ഏറെ മുന്നില്‍. 99 നിയമസഭാംഗങ്ങളുടെ ഒരേയൊരു നേതാവായാണ് പിണറായി വിജയന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയുടെ കസേരയിലിരിക്കുക. സതീശനോടൊപ്പമുള്ളത് 41 പേര്‍ മാത്രം. അതില്‍ത്തന്നെ കോണ്‍ഗ്രസുകാര്‍ വെറും 21 പേര്‍. സ്വന്തം ദൗര്‍ബല്യം സതീശനു നന്നായറിയാം. പക്ഷേ, ശത്രുവാരായാലും ഉറച്ചുനിന്നു പോരാടാനേ അദ്ദേഹം പഠിച്ചിട്ടുള്ളൂ.
കാര്യങ്ങള്‍ ശരിക്കു പഠിക്കാനും ഗ്രഹിക്കാനുമുള്ള വലിയ കഴിവുണ്ട് അദ്ദേഹത്തിന്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മുഖത്തുനോക്കി പറയാനുള്ള ശേഷിയുമുണ്ട്. ഏറെ മികവുള്ള ഒരു രാഷ്ട്രീയക്കാരന്റെ ചാരുതയോടെ തടസമില്ലാതെ പ്രസംഗിക്കാനുമറിയാം. എതിര്‍ശബ്ദങ്ങളില്‍ പതറാതെയും വിറയ്ക്കാതെയും ഉറച്ചുനില്‍ക്കാനുള്ള കഴിവുമുണ്ട്. ശത്രു ആരായാലും നേരിടാന്‍ ഇതൊക്കെ മതിയെന്നാണ് സതീശന്റെ ഭാവം. ഭീഷണിയെന്തായാലും കുലുങ്ങുന്ന സ്വഭാവക്കാരനല്ല അദ്ദേഹം.
1967ല്‍ ഒന്‍പത് അംഗങ്ങളായിരുന്നു കേരള നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. അതിന്റെ നേതാവ് കെ. കരുണാകരനും. 1960ലെ മന്ത്രിസഭയില്‍നിന്ന് 1967 ആയപ്പോഴേക്കും കോണ്‍ഗ്രസ് ആകെ ശിഥിലമായിരുന്നു. ഒത്തൊരു മുന്നണിക്ക് രൂപം നല്‍കി കരുണാകരന്‍ അവിടെ പാര്‍ട്ടിയുടെ പുനര്‍നിര്‍മാണം തുടങ്ങി. അതൊരു സാഹസം തന്നെയായിരുന്നു. കേരള നിയമസഭയില്‍ ഭൂരിപക്ഷം നേടി ഭരണം പിടിച്ചടക്കുക എന്നതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അത്രപെട്ടെന്ന് അതു സാധിച്ചില്ലെങ്കിലും 1969 ആയപ്പോഴേക്കും ഒരു ഐക്യമുന്നണി അദ്ദേഹം കെട്ടിപ്പടുത്തു, ഘടകകക്ഷികളെയൊക്കെ കൂടെക്കൂട്ടി. ഇന്നു കേരളത്തില്‍ പ്രതിപക്ഷത്താണെങ്കിലും ജീവനോടെ നില്‍ക്കുന്ന ഐക്യജനാധിപത്യ മുന്നണി കെ. കരുണാകരന്‍ കെട്ടിപ്പടുത്തതാണ്. ആദ്യം സി.പി.ഐയെ കൂട്ടി സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ഐക്യമുന്നണി ഭരണം. 1982ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഇതിനിടയില്‍ കരുണാകരന്റെയും എ.കെ ആന്റണിയുടെയും പേരില്‍ രണ്ടു ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ സജീവമാവുകയും ചെയ്തു. പിന്നീടെപ്പോഴും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ സജീവമായിത്തന്നെ നിന്നു. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ തന്നെ സ്വന്തം രാഷ്ട്രീയമായി മാറി. കരുണാകരന്‍ നേരിട്ടു തെരഞ്ഞെടുത്ത ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ്, പന്തളം സുധാകരന്‍ എന്നിങ്ങനെ പ്രധാന നേതാക്കളൊക്കെ ഒരുവശത്ത്. ഉമ്മന്‍ചാണ്ടി, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി തോമസ്, പി.സി വിഷ്ണുനാഥ് എന്നിങ്ങനെ ഒരുനിര ആന്റണി പക്ഷത്തും. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരാട്ടം ഒരിക്കലും തീരാത്ത രാഷ്ട്രീയപ്പോരാട്ടമായി ദശകങ്ങള്‍ പിന്നിട്ടു. ആ രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായിത്തന്നെ 1995ല്‍ കെ. കരുണാകരനു മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. 1967 ല്‍ കരുണാകരന്‍ പാടുപെട്ടുണ്ടാക്കിയ ഐക്യജനാധിപത്യ മുന്നണിയുടെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയുടെ കൈയിലായി. മുഖ്യമന്ത്രിസ്ഥാനം എ.കെ ആന്റണിയ്ക്കും കിട്ടി. പിന്നെ 2005ല്‍ ആന്റണിയുടെ രാജി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. അന്നുമുതല്‍ ഇന്നുവരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൈയില്‍ വച്ചുകൊണ്ടിരുന്ന നേതൃത്വമാണ് ഇത്. ഉമ്മന്‍ചാണ്ടി ആന്റണി പക്ഷത്തിന്റെയും രമേശ് ചെന്നിത്തല ഐ വിഭാഗത്തിന്റെയും നേതാക്കളാണ്. പക്ഷേ, ഇന്നിപ്പോള്‍ എല്ലാ സമവാക്യങ്ങളും തെറ്റിയിരിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു നേരിടേണ്ടി വന്നത് കനത്ത പ്രഹരമാണ്. ഇടതുപക്ഷം എല്ലാ മേഖലകളിലും വലിയ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിന്റേതു മാത്രമായിരുന്ന കോട്ടകളിലും ഐക്യജനാധിപത്യ മുന്നണി തകര്‍ന്നടിഞ്ഞു. അണികള്‍ നേതൃമാറ്റത്തിനു കൊതിച്ചു. നേതൃമാറ്റമല്ലാതെ മറ്റു മാര്‍ഗമില്ലെന്നു കാര്യങ്ങള്‍ നേരിട്ടു പഠിച്ച ഹൈക്കമാന്‍ഡും മനസിലാക്കി. അവസാനം അനിവാര്യമായത് സംഭവിച്ചു. രമേശ് ചെന്നിത്തലയ്ക്കു പകരം വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി. ദേശീയ നേതൃത്വത്തിനു മുന്നില്‍ അതേ വഴിയുണ്ടായിരുന്നു. നേതൃത്വത്തിന്റെ എല്ലാ ചോദ്യത്തിനും വി.ഡി സതീശന്‍ തന്നെയായിരുന്നു ഉത്തരം. അണികളും പൊതുജനങ്ങളും പൊതുസമൂഹവുമെല്ലാം സതീശനെ സ്വീകരിച്ചുകഴിഞ്ഞു.
സതീശന്റെ മുന്നിലെ വെല്ലുവിളി കനത്തതു തന്നെ. നിയമസഭയിലെ 41 അംഗങ്ങളുടെ മാത്രം നേതാവാണദ്ദേഹം. അതില്‍ കോണ്‍ഗ്രസിനു 21 അംഗങ്ങള്‍ മാത്രം. പക്ഷേ, 2019ലെ ലോക്‌സഭയില്‍ 20ല്‍ 19 സീറ്റും നേടിയെടുത്ത മുന്നണിയാണത്. അതിനു ചേരുന്ന ഒരു തട്ടകം ഇവിടെയുണ്ട്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനും എത്രയോ മുന്‍പേ തുടങ്ങിയ പാര്‍ട്ടി. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയക്കൊടി നാട്ടിയിട്ടും പിന്നീട് വന്‍ തിരിച്ചുവരവ് നടത്തിയ പാര്‍ട്ടി. ഒന്നിടവിട്ട ഇടവേളകളില്‍ ഭരണത്തില്‍ കയറിയ പാര്‍ട്ടി. രണ്ടു മുന്നണികളും പരസ്പരം ഏറ്റുമുട്ടുന്നതിനിടെ ഇടയില്‍ കയറാന്‍ വന്ന ബി.ജെ.പിയെ തുരത്തിയ പാര്‍ട്ടി.
അതെ, 21 അംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി കേരള നിയമസഭയുടെ പ്രതിപക്ഷ നിരയിലെ ഒന്നാമത്തെ സീറ്റില്‍ പ്രതിപക്ഷ നേതാവായി വി.ഡി സതീശന്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടി-രമേശ് ചെന്നിത്തല അച്ചുതണ്ട് പിന്നോക്കം മാറിയിരിക്കുന്നു. സഹപ്രവര്‍ത്തകരും അണികളും സിന്ദാബാദ് വിളിക്കുന്നുണ്ട്. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളുമൊക്കെ പിന്തുണയുമായി എത്തിക്കഴിഞ്ഞു. വി.ഡി സതീശന്‍ മുന്നോട്ടുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."