ദുബായിൽ നാല് പുതിയ പാലങ്ങൾ വരുന്നു; ഷാർജയിലേക്ക് ഈ റോഡിലൂടെയുള്ള യാത്രാ സമയം 40 ശതമാനം കുറയും
ദുബായിൽ നാല് പുതിയ പാലങ്ങൾ വരുന്നു; ഷാർജയിലേക്ക് ഈ റോഡിലൂടെയുള്ള യാത്രാ സമയം 40 ശതമാനം കുറയും
ദുബായ്: ദുബായിയുടെ മുഖച്ഛായ മാറ്റുന്ന നാല് പാലങ്ങൾ നിർമിക്കാൻ കരാർ നൽകി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). മണിക്കൂറിൽ 17,600 വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള 3,000 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമാണമാണ് ഉടൻ തുടങ്ങുന്നത്. ഇതോടെ ദുബായ് - ഷാർജ റൂട്ടിലെ യാത്ര സമയത്തിൽ 40 ശതമാനം കുറവ് വരുമെന്നാണ് കണക്കാക്കുന്നത്.
ഗാർൺ അൽ സബ്ഖാ സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്‌ഷൻ ഇംപ്രൂവ്‌മെന്റ് പ്രോജക്‌റ്റിനാണ് ആർടിഎ കരാർ നൽകിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നിർദേശപ്രകാരമാണ് 374 ദശലക്ഷം ദിർഹം ചെലവാകുന്ന പദ്ധതിക്ക് തുടക്കമാകുന്നത്.
ദുബായിയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖച്ഛായക്കൊപ്പം നഗരവികസനത്തിന്റെയും ജനസംഖ്യാ വളർച്ചയുടെയും ആവശ്യങ്ങൾ ഉൾക്കൊണ്ടുമാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് കോറിഡോർ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഇത് ഷെയ്ഖ് സായിദിനെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്നു. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ് എന്നിവയ്ക്കിടയിൽ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി പൂർത്തിയാകുന്നതോടെ, ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് അൽ ഖുസൈസിലേയും ഷാർജയിലേയ്‌ക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേയ്‌ക്കുള്ള ട്രാഫിക്കിന്റെ ഗതാഗത ദൂരവും സമയവും 40 ശതമാനം കുറയും. തിരക്കുള്ള മണിക്കൂറിൽ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റ് ആയി കുറയും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വലത്തോട്ട് ജബൽ അലി തുറമുഖത്തിന്റെ ദിശയിലുള്ള അൽ യലായിസ് റോഡിലേക്കുള്ള വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായും കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."