കുടിവെള്ളത്തിലെ അമിത അളവിലുള്ള ലിഥിയം ഓട്ടിസത്തിന് കാരണമാകുമെന്ന് പഠനം
ലോസ്ആഞ്ചല്‍സ്: കുടിവെള്ളത്തില്‍ കൂടിയ തോതിലുള്ള ലിഥിയത്തിന്റെ സാന്നിധ്യം ഓട്ടിസത്തിന് കാരണമാകുമെന്ന് പഠനം. ഗര്‍ഭിണികള്‍ കൂടിയ അളവില്‍ ലിഥിയം സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നത് കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ജെ.എ.എം.എ) പീഡിയാട്രിക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കാലിഫോര്‍ണിയ ലോസ്ആഞ്ചല്‍സ് യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് നടത്തിയ പഠനമാണ് പുറത്തുവന്നത്. ഡെന്മാര്‍ക്കില്‍ നിന്നുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്.
ലിഥിയം ബാറ്ററികള്‍ മണ്ണില്‍ അശാസ്ത്രീയമായി ഉപേക്ഷിക്കുന്നതും വെള്ളത്തില്‍ ലിഥിയം എത്താന്‍ ഇടയാക്കും. വൈദ്യുതി വാഹനങ്ങളിലും മൊബൈല്‍ ഫോണിലും മറ്റും ഉപയോഗിക്കുന്നത് ലിഥിയം ബാറ്ററിയാണ്. പ്രകൃതിയിലും ലിഥിയത്തിന്റെ ശേഖരമുണ്ട്. പച്ചക്കറികളിലും മറ്റും നിയന്ത്രിത തോതില്‍ ലിഥിയമുണ്ട്. കൂടിയ അളവിലുള്ള ലിഥിയം ഞരമ്പുകളുടെ വികാസത്തിന് തടസം സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. മനുഷ്യ മസ്തിഷ്‌കത്തില്‍ ഞരമ്പുകളുടെ വികാസത്തെ അമിത അളവിലുള്ള ലിഥിയം പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തി. ഡെന്മാര്‍ക്ക് ഹൈ ക്വാളിറ്റി മെഡിക്കല്‍ രജിസ്ട്രി ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചത്. വെള്ളത്തില്‍ ലിഥിയം അളവ് കൂടുതലുള്ള 151 പ്രദേശത്തു നിന്നുള്ള 1997 നും 2013 നും ഇടയില്‍ ജനിച്ചവരെയാണ് പഠനത്തിന് ഉപയോഗിച്ചത്. 63,681 പേരില്‍ 12,799 പേര്‍ക്കും ഓട്ടിസം ബാധിച്ചതായി കണ്ടെത്തി.
ലിഥിയം ഭക്ഷണത്തിലും വെള്ളത്തിലുമുണ്ട്
ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 മൈക്രോ ഗ്രാം ലിഥിയം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ലിഥിയം ആത്മഹത്യാ പ്രവണതയും കുറ്റകൃത്യങ്ങളും കുറയ്ക്കുമെന്ന് പഠനമുണ്ട്. മസ്തിഷ്‌കത്തെ സ്വാധീനിക്കുന്നത് കൊണ്ടാണിത്. ചില ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, തക്കാളി, കാബേജ്, ചില മിനറല്‍ കുടിവെള്ളം എന്നിവയിലെല്ലാം ലിഥിയം അടങ്ങിയിട്ടുണ്ട്. അമിത തോതില്‍ ലിഥിയം അകത്തുചെല്ലുന്നത് ഓട്ടിസത്തിന് കാരണമാകുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."