മാധ്യമങ്ങളോട് പരാതിപറഞ്ഞ് ടീസ്റ്റ; പൊലിസ് കൈക്ക് പരുക്കേൽപിച്ചു
അഹമ്മദാബാദ്
കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലിസ് കൈക്ക് പരുക്കേൽപിച്ചെന്ന് ടീസ്റ്റ സെതൽവാദ്. താൻ കുറ്റവാളിയല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
മുംബൈയിലെ ജൂഹുവിലെ വീട്ടിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്ത ടീസ്റ്റയെ അഹമ്മദാബാദിലേക്ക് റോഡ് മാർഗമാണ് കൊണ്ടുവന്നത്.
എസ്.വി.പി ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ഗുജറാത്തിൽ എത്തിച്ച ടീസ്റ്റയെ ഞായറാഴ്ച രാവിലെ ക്രൈംബ്രാഞ്ചിനു കൈമാറി.
ഗുജറാത്ത് കലാപത്തെ കുറിച്ച് വ്യാജരേഖ ചമച്ചെന്നും വിവരം പ്രചരിപ്പിച്ചെന്നും ആരോപിച്ച് ഗുജറാത്ത് പൊലിസിൻ്റെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ടീസ്റ്റയെയും ഗുജറാത്ത് മുൻ ഡി.ജി.പി എസ്.ബി ശ്രീകുമാറിനെയും അഞ്ചു ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ അഹമ്മദാബാദിലെ മെട്രൊപൊളിറ്റൻ മജിസ്‌ട്രേറ്റിനു മുൻപാകെ ടീസ്റ്റയെ ഹാജരാക്കി.
ടീസ്റ്റയും ശ്രീകുമാറും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും 14 ദിവസം കസ്റ്റഡിയിൽ വേണമെന്നുമാണ് പൊലിസ് ആവശ്യപ്പെട്ടത്.
ഗൂഢാലോചനയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഈ രീതിയിലാണ് അന്വേഷണം നീങ്ങുന്നത്. ജയിലിലുള്ള മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിനെയും ചോദ്യം ചെയ്യാൻ ട്രാൻസ്ഫർ വാറണ്ടിന് പൊലിസ് ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."