ആര്‍.എസ്.എസ് നിരോധനവും പാഠപുസ്തകത്തില്‍ നിന്ന് നീക്കി എന്‍.സി.ഇ.ആര്‍.ടി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അന്നത്തെ സര്‍ക്കാര്‍ രാഷ്ട്രീയ സ്വയംസേവക് സംഘ്(ആര്‍.എസ്.എസ്)ന് ഏര്‍പ്പെടുത്തിയ വിലക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഖണ്ഡികകള്‍ 12ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത് നാഷനല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി). ഇതോടൊപ്പം ഹിന്ദു-മുസ്‌ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ആഹ്വാനം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചുവെന്ന ഖണ്ഡികകളും ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കംചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
എന്‍.സി.ഇ.ആര്‍.ടി കഴിഞ്ഞ വര്‍ഷം 6 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. 12ാം ക്ലാസിലെ 'ഇന്ത്യന്‍ പൊളിറ്റിക്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പാഠപുസ്തകത്തില്‍ നിന്ന് 'റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ് ഇന്‍ ഇന്ത്യ','ഈറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്' എന്നീ രണ്ട് അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു.
പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി പാര്‍ട്ട് 2' ചരിത്ര പുസ്തകത്തിലെ 'കിങ്‌സ് ആന്റ് ക്രേണിക്ള്‍സ്; ദി മുഗള്‍ കോര്‍ട്‌സ്' എന്ന അധ്യായമാണ് ഒഴിവാക്കിയത്. രാജ്യത്തുടനീളം എന്‍.സി.ഇ.ആര്‍.ടി പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
പാഠപുസ്തകത്തിലെ ഏകപക്ഷീയമായി പരിഷ്‌കാരങ്ങള്‍ വിവാദമായിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് പരിഷ്‌കാരമെന്നാരുന്നു പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവിയുടെ മറുപടി. പാഠപുസ്തകങ്ങളുടെ ഭാരം കുറഞ്ഞുവെന്നും സമ്മര്‍ദ്ദത്തിലായ വിദ്യാര്‍ഥികളെ സഹായിക്കാനും സമൂഹത്തോടും രാഷ്ട്രത്തോടും ഉള്ള ഉത്തരവാദിത്തമെന്ന നിലയിലുമാണ് ഇത്തരമൊരു ശ്രമമെന്നാണ് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."