താമസ - ജോലി നിയമം ലംഘിച്ചു; സഊദിയിൽ 10,710 പേർ പിടിയിൽ
താമസ - ജോലി നിയമം ലംഘിച്ചു; സഊദിയിൽ 10,710 പേർ പിടിയിൽ
റിയാദ്: സഊദിയിൽ നിയമം ലംഘിച്ചതിന് 10,710 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഇത്രയധികം പേർ പിടിയിലായത്. ജൂൺ 22 മുതൽ 28 വരെയുള്ള ഒരാഴ്ചക്കിടെയാണ് പതിനായിരത്തിലേറെ പിടികൂടിയത്.
താമസ നിയമങ്ങൾ ലംഘിച്ചതിനാണ് 6,070 പേരെ അറസ്റ്റ് ചെയ്തത്. 3,071 പേരെ അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിനാണ് പിടികൂടിയത്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 1,569 പേരും അറസ്റ്റിലായി.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 558 പേരിൽ 49 ശതമാനം യെമനികളും 48 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരും ആണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 62 പേരെയാണ് പിടികൂടിയത്. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 11 പേരെയും കസ്റ്റഡിയിലെടുത്തു.
ഗതാഗതവും പാർപ്പിടവും ഉൾപ്പെടെ രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനത്തിന് കൂട്ടുനിൽക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവും 1 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. അല്ലെങ്കിൽ ഇവരുടെ വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുകയും ചെയ്യുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ് മേഖലകളിലുള്ളവർ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഉള്ളവർ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."