'ജനവിരുദ്ധം, ജനാധിപത്യ വിരുദ്ധം': ലക്ഷദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രാഹുലിന്റെ തുറന്ന കത്ത്
ന്യൂഡല്‍ഹി: ലക്ഷദ്വീപ് ജനതയുടെ ജീവിതവും ആത്മവിശ്വാസവും തകര്‍ത്ത് തുടര്‍ച്ചയായി നടപ്പാക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കത്ത്. ഓരോ ദിനവും പുതുതായി കരാള നിയമങ്ങള്‍ അടിച്ചേല്‍പിക്കുകവഴി ജനാധിപത്യത്തിനു പകരം സ്വേഛാധിപത്യം നടപ്പാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. നിയമങ്ങള്‍ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുലിന്റെ കത്ത്
ബഹുമാന്യനായ പ്രധാനമന്ത്രി
''സുഖമെന്ന് കരുതുന്നു. ലക്ഷദ്വീപിന്റെ കാലങ്ങളായുള്ള പ്രകൃതി ഭംഗിയും ഭിന്ന സംസ്‌കാരങ്ങളുടെ സംഗമവും തലമുറകളായി ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ പൈതൃകത്തിന്റെ കാവല്‍ക്കാര്‍ ആഗ്രഹിക്കുന്നത് ദ്വീപുകൂട്ടങ്ങളുടെ പാരമ്പര്യം സംരക്ഷിക്കണമെന്നാണ്. പക്ഷേ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രഖ്യാപിച്ച കടുത്ത ജനദ്രോഹ നയങ്ങള്‍ അവരുടെ ഭാവിതന്നെ അപകടത്തിലാക്കിയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ പൊതുജനങ്ങളുമായോ ആലോചിക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ ഏകപക്ഷീയമായി ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള പരിഷ്‌കാരങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ സ്വേഛാധിപത്യ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനത പ്രതിഷേധിക്കുകയാണ്.
അടുത്തിടെ ലക്ഷദ്വീപ് വികസന അതോറിറ്റി പ്രഖ്യാപിച്ച കരട് നിയമം ദ്വീപിന്റെ പാരിസ്ഥിതിക പവിത്രത നശിപ്പിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ശ്രമമാണ് പുറത്തുകൊണ്ടുവരുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിലവിലെ സുരക്ഷാ വ്യവസ്ഥകള്‍ ഇല്ലാതാക്കുന്ന നിയമം ചില വിഷയങ്ങള്‍ക്കുവേണ്ടി പരിസ്ഥിതി നിയമങ്ങളെ കളങ്കപ്പെടുത്തുകയും ഇരകള്‍ക്ക് നിയമത്തിന്റെ വഴി തേടുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. താല്‍ക്കാലിക വാണിജ്യ നേട്ടങ്ങള്‍ക്കായി ഉപജീവന സുരക്ഷയും സുസ്ഥിര വികസനവുമാണ് ഇവിടെ ബലിനല്‍കപ്പെടുന്നത്.
രണ്ടിലേറെ കുട്ടികളുള്ള അംഗങ്ങളെ അയോഗ്യരാക്കുന്ന പഞ്ചായത്ത് നിയമം തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണ്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ (പി.എ.എ.ആര്‍), ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമം എന്നിവയിലെ നിര്‍ദിഷ്ട ഭേദഗതികളും ലഹരി വില്‍പന നിരോധനം എടുത്തുകളയലും ദ്വീപ് വാസികളുടെ സാംസ്‌കാരിക, മതപരമായ ചട്ടക്കൂടിനു മേലുള്ള കടന്നുകയറ്റമാണ്. ബേപ്പൂര്‍ തുറമുഖവുമായി ബന്ധം വിഛേദിക്കാനുള്ള തീരുമാനം കേരളവുമായി നിലനില്‍ക്കുന്ന ചരിത്രപരവും സാംസ്‌കാരികവുമായ ഇഴയടുപ്പം തകര്‍ക്കലാണ്.
ഇതോടൊപ്പം പറയേണ്ട മറ്റൊന്ന്, ഈ മഹാമാരിക്കിടയിലും മത്സ്യബന്ധന തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന നിര്‍മിതികള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശ പ്രകാരം തകര്‍ക്കപ്പെട്ടു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു, ക്വാറന്റീന്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ദ്വീപില്‍ കോവിഡ് വ്യാപനത്തിന് അപകടകരമായ വേഗം നല്‍കി. വികസനത്തിന്റെയും ക്രമസമാധാന പാലനത്തിന്റെയും മറവില്‍, ഏതുതരം പ്രതിഷേധവും കുറ്റകൃത്യമാക്കി കൊണ്ടുവന്ന കരാളമായ നിയമങ്ങള്‍ താഴെത്തട്ടിലുള്ള ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നു.
വിഷയത്തില്‍ ഇടപെടണമെന്നും മേല്‍ചൊന്ന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയാണ്. സ്വന്തം ജീവിത ശൈലിയെ മാനിക്കുകയും സ്വപ്നങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വികസനാധിഷ്ഠിത കാഴ്ചപ്പാട് അര്‍ഹിക്കുന്നുണ്ട്, ലക്ഷദ്വീപ് ജനത''.
Lakshadweep's pristine natural beauty & its unique confluence of cultures have drawn people for generations. However, their future is threatened by the anti-people policies announced by the administrator of Lakshadweep. I request you to intervene.: Shri @RahulGandhi to PM Modi pic.twitter.com/mQYrg3DupC
— Congress (@INCIndia) May 27, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."