അലോപ്പതി ചികിത്സക്കെതിരായ പരാമര്‍ശം; രാംദേവിനെതിരെ കരിദിനം ആചരിച്ച് ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: അലോപ്പതി ചികിത്സക്കെതിരായ ബാബാ രാംദേവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ഫോര്‍ഡ) ആണ് കരിദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യമെങ്ങുമുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നുണ്ട്. പ്ലക്കാര്‍ഡുകളേന്തിയും പതഞ്ജലി സ്ഥാപകന്റെ രാജി ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. തന്റെ പരാമര്‍ശങ്ങള്‍ക്ക് രാംദേവ് നിരുപാധികം മാപ്പു പറയണെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.
അവഹേളനപരവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനകളെ അപലപിക്കുകയാണെന്നും രോഗീ പരിചരണം തടസ്സപ്പെടുത്താതെ രാജ്യവ്യാപകമായി പ്രതിഷേധിക്കുകയാണെന്നും ഫോര്‍ഡ പറഞ്ഞു. രാംദേവ് പരസ്യമായി മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ.എം.എ) ഗുജറാത്ത് ഘടകം ബാബാ രാംദേവിനെതിരെ പൊലിസിനെ സമീപിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയമപ്രകാരം രാംദേവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.
ഐ.എം.എയുടെ അഞ്ച് സംസ്ഥാന ഘടകങ്ങള്‍ പൊലിസിനെ സമീപിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് ഐ.എം.എയും പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."