മുൻമന്ത്രി എം.എ കുട്ടപ്പൻ അന്തരിച്ചു
കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.എ. കുട്ടപ്പൻ (76) അന്തരിച്ചു. 2001ആന്റണി മന്ത്രിസഭയിൽ പിന്നോക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വാളക്കുഴി ഇലവുങ്കൽ അയ്യപ്പൻ–കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രിൽ 12ന് ജനിച്ച കുട്ടപ്പൻ എം.ബി.ബി.എസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിൻ തുറമുഖ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി നോക്കിയ കുട്ടപ്പൻ രാഷ്‌ട്രീയ പ്രവർത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്‌ക്കുകയായിരുന്നു.
ജന്മം കൊണ്ട് പത്തനംതിട്ടക്കാരനാണെങ്കിലും കർമം കൊണ്ട് ഡോ. എം.എ കുട്ടപ്പൻ കൊച്ചിക്കാരനായി. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്. കെ.പി.സി.സി ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് (ഐ) പട്ടികജാതി/ വർഗ സെൽ സംസ്‌ഥാന ചെയർമാൻ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് പരിവർത്തനവാദി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തിൽ വന്ന കുട്ടപ്പൻ 1978ൽ കോൺഗ്രസിൽ ചേർന്നു. 1980ൽ വണ്ടൂരിനെയും 1987ൽ ചേലക്കരയെയും 1996ലും 2001ത്തിലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2016ൽ പക്ഷാഘാതത്തെത്തുടർന്ന് അദ്ദേഹം പൊതുജീവിതത്തിൽനിന്ന് ഉൾവലിഞ്ഞു. ഭാര്യ: ബീബി ജോൺ, രണ്ടു ആൺമക്കളുണ്ട്.
Content Highlights:m.a kuttappan is died
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."