ഏക സിവിൽകോഡ് വോട്ടുബാങ്കിന് വൈവിധ്യത്തിലാണ് ജനാധിപത്യം
വി.ഡി സതീശൻ
2024-ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബി.ജെ.പി പുറത്തെടുത്തിരിക്കുന്ന തുറുപ്പ് ചീട്ടാണ് ഏക സിവില്‍കോഡ്. പ്രധാനമന്ത്രിയുടെ ഭോപ്പാല്‍ പ്രസംഗത്തിലൂടെ ഇക്കാര്യം വ്യക്തമായി. ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന നെറികെട്ട വോട്ടുബാങ്ക് അജൻഡ മാത്രമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.വിഭിന്ന മതങ്ങള്‍, ആയിരക്കണക്കിന് ജാതികളും ഉപജാതികളും വ്യത്യസ്തങ്ങളായ സംസ്‌കൃതി, വേഷം, ഭാഷ, ആചാരം ഇവയെല്ലാം ചേര്‍ന്ന് ബഹുസ്വരതയുടെ ഇഴയടുപ്പമുള്ള നാടാണ് നമ്മുടേത്.
ആ രാജ്യത്ത് വിഭാഗീയതയുടെ വിത്തുകള്‍ വിതറി അതില്‍നിന്ന് രാഷ്ട്രീയലാഭം കൊയ്യുകയെന്ന ലക്ഷ്യമാണ് സംഘ്പരിവാറിന്. ഏക സിവില്‍കോഡെന്ന ആശയത്തെ ഭരണഘടനാ ശില്‍പികളില്‍ ചിലര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ തീര്‍ത്തും പുരോഗമനപരമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സദുദ്ദേശ്യപരമായിരുന്നു അവരുടെ വാദങ്ങള്‍. സാമുദായിക വിഭജനം മാത്രം ലക്ഷ്യമിടുന്ന പുത്തന്‍കൂറ്റുകാരുമായി ഒരു താരതമ്യവും അതിനില്ല.
സ്റ്റേറ്റിന്(ജുഡീഷ്യറിയും എക്സിക്യൂട്ടീവും ലെജിസ്ലേറ്ററും അടങ്ങുന്ന സംവിധാനം) വ്യക്തിനിയമങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും എത്രമാത്രം ഇടപെടല്‍ സാധ്യമാകും? ഇടപെടുന്നതില്‍ അതിര്‍വരമ്പുണ്ടെന്നതാണ് കോണ്‍ഗ്രസ് നിലപാട്. സ്റ്റേറ്റ് അമിതമായി ഇടപെടുന്ന 'സ്റ്റേറ്റിസം' ഇക്കാര്യത്തില്‍ പാടില്ല. മത വിഭാഗങ്ങളില്‍നിന്ന് തന്നെയാണ് നവീകരണം ആരംഭിക്കേണ്ടത്. എത്രയോ കാര്യങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റാനാകില്ല. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും സമാന കാര്യങ്ങളാണ് സംഭവിച്ചത്.
സ്റ്റേറ്റ് ഒരു തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് പ്രായോഗികമോ ഫലപ്രദമോ ആകില്ല എന്നതായിരുന്നു കോണ്‍ഗ്രസ് അപ്പോഴും സ്വീകരിച്ച നിലപാട്.
ബി.എസ് ചൗഹന്‍ ചെയര്‍മാനായ 21-ാം നിയമ കമ്മിഷന്‍ ഏക സിവില്‍കോഡ് പ്രായോഗികമല്ലെന്ന് 2018-ല്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 'എല്ലാ രാജ്യങ്ങളും വ്യത്യസ്തകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്. വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നത് വിവേചനത്തിന്റെ തെളിവല്ല, മറിച്ച് ആരോഗ്യകരമായ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നു എന്നതിന്റെ സൂചനയാണ്'. ബി.എസ് ചൗഹന്‍ സമിതി റിപ്പോര്‍ട്ടിലെ പ്രസക്തമായ വരികളാണിവ. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്മിഷന്റെ അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുമുള്ളത്.
ഏക സിവില്‍കോഡ് വീണ്ടും ചര്‍ച്ചകളില്‍ വന്നപ്പോള്‍ അതിനെതിരായ നിലപാട് രാജ്യത്ത് ആദ്യം വ്യക്തമാക്കിയത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവനുമായ ജയ്റാം രമേശാണ്. പാര്‍ലമെന്ററി സമിതിയിലും ഏക സിവില്‍കോഡിനെതിരേ കോണ്‍ഗ്രസ് എം.പി വിവേക് തന്ഹ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. ബില്‍ അവതരിപ്പിച്ചാല്‍ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും.
ഏക സിവില്‍കോഡ് ഏതെങ്കിലും ഒരു സമുദായത്തെ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമായാണ് കോണ്‍ഗ്രസ് കാണുന്നത്. എന്നാല്‍ അത് ഹിന്ദു - മുസ് ലിം വിഷയമാക്കി മാറ്റാനുള്ള ചിലരുടെ കുബുദ്ധിയില്‍ അതിലേറെ അപകടം പതിയിരിപ്പുണ്ട്. രാജ്യത്ത് വിഭാഗീയത വളര്‍ത്തി അതില്‍നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികളുടെ അതേ പാതയിലാണ് സി.പി.എമ്മും സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് മുസ്‌ലിം സംഘടനകളില്‍ ചിലരെ മാത്രം പ്രക്ഷോഭത്തിന് ക്ഷണിച്ചത്. എന്തെങ്കിലും കിട്ടുമോയെന്ന് കഴുകനെപ്പോലെ നോക്കിയിരിക്കുകയാണ്.
ഇത് ഇരട്ടത്താപ്പും തട്ടിപ്പുമാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങളുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയതല്ലാതെ സി.പി.എം അത് നടപ്പാക്കിയില്ല. അന്ന് പ്രക്ഷോഭത്തിന് ഇറങ്ങിയവര്‍ ഇപ്പോഴും കോടതി കയറിയിറങ്ങുമ്പോള്‍ വീണ്ടുമൊരു പ്രക്ഷോഭത്തിന് സി.പി.എം ക്ഷണിക്കുന്നുവെന്നത് എന്തൊരു വിരോധാഭാസമാണ്?
1985-ല്‍ ഷബാനു കേസില്‍ കോടതിവിധി വന്നതിനെ തുടര്‍ന്ന് ഏക സിവില്‍കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞത്. അന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുശീല ഗോപാലന്‍ ഏക സിവില്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി ഏക സിവില്‍കോഡ് നടപ്പാക്കാന്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തണമെന്നായിരുന്നു സി.പി.എമ്മിന്റെ ആഹ്വാനം. പാര്‍ട്ടി മുഖപത്രത്തിന്റെ ലൈബ്രറിയില്‍ തപ്പിയാല്‍ തെളിവുകള്‍ ഇപ്പോഴുമുണ്ടാകും. ഏക വ്യക്തിനിയമം വേണമെന്ന് വ്യക്തമായ നിലപാടെടുക്കുകയും ശരീഅത്തിനെ കടന്നാക്രമിക്കുകയും ചെയ്ത് 1987-ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കിവിടുകയാണ് ഇ.എം.എസും സി.പി.എമ്മും ചെയ്തത്.
എല്ലാ അര്‍ഥത്തിലും വര്‍ഗീയ ധ്രുവീകരണം വിധി നിശ്ചയിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ബി.ജെ.പിയും ഹിന്ദു മുന്നണിയും ആ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് വിഹിതം പരിശോധിച്ചാല്‍ സി.പി.എം ബോധപൂര്‍വം നടത്തിയ വര്‍ഗീയ പ്രചാരണത്തിന്റെ ആഴമറിയാം. അതേ സി.പി.എമ്മാണ് ഇപ്പോള്‍ ഏക സിവില്‍കോഡിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നത്. ഇ.എം.എസിന്റെ പഴയ നിലപാടില്‍നിന്ന് പിന്നോക്കം പോയോയെന്ന് സി.പി.എം വ്യക്തമാക്കണം. അതില്‍നിന്ന് മലക്കം മറിഞ്ഞെങ്കില്‍ കേരളത്തിലെ ജനങ്ങളോട് അത് തുറന്നുപറയാന്‍ തയാറാകണം. 1987ലെ വര്‍ഗീയ കുടിലതന്ത്രവും ഇ.എം.എസിന്റെ നിലപാടും തെറ്റായിരുന്നെന്ന് പറയാന്‍ സി.പി.എം തയാറുണ്ടോ?
ഏക സിവില്‍കോഡില്‍ വൈകിയാണ് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതെന്നാണ് ഇപ്പോള്‍ സി.പി.എം പറയുന്നത്. ഭരണഘടന നിലവില്‍വന്നതു മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഏകവ്യക്തി നിയമം നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴൊക്കെ രാജ്യത്ത് അതിനുള്ള അനുകൂല സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇപ്പോഴും വ്യക്തതയില്ലാത്തത് സി.പി.എമ്മിനാണ്. ബി.ജെ.പിയുടെ കെണിയില്‍ വീഴാന്‍ തയാറല്ലെന്നും ഏക സിവില്‍കോഡ് ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നതുമാണ് കേരളത്തില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും എക്കാലത്തെയും നിലപാട്. അതിലൊരു രാഷ്ട്രീയ മുതലെടുപ്പിനും കോണ്‍ഗ്രസില്ല.
Content Highlights: Today's Article written by v.t. satheeshan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."