കേരളത്തിന് നന്ദി അറിയിച്ച് ദ്വീപിലെ ജനപ്രതിനിധികള്‍
കവരത്തി: പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണയുമായി ഒപ്പംനിന്ന കേരളത്തിന് നന്ദി അറിയിച്ച് ലക്ഷദ്വീപ് ജനത.
നിയമസഭയില്‍ പ്രമേയം പാസാക്കി ദ്വീപ് ജനതയുടെ വികാരത്തിനൊപ്പം നിലകൊള്ളുന്നതിന് മുന്‍കൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും നന്ദി അറിയിച്ചു ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഹസന് ബൊഡുമുക്കഗോത്തി കത്തയച്ചു. എല്ലാ നിയമസഭാ അംഗങ്ങളെയും അഭിനന്ദിച്ച ഹസന്, കേരളത്തിലെ ബഹുജന സംഘടനകളും ജനാധിപത്യ വിശ്വാസികളും നല്കുന്ന പിന്തുണയ്ക്കും നന്ദി പറഞ്ഞു.
കേരളത്തിന്റെ ഇടപ്പെടലുകള്‍ കൂടുതല്‍ കരുത്ത് പകര്‍ന്നെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. രാഷ്ട്രീയ കക്ഷികളും മത, സാംസ്കാരിക രംഗത്തെ സംഘടനകളും ദ്വീപ് ജനതയുടെ പോരാട്ടത്തിനൊപ്പം നിലകൊണ്ടതുവഴി കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും മുന്‍ എം.പിയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഹംദുള്ള സഈദ് പറഞ്ഞു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഹംദുള്ളയും കവരത്തി പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ ഖാദറും നന്ദി അറിയിച്ചു കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."