മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി എം.എസ്.എഫില്‍നിന്ന് പുറത്താക്കിയ നേതാക്കള്‍
കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫില്‍നിന്ന് പുറത്താക്കിയ മുന്‍ നേതാക്കള്‍. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെയും പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുമാണ് ആരോപണവുമായി എം.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.
പി.കെ നവാസിനെതിരെ പരാതി നല്കിയ ഹരിത നേതാക്കളെ പിന്തുണച്ചതിന് പുറത്താക്കിയ ലത്തീഫ് തുറയൂര്‍, പി.പി ഷൈജല്‍, കെ.എം ഫവാസ് തുടങ്ങിയവരാണ് ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ചത്.
ഹരിത വിഷയത്തില്‍ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണവും എ.ആര്.നഗര്‍ ബാങ്ക് ഇടപാടില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്ത് വന്നതിന് പിന്നില്‍ പി.എം.എ.സലാമാണ്. എ.ആര്.നഗര്‍ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പൊളിറ്റിക്കല്‍ സെറ്റില്‍മെന്റ് നടത്തി. ലീഗ് നേതാക്കളെ മോശമാക്കി ചിത്രീകരിച്ച് സ്വാധീനം ഉറപ്പിക്കാനാണ് പി.എം.എ സലാമിന്റെ ശ്രമമെന്നും ഇവര്‍ പറയുന്നു.
ഹരിത വിഷയത്തില്‍ എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസിനെതിരെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്നും നേതാക്കള്‍ പറയുന്നു. സത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഹരിത വിവാദത്തില്‍ ഒറ്റക്കെട്ടായി നിന്നാണ് തീരുമാനം എടുത്തതെന്ന അവകാശവാദവും ഇതോടെ പൊളിഞ്ഞെന്നും മുന്‍ എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."