വയനാട്ടില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടറെ പിരിച്ചുവിട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ ചികിത്സ കിട്ടാതെ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കുഞ്ഞിനെ ആദ്യം ചികിത്സിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വീഴ്ച്ചയുണ്ടായെന്ന് വ്യക്തമായി.
വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദന്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് മാര്‍ച്ച് 22 നാണ് മരിച്ചത്. അനീമിയയും ന്യൂമോണിയയുമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്.
ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുഞ്ഞിന് മതിയായ ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും ശിശുരോഗ വിദഗ്ധനെ കാണിച്ചാല്‍ മതിയെന്നും പറഞ്ഞ് മടക്കിയയക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."