ചരിത്ര സ്മാരകങ്ങൾ ഉന്നമിട്ടും സംഘ്പരിവാർ
ന്യൂഡൽഹി
മസ്ജിദുകൾക്കുനേരേയുള്ള നീക്കത്തിനു പിന്നാലെ ചരിത്ര സ്മാരകങ്ങളും അധീനപ്പെടുത്താൻ തന്ത്രംപയറ്റി ഹിന്ദുത്വവാദികൾ. ഖുതുബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കുന്നതിന് കെട്ടിടത്തിനുള്ളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്ഖനനം നടത്തണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവിട്ടതായി റിപ്പോർട്ട് പുറത്തുവന്നു.
സംഭവം വിവാദമായതോടെ തൊട്ടുപിന്നാലെ റിപ്പോർട്ട് തെറ്റാണെന്ന വാദവുമായി മന്ത്രാലയം ഉദ്യോഗസ്ഥർ രംഗത്തുവന്നു. സാംസ്‌കാരിക സെക്രട്ടറി ഗോവിന്ദ് മോഹൻ ശനിയാഴ്ച ഖുതുബ് മിനാർ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെ ഖുതുബ് മിനാർ സ്ഥാപിച്ചത് ഖുതുബുദ്ദീൻ ഐബക് ആണോ അതോ ഗുപ്ത സാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത വിക്രമാദിത്യനാണോയെന്ന് പരിശോധിക്കാൻ ഉത്തരവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
സാംസ്‌കാരിക സെക്രട്ടറിയുടേത് പതിവ് സന്ദർശനമായിരുന്നെന്നും പരിശോധന നടത്താനുള്ള നിർദേശമൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച ചരിത്രകാരൻമാർക്കും മറ്റു ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പമാണ് സാംസ്‌കാരിക സെക്രട്ടറി ഖുതുബ് മിനാർ സന്ദർശിച്ചത്. രണ്ടു മണിക്കൂറിലധികം അവിടെ ചെലവഴിക്കുകയും വിശദമായ വിലയിരുത്തലുകൾ നടത്തുകയും ചെയ്തു. തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ട് പറയുന്നത്.
ഖുതുബ് മിനാറിനുള്ളിലെ മസ്ജിദിൽ നിന്ന് 15 മീറ്റർ അകലെയുള്ള മിനാരത്തിന്റെ തെക്ക് ഭാഗത്ത് ഉത്ഖനനം ആരംഭിക്കാനാണ് നിർദേശമെന്നും റിപ്പോർട്ട് പറയുന്നു. ഖുതുബ് മിനാറിനുള്ളിലെ രണ്ടു ഗണേശ വിഗ്രഹങ്ങൾ നാഷനൽ മ്യൂസിയത്തിലേക്ക് മാറ്റണമെന്ന് നാഷനൽ മ്യൂസിയം അതോറിറ്റി നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരേ ഹിന്ദുത്വവാദികൾ കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഈ നീക്കം ഡൽഹി കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. വിഗ്രഹങ്ങൾ സൂക്ഷിച്ച കൂവ്വത്തുൽ ഇസ് ലാമിലും സാംസ്‌കാരിക സെക്രട്ടറിയും സംഘവും പരിശോധന നടത്തിയിരുന്നു. ഖുതുബ് മിനാറിനുള്ളിലുള്ള ഹിന്ദു, ജൈന വിഗ്രങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അവിടെ രേഖപ്പെടുത്തി വയ്ക്കാനും അടയാള ബോർഡുകൾ സ്ഥാപിക്കാനും സാംസ്‌കാരിക സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. ആർ.എസ്.എസിന് കീഴിലുള്ള വിശ്വവേദിക് സംഘടൻ സംഘ് ഖുതുബ് മിനാർ വിഷ്ണു ക്ഷേത്രമാക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ സമരം നടത്തിവരികയാണ്. ഖുതുബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭം എന്നാക്കി മാറ്റണമെന്നും ആവശ്യപ്പെടുന്നുണ്ട്. ജ്ഞാൻവാപി മസ്ജിദും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും ക്ഷേത്രമാക്കണമെന്ന ആവശ്യവുമായി കേസ് നടത്തുന്നതും ഇതേ സംഘടനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."