ഹോട്ടലുകളിലെ സർവിസ് ചാർജ് നിയമവിരുദ്ധമെന്ന് കേന്ദ്രം നിയമനിർമാണത്തിനു നീക്കം
ന്യൂഡൽഹി
ഹോട്ടലുകളും റസ്റ്റോറന്റുകളും സർവിസ് ചാർജ് വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും ഇത് തടയാൻ നിയമ നിർമാണം നടത്താൻ ആലോചിക്കുന്നതായും കേന്ദ്ര സർക്കാർ. നിർബന്ധിത സർവിസ് ചാർജ് പിരിവ് നിർത്തണമെന്നും ഇതു നിയമവിരുദ്ധമാണെന്നും ഹോട്ടൽ, റസ്റ്റോറന്റ് അസോസിയേഷനോട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതു തടയാൻ നിയമനിർമാണം നടത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. എങ്ങനെയാണ് വിവിധ ഭോജനശാലകൾ വ്യത്യസ്ത സേവന നിരക്ക് ഈടാക്കുകയെന്നും കേന്ദ്രം ചോദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സെക്രട്ടറി റോഹിത് കുമാർ സിങ്ങിന്റെ നേതൃത്വത്തിൽ നാഷനൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ.ആർ.എ.ഐ), ഫെഡറേഷൻ ഓഫ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്.എച്ച്.ആർ.എ.ഐ) എന്നിവയും ഉപഭോക്തൃ സംഘടനകളും ചർച്ച നടത്തി. ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ദിവസവും മോശം അനുഭവം ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമനിർമാണം വേണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ് സർക്കാരിനു മുന്നിലുള്ളത്. ഇതിനാലാണ് പുതിയ നിയമ നിർമാണത്തെ കുറിച്ച് ആലോചിക്കുന്നത്.
എന്നാൽ സർവിസ് ചാർജ് ലോകത്ത് എല്ലായിടത്തും ഈടാക്കുന്നുണ്ടെന്ന് എഫ്.എച്ച്.ആർ.എ.ഐ വൈസ് പ്രസിഡന്റ് ഗുർബാക്‌സിസ് സിങ് കൊഹ്്‌ലി പറഞ്ഞു. ഇത് നിയമവിരുദ്ധമോ ഏതെങ്കിലും നിയമത്തെ ലംഘിക്കലോ അല്ലെന്നും ഓരോ സ്ഥാപനത്തിനും ഇതുസംബന്ധിച്ച് അവരുടെ നയം തീരുമാനിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."