പ്രവാസിയുടെ കൊലപാതകം: മൂന്നുപേർകൂടി അറസ്റ്റിൽ പിടിയിലായത് മുഖ്യ പ്രതിക്ക് കൃത്യം നടത്താനും രക്ഷപ്പെടാനും സഹായിച്ചവർ
പെരിന്തൽമണ്ണ
പ്രവാസിയായ അഗളി വാക്യത്തൊടി അബ്ദുൽ ജലീലി (42)നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർകൂടി പൊലിസ് പിടിയിൽ. മുഖ്യപ്രതി യഹ്‌യക്ക് കൃത്യം നടത്താനും പിന്നീട് ഒളിവിൽ കഴിയാനും സഹായം ചെയ്തുകൊടുത്ത മൂവർ സംഘത്തെയാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് പെരിന്തല്‍മണ്ണ ജൂബിലിയിലെ ഫ്ലാറ്റിലെത്തിക്കാന്‍ സഹായിച്ചയാളാണ് കൊണ്ടോട്ടി സ്വദേശി വിജീഷ്. മധുസൂദനൻ സംഭവസമയത്ത് മാനത്തുമംഗലത്തെ ഫ്ലാറ്റില്‍ യഹിയയുടെ കൂടെയുണ്ടായിരുന്ന ആളാണ്. സംഭവശേഷം യഹിയയ്ക്ക് കാറില്‍ രക്ഷപ്പെടാനും പാണ്ടിക്കാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കാനും സഹായങ്ങൾ നൽകിയത് നജ്മുദ്ദീന്‍ ആണ്. കേസില്‍ നേരിട്ട് പങ്കടുത്തവരും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരുമടക്കം 12 പേരെ ഇതുവരെ അറസ്റ്റുചെയ്തു.
വിദേശത്ത് നിന്ന് യഹിയയുടെ പാര്‍ട്ണര്‍മാര്‍ കൊടുത്തുവിട്ട കള്ളക്കടത്ത് സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ജലീലിനെ രഹസ്യ കേന്ദ്രങ്ങളില്‍ വച്ച് ക്രൂരമായി മർദിച്ചത്. സംഭവശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട മൂന്ന് പേർ, ഗള്‍ഫില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത യഹിയയുടെ പാര്‍ട്ണര്‍മാർ ഉൾപ്പടെയുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."