അണികളെ തിരുത്തി സതീശൻ ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ക്യാപ്റ്റൻ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ ക്യാപ്റ്റനല്ല. മുന്നണിപ്പോരാളി മാത്രമാണെന്നു സതീശൻ പറഞ്ഞു.
സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റിയെടുക്കണമെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്. പാർട്ടി വെറും ആൾക്കൂട്ടമായി മാറരുത്. പാർട്ടിയേയും മുന്നണിയേയും അധികാരത്തിൽ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.
തൃക്കാക്കരയിലെ വിജയം പ്രതിപക്ഷ പ്രവർത്തനത്തിനും യു.ഡി.എഫിനും കൂടുതൽ ഊർജം പകരും. സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിലെ നടപ്പാക്കാത്ത പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടു വരും. സിൽവർ ലൈൻ പോലുള്ള ജനവിരുദ്ധ പദ്ധതികളെ പ്രതിപക്ഷം എതിർക്കും. ജനകീയ പദ്ധതികളിൽ സർക്കാരിന് പിന്തുണ നൽകും.
ആം ആദ്മി പാർട്ടിയുടെ പേരിൽ വ്യാജ ട്രൂ കോളർ ഐ.ഡി ഉണ്ടാക്കാക്കിയത് സി.പി.എമ്മാണ്. കള്ളവോട്ട് ചെയ്യാനെത്തി പിടിയിലായ ആളുടെ കൈയിൽ വ്യാജ ഐ.ഡി കാർഡുണ്ടായിരുന്നു. വ്യാജ വിഡിയോയിൽ ആദ്യം അറസ്റ്റിലായത് സി.പി.എമ്മുകാരാണ്. വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പിക്കാരെ അറസ്റ്റ് ചെയ്തില്ല.
കെ.വി തോമസിനെതിരെ ആരും വംശീയ അധിക്ഷേപം നടത്തിയിട്ടില്ല. തിരുത തോമയെന്ന് ആദ്യം വിളിച്ചത് സി.പി.എമ്മുകാരാണ്. അവരാണ് ചുവന്ന ഷാളിട്ട് സ്വീകരിച്ചതും. ഒരു വ്യക്തിയെയും പിറകെ നടന്ന് വേട്ടയാടാൻ കോൺഗ്രസിന് താൽപര്യമില്ല. പാർട്ടിയിലേക്ക് നിരവധി പേർ വരുന്നുണ്ട്. സംഘടനാപരമായ തീരുമാനങ്ങൾ കെ.പി.സി.സി അധ്യക്ഷൻ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."