കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ ഷോക്ക് ഉപഭോക്താക്കൾക്ക്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ഉപഭോക്താക്കളുടെ കീശകീറാനൊരുങ്ങി കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വൈദ്യുതി മോഷണം കുറവായതിനാൽ സ്മാർട്ട് മീറ്റർ പദ്ധതിയിൽനിന്ന് അധിക വരുമാനം ലഭിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് വൈദ്യുതി ബോർഡ്.
2025 മാർച്ചോടെ നിലവിലുള്ള ഉപകരണങ്ങൾ കാലഹരണപ്പെടുമെന്നതിനാൽ മീറ്റർ സ്ഥാപിക്കാൻ ഉപഭോക്താക്കൾ 7,000 രൂപയെങ്കിലും ചെലവഴിക്കേണ്ടിവരും. സിങ്കിൾ ഫേസ് വൈദ്യുതി കണക്ഷനുള്ള സ്മാർട്ട് മീറ്ററിന് 3,000 രൂപ മുതലും ത്രീഫേസ് വൈദ്യുതി കണക്ഷന് 4,200 രൂപ മുതലുമാണ് വില.
പദ്ധതിയുടെ ആകെ ചെലവ് 8,200 കോടി രൂപയാണ്. 15 ശതമാനം കേന്ദ്ര സർക്കാരിൽനിന്ന് ഗ്രാന്റായി ലഭിക്കും. പദ്ധതി നടപ്പാക്കാൻ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിനെ (ആർ.ഇ.സി.പി.ഡി.സി.എൽ) നിയമിച്ചു കൊണ്ട് ധാരണാപത്രം ബോർഡ് ഒപ്പുവച്ചു. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിൽ സർക്കാർ ഏജൻസികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തിന്റെ മാർഗ നിർദേശത്തിൽ പറയുന്നു.
അതേസമയം പദ്ധതി നടപ്പാക്കുന്നതോടെ മീറ്റർ റീഡർമാരുടെയും സീനിയർ അസിസ്റ്റന്റുമാരുടെയും ജോലി തുലാസിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."