സഹായം തേടിയ ശേഷം തള്ളിപ്പറയുന്നു: പ്രതിപക്ഷനേതാവിനെതിരേ എന്‍.എസ്.എസ്
ചങ്ങനാശ്ശേരി: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. സഹായം തേടിയ ശേഷം തള്ളിപ്പറയുകയാണ് സതീശന്‍ ചെയ്യുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്ഥാനം ഉറപ്പായപ്പോള്‍ മുതല്‍ മത- സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ സതീശന്‍ വിമര്‍ശിക്കുകയാണ്. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് നേതൃത്വം വിലയിരുത്തണം. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മത- സാമുദായിക സംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതു പോലെ മത- സാമുദായിക സംഘടനകള്‍ക്കുമുണ്ടെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ മനസ്സിലാക്കണം.
കോണ്‍ഗ്രസിന്റെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെ.പി.സി.സിയാണ്. പ്രതിപക്ഷനേതാവല്ല. മത- സാമുദായിക സംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസ സംരക്ഷണം സംബന്ധിച്ചും കെ.പി.സി.സിയുടെ നിലപാട് എന്താണെന്നറിയണം. ആവശ്യം വരുമ്പോള്‍ മത- സാമുദായിക സംഘടനകളെ സമീപിച്ച് സഹായം തേടുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല. ഈ തെരഞ്ഞെടുപ്പില്‍ മുന്നണിവ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയും ബഹുഭൂരിപക്ഷം സ്ഥാനാര്‍ഥികളും എന്‍.എസ്.എസ് ആസ്ഥാനത്തു വന്ന് സഹായം തേടി.
സതീശനും സഹായം തേടി എത്തിയിരുന്നു. താലൂക്ക് യൂനിയന്‍ നേതൃത്വത്തെയും കരയോഗ നേതൃത്വങ്ങളെയും നേരില്‍കണ്ടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."