ആധ്യാത്മിക ചിന്തകളുടെ പ്രസക്തി
ടി.എച്ച് ദാരിമി
വിശ്വാസത്തിനും കര്‍മങ്ങള്‍ക്കുമപ്പുറം ആധ്യാത്മിക ചിന്തകള്‍ക്കും തദനുസൃതമായ അനുഷ്ഠാനങ്ങള്‍ക്കും എന്താണ് പ്രസക്തി എന്നാണ് മുസ്‌ലിം സമുദായത്തില്‍ ചിലര്‍ ചോദിക്കുന്നത്. ആധ്യാത്മികതയുടെ പേരില്‍ ചിലരെങ്കിലും നടത്തുന്ന അഭിനയങ്ങളും ആശാവഹമല്ലാത്ത അനുഭവങ്ങളും ഈ ചോദ്യത്തോട് ചേര്‍ത്തുകെട്ടുന്നതോടെ ചോദ്യം പ്രസക്തമാണ് എന്ന പ്രതീതി ഉണ്ടാകുന്നു. അങ്ങനെ, ആഴത്തിലേക്ക് ചിന്തകളും പഠനങ്ങളുമായി ഇറങ്ങാത്ത ജനങ്ങളെ വേഗത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിയുന്നു. ഇസ്‌ലാം എന്ന ജീവിതദര്‍ശനത്തെ പൂര്‍ണാര്‍ഥത്തില്‍ വീക്ഷിക്കാത്തതാണ് ഇത്തരമൊരു തെറ്റിദ്ധാരണക്കു കാരണമെന്നതാണ് വസ്തുത.
ഇസ്‌ലാമിക ആദര്‍ശത്തിന്റെ വളരെ പ്രാഥമികമായ പ്രമാണങ്ങള്‍ പോലും ആധ്യാത്മിക വികാരത്തിന്റെ പ്രാധാന്യവും പ്രസക്തിയും വളരെ വ്യക്തമായി സ്ഥാപിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇമാം മുസ്‌ലിം(റ) ഉമര്‍(റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസ്. നബി(സ)യും സ്വഹാബിമാരും കൂടി ഇരിക്കുന്ന സദസിലേക്ക് ജിബ്‌രീല്‍(അ) കടന്നുവരുന്നതും നബി(സ)യോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതുമാണ് ഈ ഹദീസിന്റെ ആശയം. തികച്ചും അപരിചിതനായി കടന്നുവന്ന ജിബ്‌രീല്‍(അ) നബി(സ) തിരുമേനിയുടെ മുട്ടോടു മുട്ട് ചേര്‍ത്തു വന്നിരിക്കുകയായിരുന്നു. എന്നിട്ട് നബി(സ)യോട് ആദ്യം ഇസ്‌ലാമിനെക്കുറിച്ചു ചോദിച്ചു. ഇസ്‌ലാമിന്റെ അഞ്ചു കര്‍മങ്ങള്‍ വിവരിച്ച് നബി(സ) അതിനു മറുപടി നല്‍കി. അതു ജിബ്‌രീല്‍ ശരിവയ്ക്കുകയും ചെയ്തു. പിന്നെ ഈമാന്‍ എന്ന വിശ്വാസത്തെക്കുറിച്ചു ചോദിച്ചു. അതിന് ആറു വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് നബി(സ) മറുപടി പറഞ്ഞു. അതും അദ്ദേഹം ശരിവച്ചു. ഇവിടെ ചോദ്യങ്ങള്‍ അവസാനിച്ചില്ല. മൂന്നാമത്തെ ചോദ്യം ഇഹ്‌സാനിനെ കുറിച്ചായിരുന്നു. അല്ലാഹുവിനെ കാണുന്നു എന്ന ഭാവന ആരാധിക്കലാണ് ഇഹ്‌സാന്‍ എന്ന് നബി(സ) മറുപടി പറഞ്ഞു. നീ അവനെ കാണുന്നില്ല എന്നു തോന്നുന്നുവെങ്കില്‍ അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ എന്ന് നബി(സ) കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
പിന്നീട് അന്ത്യനാളിനെക്കുറിച്ചും അതിന്റെ അടയാളങ്ങളെക്കുറിച്ചുമായിരുന്നു സംസാരം. സംസാരം കഴിഞ്ഞ് അപരിചിതന്‍ പോയ്ക്കഴിഞ്ഞപ്പോള്‍, വന്നത് ജിബ്‌രീല്‍ (അ) ആയിരുന്നുവെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ എന്താണ് എന്നു പഠിപ്പിച്ചുതരാന്‍ വേണ്ടി വന്നതായിരുന്നു എന്നും നബി(സ) പറഞ്ഞു. മുസ്‌ലിം ലോകത്തിന്റെ സര്‍വാംഗീകാരമുള്ള ഒരു ഹദീസാണിത്. ദീന്‍ എന്നതിന്റെ അടിസ്ഥാന അസ്ഥിവാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹദീസാണിത് എന്ന് നവവി ഇമാമും ഇതേ ആശത്തില്‍ മറ്റു പണ്ഡിതരും അഭിപ്രായപ്പെടുകയും ഈ ഹദീസിന്റെ പ്രാമാണികത സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ ദീന്‍ പഠിപ്പിച്ചുതരാന്‍ വേണ്ടിയാണ് ഈ ചോദ്യോത്തരങ്ങള്‍ ഉണ്ടായത് എന്നു നബി(സ) വ്യക്തമാക്കുമ്പോള്‍ അതില്‍ നിന്ന് ഈമാനും ഇസ്‌ലാമും ഇഹ്‌സാനും ആണ് ദീനിന്റെ അടിസ്ഥാനമെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാകുന്നു. ഈ അടിസ്ഥാനം അവഗണിക്കപ്പെടാത്ത ഒരു തിരിച്ചറിവായി സമുദായത്തില്‍ നിലനില്‍ക്കാന്‍ വേണ്ടിയായിരിക്കണം ജിബ്‌രീല്‍ എന്ന വഹ്‌യിന്റെ മലക്കുതന്നെ നേരിട്ടുവന്നതും വന്നയാളുടെ അപരിചിതത്വം മുതല്‍ ഇരുത്തത്തിന്റെ രൂപം വരെയുള്ള വ്യതിരിക്തതകള്‍ ഈ സംഭവത്തിനുണ്ടായതും എന്ന് പല വ്യഖ്യാതാക്കളും അഭിപ്രായപ്പെടുന്നുണ്ട്. ഈമാന്‍ എന്ന വിശ്വാസം മനസിലുറപ്പിക്കുകയും നിര്‍ദിഷ്ട കര്‍മങ്ങള്‍ മുറപോലെ അനുഷ്ഠിക്കുകയും ഈ കര്‍മങ്ങള്‍ക്ക് ഇഹ്‌സാന്‍ എന്ന ശൈലിയും അവബോധവും പശ്ചാത്തലമാകുകയും ചെയ്യുമ്പോഴേ ദീന്‍ പൂര്‍ണമാകൂ എന്നാണ് ഹദീസിന്റെ സാരം.
ആധ്യാത്മിക ചിന്തകളുടെ ഇസ്‌ലാമിക സാംഗത്യം സ്ഥാപിക്കപ്പെടുന്നത് ഇഹ്‌സാന്‍ എന്ന ഘടകത്തിന്‍മേലാണ്. ഇഹ്‌സാന്‍ എന്നാല്‍ എന്താണെന്ന് ഓരോരുത്തരും തോന്നിയ പോലെ വ്യാഖ്യാനിക്കാതിരിക്കാനെന്നോണമാണ് നബി(സ)തന്നെ അതു വ്യക്തമാക്കിയത്. നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങി കര്‍മങ്ങളെല്ലാം അല്ലാഹു കാണുന്നുണ്ടെന്ന ബോധത്തോടെ നിര്‍വഹിക്കലാണ് ഇഹ്‌സാന്‍. അപ്പോഴാണ് അവയ്ക്ക് സൂക്ഷ്മമായ ആത്മാര്‍ഥത കൈവരുന്നത്. അപ്പോഴാണ് അവ ഒരു സമര്‍പ്പണമായി പരിണമിക്കുന്നത്. അതില്ലാതെ പോയാല്‍ വെറുമൊരു അഭിനയം, പരമ്പരാഗത ആചാരം, പതിവു കര്‍മം തുടങ്ങിയ ചെറിയ അര്‍ഥങ്ങളിലേക്ക് ആരാധനകള്‍ ചുരുങ്ങും. അതോടെ ആരാധനകള്‍കൊണ്ടുള്ള ദൈവിക ലക്ഷ്യം സാധ്യമാവാതെപോകും.
ആരാധനകള്‍ക്ക് പരമമായ ഒരു ലക്ഷ്യമുണ്ട്. അത് ദൈവസ്മരണയെ ന നച്ചു നിലനിര്‍ത്തുക എന്നതാണ്. ഒരര്‍ഥത്തിലുള്ള സ്വാതന്ത്ര്യം ഭൗതികലോകത്ത് മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. വിവിധ വികാരവിചാരങ്ങള്‍ അവന്‍ മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുമുണ്ട്. അവന്റെ ലോകത്തിനാവട്ടെ ത്രസിപ്പിക്കുന്ന പല ആകര്‍ഷണങ്ങളും നല്‍കപ്പെട്ടിട്ടുമുണ്ട്. മതിമറന്ന് പലയിടങ്ങളിലും മനസും ശരീരവും കര്‍മങ്ങളും വിശ്വാസങ്ങളുമെല്ലാം സമര്‍പ്പിക്കപ്പെട്ടുപോകാനുള്ള സാധ്യതകളാണ് ഇവയെല്ലാം. ഇവയ്‌ക്കെല്ലാം മുന്‍പില്‍ പിടിച്ചുനില്‍ക്കാനും മറ്റൊന്നിലേക്കും വഴുതാതെ മനസിനെയും കര്‍മങ്ങളെയും സംരക്ഷിക്കാനും കേവലം ആചാരാനുഷ്ഠാനങ്ങള്‍ മതിയാകില്ല. സ്രഷ്ടാവിനെ മുന്നില്‍ കാണുന്ന ഭാവനയുള്ള കര്‍മങ്ങളും വിശ്വാസങ്ങളും തന്നെ വേണം. അത്തരമൊരു മാനസികനില ഉണ്ടാക്കിയെടുക്കാനുള്ള വഴിയാണ് ഇഹ്‌സാന്‍. അങ്ങനെയാണ് ഇഹ്‌സാന്‍ ദീനിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്.
കാണുന്നു എന്ന ഭാവേന എന്നു പറയുമ്പോള്‍ അതു കേവലം ശാരീരികമല്ല എന്നതു വ്യക്തമാണ്. ഇഹ്‌സാനിന്റെ പ്രഭവകേന്ദ്രം മനുഷ്യ മനസാണ്. മനുഷ്യന്റെ മനസാവട്ടെ ഏറ്റവും വലിയ അത്ഭുതവുമാണ്. കാരണം അത് അറ്റമില്ലാത്തത്ര വിശാലമാണ്. പറന്നുപറന്നു നടക്കുന്നതാണ് അതിന്റെ പ്രകൃതം. അവയവങ്ങളുമായി അതു യോജിച്ചുപോകുകയും ചിലപ്പോള്‍ വിയോഗിക്കുകയും ചെയ്യാം. അതിനെ മറ്റൊരാള്‍ക്കു കൈയിലെടുക്കാം. ഒരാളുടെ ബലിഷ്ഠവും ഭദ്രവുമായ കൈകളില്‍ നിന്ന് സരളമായി അതിന് ഊരിപ്പോകുകയും ചെയ്യാം. ഇത്തരം ഒരു പ്രഹേളികയായ മനസില്‍ അല്ലാഹുവിന്റെ മുന്‍പില്‍ എന്ന ഭാവം വരുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല.
മുതിര്‍ന്നവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. കാരണം അവര്‍ മാനസികമായി കൂടുതല്‍ സ്വതന്ത്രരാണ്. അതുകൊണ്ടുതന്നെ മനസുമായി ബന്ധപ്പെട്ട ഏതു കാര്യവും നേടിയെടുക്കുക എന്നത് വലിയ പാടാണ്. നിരന്തരമായ ശ്രമങ്ങളും പരിശീലനങ്ങളും അതിന് അനിവാര്യമാണ്. മനഃശാസ്ത്രം എന്ന വിഷയം മറ്റു ശാസ്ത്രങ്ങളെക്കാളും സങ്കീര്‍ണമായി പഠിതാക്കള്‍ക്കു തോന്നുന്നത് അതുകൊണ്ടാണ്. ശരീരത്തെ ചികിത്സിക്കുന്ന ഡോക്ടറുടെ അത്ര എളുപ്പത്തില്‍ മനസിനെ ചികിത്സിക്കുന്ന മനഃശാസ്ത്രജ്ഞന് വിജയിക്കാന്‍ കഴിയാത്തതും അതിനുദാഹരണമാണ്. നബി(സ) തന്നെ ഈ വസ്തുത നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഒരു ചര്‍ച്ചയ്ക്കിടയില്‍ നബി(സ) സ്വഹാബിമാരോട് പറഞ്ഞു: 'ഒരു പര്‍വതം അതിന്റെ സ്ഥാനത്തുനിന്ന് നീങ്ങി എന്നു കേട്ടാല്‍ നിങ്ങള്‍ അതു വിശ്വസിച്ചുകൊള്ളൂ. എന്നാല്‍ ഒരാള്‍ തന്റെ പ്രകൃതത്തില്‍ നിന്ന് മാറിയെന്നു കേട്ടാല്‍ അതു വിശ്വസിക്കരുത് ' (അബുദ്ദര്‍ദാഅ് (റ)വിനെ തൊട്ട് ഇമാം അഹ്മദ് (റ) ഉദ്ധരിച്ചത്). പ്രകൃതത്തിന്റെ പ്രഭവകേന്ദ്രം മനസാണല്ലോ. അതു മാറുക എന്നത് വളരെ പ്രയാസകരമാണ് എന്നാണ് നബി(സ) പറയുന്നത്. എന്നാല്‍ തീരെ മാറില്ല എന്ന അര്‍ഥം ഈ പറഞ്ഞതിനില്ല, അതു സരളമല്ല, കഠിനമായ സാധന അതിനുവേണ്ടിവരും എന്നെല്ലാം പണ്ഡിതന്‍മാര്‍ ഈ വ്യാഖ്യാനത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞതുകാണാം.
ഇതോടെയാണ് ആധ്യാത്മിക ചിന്തകളുടെയും നിഷ്ഠകളുടെയും പ്രസക്തി നമുക്കു മുന്‍പില്‍ തെളിഞ്ഞുവരുന്നത്. സൂഫികളും സാഹിദുകളും അവരുടെ പദവികളില്‍ എത്തിപ്പെട്ടതും പെടുന്നതും ഇങ്ങനെ കഠിനമായ ശ്രമങ്ങള്‍ വഴി മനസിനെ കീഴ്‌പ്പെടുത്തിയാണ്. ഇതിനു വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിവരും. ഉപദേശങ്ങള്‍, ദിക്‌റുകള്‍, ഏകാന്തവാസങ്ങള്‍, തീര്‍ഥയാത്രകള്‍, നിശാനിസ്‌കാരങ്ങള്‍, സുന്നത്തു നോമ്പുകള്‍ തുടങ്ങി ഓരോരുത്തരിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന വഴികള്‍ ഇതിനായി സ്വീകരിക്കേണ്ടിവരും. ഓരോരുത്തര്‍ക്കും ഏതളവിലാണ്, എന്തെല്ലാമാണ് മാനസിക മാറ്റത്തിനും തെളിച്ചത്തിനും സംരക്ഷണത്തിനും വേണ്ടിവരിക എന്നതറിയാന്‍ അനുഭവമല്ലാതെ മറ്റൊരു ശാസ്ത്രവുമില്ല. അതുകൊണ്ട് മനസിനെ തെളിയിച്ചെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ അനുഭവം ഉള്ളവരെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ആ ആശ്രയത്വമാണ് ശൈഖും മുരീദും തമ്മിലുള്ള ബന്ധം. അതോടെ ആധ്യാത്മിക ചിന്തകളുടെ പ്രസക്തി മാത്രമല്ല ലോകം കണ്ട ശരിയായ സൂഫി ധാരകളുടെ നിലനില്‍പിന്റെ ന്യായവും വഴിയും വരെ നമുക്കു മുന്നില്‍ തെളിയുകയാണ്. ഔലിയാക്കളുടെ താരാപഥത്തിലെ തിളങ്ങുന്ന നക്ഷത്രം മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) മുതല്‍ അത്തിപ്പറ്റ ഉസ്താദ് വരെയുള്ളവരുടെ സ്മരണകള്‍ പെയ്തിറങ്ങുന്ന റബീഉല്‍ ആഖിറിന്റെ രണ്ടാം വാരം നമ്മെ ഓര്‍മിപ്പിക്കുന്നതും അതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."