അബുദബി റസ്റ്റോറന്റ് അപകടം: മരിച്ച ഇന്ത്യക്കാരന്‍ ആലപ്പുഴ സ്വദേശിയെന്ന് സൂചന
ദുബൈ: അബൂദബി ഖാലിദിയയിലെ മലയാളി റെസ്‌റ്റോറന്റായ ഫുഡ് കെയറില്‍ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിയെന്ന് സൂചന. രണ്ടു പേരാണ് അപകടത്തില്‍ മരിച്ചത്. ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ പാകിസ്താനിയാണെന്നുമാണ് ഔദ്യോഗിക വിവരം.
അപകടത്തില്‍ ആലപ്പുഴ സ്വദേശി ശ്രീകുമാറുമുണ്ടെന്നാണ് നാട്ടിലെ ബന്ധുക്കള്‍ നല്‍കുന്ന സൂചന. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ബന്ധുക്കള്‍ എംബസി ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടുന്നതായി എംബസി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് മധ്യ അബൂദബിയിലെ മലയാളി റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചത്. സംഭവത്തില്‍ 120 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 56 പേര്‍ക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേര്‍ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചക്ക് ഒരുമണിയോടെ തിരക്കുള്ള സമയത്താണ് ഫുഡ് കെയര്‍ റെസ്റ്റോറന്റില്‍ പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് അബൂദബി പൊലിസ് അറിയിച്ചു. രണ്ടുതവണ സ്‌ഫോടനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ആറ് കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.
പരിക്കേറ്റവര്‍ വിവിധ ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.പരിക്കേറ്റ് ചികിത്സയിലായവരെ അബൂദബി ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ബന്ധുക്കള്‍ക്ക് അവരെ സന്ദര്‍ശിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം ഈ പ്രദേശത്തെ കെട്ടിടങ്ങളില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് തിരികെ എത്താനുള്ള അനുവാദം ക്രമത്തില്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."