ചെമ്പല്ലിയുടെ വിത്തുല്‍പാദനം വിജയം
കൊച്ചി: മത്സ്യക്കൃഷിക്ക് വന്‍ നേട്ടമായി ഉയര്‍ന്ന വിപണന മൂല്യമുള്ള ചെമ്പല്ലിയുടെ വിത്തുല്‍പാദനത്തില്‍ വിജയം.
ഇന്ത്യയില്‍ ആദ്യമായാണ് ചെമ്പല്ലി മത്സ്യത്തെ കൃത്രിമമായി പ്രജനനം നടത്തുന്നത്. ഇതോടെ, സംസ്ഥാനത്തെ മത്സ്യകര്‍ഷകരുടെ ഏറെ നാളായുള്ള പ്രതിസന്ധിക്ക് പരിഹാരമായി. ഏറെ ലാഭകരമായ ചെമ്പല്ലി കൃഷിക്ക് കര്‍ഷകര്‍ക്ക് വിലങ്ങായിരുന്നത് ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച കുഞ്ഞുങ്ങളെ ലഭിക്കാത്തതായിരുന്നു. ജലാശയങ്ങളില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന കുഞ്ഞുങ്ങളെയായിരുന്നു ഇതുവരെ മത്സ്യകര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. വിപണിയില്‍ കിലോയ്ക്ക് 600 രൂപ വരെ ചെമ്പല്ലിക്ക് വിലയുണ്ട്. ചെമ്പല്ലിയുടെ കുഞ്ഞുങ്ങളെ ലഭ്യമാകുന്നതോടെ കായല്‍ പോലെയുള്ള ഓരുജലാശയങ്ങള്‍ ധാരാളമായുള്ള കേരളത്തില്‍ മത്സ്യക്കൃഷിയില്‍ വന്‍ മുന്നേറ്റമുണ്ടണ്ടാകുമെന്നാണ് കരുതുന്നത്. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനമാണ് (സിബ) ചെമ്പല്ലിയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിച്ചത്. അഞ്ചുവര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് വിത്തുല്‍പാദനം വിജയകരമായത്.ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഏത് പരിതസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങാനുള്ള ശേഷിയുമുള്ളതിനാല്‍ കൃഷിചെയ്യാന്‍ അനുയോജ്യവുമാണ് ചെമ്പല്ലി.ആറു മാസത്തിനുള്ളില്‍ അരക്കിലോ തൂക്കം വയ്ക്കുന്ന വളര്‍ച്ചാനിരക്കാണ് ഇവയ്ക്കുള്ളതെന്ന് സിബ ഡയറക്ടര്‍ ഡോ. കെ. കെ വിജയന്‍ പറഞ്ഞു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെമ്പല്ലിയുടെ ഹാച്ചറിസംവിധാനം വികസിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സാങ്കേതികവിദ്യ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."