ഏക സിവില്‍ കോഡ്, നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ മുസ്ലിം ലീഗ്; മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും സാദിഖലി തങ്ങള്‍
ഏക സിവില്‍ കോഡ്, നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ മുസ്ലിം ലീഗ്
കോഴിക്കോട്: ഏക സിവില്‍ കോഡ് മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിവിധ വിഭാഗം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും എല്ലാ മത സംഘടനകളും ഒരുമിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവില്‍ ഇറങ്ങി പോരാടേണ്ട വിഷയമല്ലിത്. നിയമപരമായും രാഷ്ട്രീയമായും നേരിടണം. സമുദായിക ധ്രൂവീകരണത്തിലേക്ക് കൊണ്ട് പോകരുത്. ഈ വിഷയത്തില്‍ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിക്കും. സമുദായികമായിട്ടുള്ള ധ്രുവീകരണം നടത്തുന്ന തരത്തില്‍ ഉള്ള സെമിനാറുകളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവില്‍ കോഡ് വര്‍ഗീയ ധ്രുവികരണത്തിനുള്ള ട്രാപ്പാണെന്നും ആ കെണിയില്‍ വീഴരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ ഓര്‍മിപ്പിച്ചു. ജനങ്ങളെ ബോധവത്കരിക്കും. മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമാണ് എന്ന തരത്തില്‍ അവതരിപ്പിക്കപ്പെടുന്ന സെമിനാറുകളില്‍ പങ്കെടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."