നേതൃമാറ്റത്തിനായി യൂത്ത് കോണ്‍ഗ്രസിലും സമ്മര്‍ദം; ഷാഫിക്കെതിരേ നീക്കം ശക്തം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കെ.പി.സി.സിയില്‍ അഴിച്ചുപണി നടക്കുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിലും അഴിച്ചുപണി ആവശ്യം ശക്തമായി. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്കെതിരായ നീക്കവും ശക്തമായി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സി. അധ്യക്ഷനെ ഉള്‍പ്പെടെ മാറ്റി സമ്പൂര്‍ണമായ അഴിച്ചുപണിയിലേക്കാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം പോകുന്നത്. പ്രതിപക്ഷനേതാവിനെ നേരത്തെ തന്നെ മാറ്റിയിരുന്നു. കെ.എസ്.യു പ്രസിഡന്റ് രാജിസന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തും പുതിയ ആള് ഉടന്‍ എത്തും. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ നീക്കങ്ങളും ശക്തമാകുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസും പാര്‍ട്ടിയുടെ മറ്റു പോഷകസംഘടനകളും ഏറ്റെടുത്ത് അഴിച്ചുപണിക്ക് തയാറാകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ മാത്രം എന്തു പ്രത്യേകതയെന്ന ചോദ്യമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ രണ്ടാംനിര നേതാക്കള്‍ പറയുന്നു. ഇതിന്റെ ഭാഗമായി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, താരിഖ് അന്‍വര്‍, അശോക് ചവാന് എന്നിവര്‍ക്ക് കേരളത്തില്‍നിന്ന് ഇ മെയില്‍ സന്ദേശങ്ങള്‍ പോയിക്കഴിഞ്ഞു.
ഷാഫിയെ മാറ്റുന്നതിനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിനു ബദലായി പുതിയ ഗ്രൂപ്പ് രൂപീകരിച്ചത്. ആറു ജില്ലാ പ്രസിഡന്റുമാര്‍ അംഗങ്ങളായ ഈ ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ കെ.എസ് ശബരീനാഥന് ഉള്‍പ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകുന്നതിനുള്ള നീക്കങ്ങള്‍ ശബരീനാഥന് നടത്തുന്നുണ്ട്. എന്തായാലും യൂത്ത് കോണ്‍ഗ്രസിലും അഴിച്ചുപണി വേണമെന്ന ആവശ്യം ഗ്രൂപ്പുകള്‍ക്കതീതമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."