മതനിന്ദ: കൃഷ്ണരാജിനെതിരേ കേസെടുത്തു
കൊച്ചി
സാമൂഹിക മാധ്യമത്തിലൂടെ മതനിന്ദ നടത്തിയ കേസിൽ എറണാകുളത്തെ വിവാദ അഭിഭാഷകൻ കൃഷ്ണരാജിനെതിരേ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തു.
സ്വർണക്കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകൻ കൂടിയാണ് ഇയാൾ. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ വി.ആർ അനൂപ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന വിധം പ്രവർത്തിക്കുന്നതിന് എതിരായ 295 എ വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണിത്. എന്നാൽ ഇതിനെതിരേ അഡ്വ. കൃഷ്ണരാജ് രംഗത്തെത്തി. കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട, സ്വപ്നയുടെ കേസിൽ നിന്ന് പിന്തിരിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താടിവച്ച് തൊപ്പിയും ധരിച്ച് കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ പി.എച്ച് അഷറഫിനെതിരായാണ് ഫേസ്ബുക്കിലൂടെ അഡ്വ. കൃഷ്ണരാജ് മതവിദ്വേഷ പരാമർശം നടത്തിയത്.
അഷറഫ് തൊപ്പിവച്ച് ബസ് ഓടിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ബോധ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."