അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്; ബ്രസീല്‍ രണ്ട് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് മൂന്നാം സ്ഥാനത്ത്
സൂറിച്ച്: ലോകകപ്പ് നേടിയതിന് പിന്നാലെ ഇതാ അര്‍ജന്റീനയെത്തേടി ലോക ഫുട്ബോളിലെ ഒന്നാം റാങ്കും എത്തി. ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന ആറു വര്‍ഷത്തിനിടെ ആദ്യമായി ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ഖത്തര്‍ ലോകകപ്പിലെ റണ്ണറപ്പായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ രണ്ട് സ്ഥാനങ്ങള്‍ പിന്തള്ളപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് വീണു.
അര്‍ജന്റീനക്ക് 1840.93 റേറ്റിങ് പോയിന്റും ഫ്രാന്‍സിന് 1838.45 റേറ്റിങ് പോയിന്റുമാണുള്ളത്. 1834.21 റേറ്റിങ് പോയിന്റാണ് ബ്രസീലിന്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ നടന്ന സൗഹൃദ മത്സരങ്ങളിലെ വിജയവും അര്‍ജന്റീനക്ക് നേട്ടമായി. പനാമ, കുറസാവോ രാജ്യങ്ങള്‍ക്കെതിരെ നേടിയ ജയങ്ങളാണ് അര്‍ജന്റീനയെ ഒന്നാം സ്ഥാനത്തെത്താന്‍ സഹായിച്ചത്.1792.53 പോയിന്റുമായി ബെല്‍ജിയവും 1792.43 പോയിന്റുമായി ഇംഗ്ലണ്ടുമാണ് ഫിഫാ റാങ്കിങ്ങില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ലോകകപ്പിന് പുറമേ ഫൈനലസ്സീമ, കോപ്പ അമേരിക്ക കിരീടങ്ങളും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ മൊറോക്കോ 11ാം സ്ഥാനത്തേക്ക് കുതിച്ചു. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ള രാജ്യവും മൊറോക്കോയാണ്. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന് എന്നീ ടീമുകളാണ് ആറുമുതല്‍ പത്തുവരെയുള്ള റാങ്കുകളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."