അരിക്കൊമ്പന്‍ കാടിനുള്ളില്‍ മറഞ്ഞു?; ദൗത്യ സാധ്യത മങ്ങി
അരിക്കൊമ്പന്‍ കാടിനുള്ളില്‍ മറഞ്ഞു
ഇടുക്കി: മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ ദൗത്യസംഘത്തിന് മുന്നില്‍ വെല്ലുവിളിയേറുന്നു. മൂന്ന് മണിവരെയാണ് അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. എന്നാല്‍ അരിക്കൊമ്പന്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കാത്തതും കണ്ടെത്തിയാല്‍ തന്നെ വെയില്‍ ശക്തമാകുമ്പോള്‍ വെടിവെക്കുന്നതിലെ തടസം ഏറും എന്നതും ദൗത്യസംഘത്തെ നിരാശപ്പെടുത്തുന്നു.
രാവിലെ അരിക്കൊമ്പന്‍ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളില്‍ മറഞ്ഞു. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങി. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരികെ എത്തിച്ചു.
സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്. ഈ സാഹചര്യത്തില്‍ 12 മണിക്കുള്ളില്‍ അരിക്കൊമ്പനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സംഘം ദൗത്യം ഉപേക്ഷിക്കാനും സാധ്യതയുണ്ട്.
ഇന്ന് രാവിലെ നാലരയോടെ ആരംഭിച്ചതാണ് അരിക്കൊമ്പന്‍ ദൗത്യം. എട്ടരയോടെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ഇതിനായി ചിന്നക്കനാല്‍ പഞ്ചായത്ത് പൂര്‍ണമായും ശാന്തന്‍പാറ പഞ്ചായത്തിന്റെ 1, 2, 3 വാര്‍ഡുകളിലും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസവും ശ്രമം തുടരും.
അതേസമയം അരിക്കൊമ്പനെ എവിടേക്കു കൊണ്ടുപോകും എന്ന കാര്യം വനം വകുപ്പ് പുറത്തുവിടുന്നില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വും അഗസ്ത്യാര്‍കൂടം വനമേഖലയും പരിഗണിക്കുന്നതായാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."