72 ദിവസം ആര് തിരിച്ച് നല്‍കും
ഫര്‍സാന കെ
തീര്‍ത്തും പതിവുപോലെ പുലര്‍ന്നൊരു നാളില്‍, പുലര്‍ക്കാലം കൊണ്ടുതരുന്ന കുഞ്ഞുകുഞ്ഞു രസങ്ങളും സന്തോഷങ്ങളുംകൊണ്ട് തുടങ്ങിയൊരു നാളില്‍... കുശലം പറച്ചിലുകളും തിരക്കുകളുമായി വീട്ടില്‍ നിന്നിറങ്ങി തൊഴിലിടത്തിലെത്തിയ നാളില്‍ ഒട്ടുംനിനച്ചിരിക്കാതെ മിന്നായംപോലെ പൊലിസ് കയറിവരിക. എന്തെങ്കിലുമൊന്ന് ചിന്തിക്കാനോ പറയാനോ സമയംനല്‍കാതെ ഇതെന്തെന്ന് പകച്ചുനിന്ന ആ ആദ്യ നിമിഷത്തില്‍ തന്നെ 'തൊണ്ടിമുതല്‍' കണ്ടെടുക്കുക. സ്വപ്‌നമോ യാഥാര്‍ഥ്യമോ എന്ന് അങ്കലാപ്പ് വിടുംമുമ്പ് അറസ്റ്റിലാവുക, തടവിലാവുക. ഓര്‍ക്കുമ്പോള്‍ ഇനിയും ഞെട്ടല്‍ മാറിയിട്ടില്ല തൃശൂര്‍ ചാലക്കുടിയിലെ ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക്. ഈ നാടകങ്ങള്‍ക്കൊടുവില്‍ ജീവിതത്തിലെ 72 ദിവസങ്ങളാണ് അവര്‍ വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞത്. അതും താന്‍ ചിന്തകളില്‍പോലും ചെയ്യാത്തൊരു കാര്യത്തിന്.
ആ വൈകുന്നേരം....
കഴിഞ്ഞ ഫ്രെബുവരിയിലാണ് സാധാരണക്കാരിയായി ജീവിച്ചുപോന്ന ഷീല സണ്ണിയുടെ ജീവിതം തീര്‍ത്തും തകിടംമറിഞ്ഞത്. ഫെബ്രുവരി 27 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വനിതാ ഓഫിസര്‍ ഉള്‍പ്പെടെ ആറോളം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പാര്‍ലറിലെത്തുന്നു. രണ്ടുപേര്‍ യൂനിഫോമിലും ബാക്കിയുള്ളവര്‍ സിവില്‍ വേഷത്തിലും. പാര്‍ലറില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനം പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഷീല അവരോട് പേര്‍ത്തുംപേര്‍ത്തും പറഞ്ഞുകൊണ്ടേയിരുന്നു. ആരു കേള്‍ക്കാന്‍?
ബാഗിലും വാഹനത്തിലും ലഹരിമരുന്ന് ഒളിപ്പിച്ചതായി വിവരം കിട്ടിയെന്നായി അവര്‍. എന്നാല്‍പിന്നെ പരിശോധിക്കൂ എന്ന് ഷീലയും. കാരണം അത്രമേല്‍ ഉറപ്പായിരുന്നു അവര്‍ക്ക്, തന്റെ കൈയില്‍നിന്ന് ഒന്നുംതന്നെ കണ്ടെടുക്കാനാവില്ലെന്ന്. പിന്നീട് നടന്നതെല്ലാം മുന്‍കൂട്ടി രചിച്ച തിരക്കഥ. ആദ്യം ബാഗ് പരിശോധിക്കുന്നു. ബാഗിനു ചെറിയ കീറല്‍ കണ്ടെത്തുന്നു. (എന്നും കൈയില്‍ കൊണ്ടുനടന്നിട്ടും ഉപയോഗിച്ചിട്ടും ഷീല കണ്ടിട്ടില്ലാത്തൊരു കീറല്‍) ഒരുദ്യോഗസ്ഥന്‍ കത്രിക ഉപയോഗിച്ച്, കീറല്‍ കൂടുതല്‍ മുറിക്കുന്നു. അതിനുള്ളില്‍നിന്ന് ചെറിയ ഒരു പാക്കറ്റ് പുറത്തെടുക്കുന്നു. ഇതാണു ലഹരിമരുന്ന്; സ്റ്റാംപാണ്, തീര്‍ന്നു.
ഇത് എവിടെനിന്ന് നിങ്ങള്‍ക്കു കിട്ടി എന്നായിരുന്നു ആദ്യചോദ്യം. അറിയില്ലെന്നു മറുപടി. ബാഗ് മറ്റാരെങ്കിലും ഉപയോഗിക്കാറുണ്ടോ എന്ന് രണ്ടാംചോദ്യം. ഇല്ലെന്നു മറുപടി. പിന്നെ ഷീലയുടെ മകനെ വിളിച്ചുവരുത്തി. മകന്റെ സാന്നിധ്യത്തില്‍ പാര്‍ലറിനു താഴെ പാര്‍ക്കിങ് സ്ഥലത്തുള്ള സ്‌കൂട്ടറില്‍ രണ്ടാംഘട്ട പരിശോധന. സ്‌കൂട്ടറിന്റെ സീറ്റിന്റെ അടിയില്‍നിന്ന് ഇന്‍ഷുറന്‍സ് രേഖകള്‍ അടങ്ങിയ കവറില്‍നിന്ന് രണ്ടാം പാക്കറ്റും കണ്ടെടുക്കുന്നു. ഇതുപക്ഷേ, തന്നെ കാണിക്കുകപോലും ചെയ്തില്ലെന്നും ഷീല പറയുന്നു. മകനാണ് സ്‌കൂട്ടറില്‍നിന്ന് പാക്കറ്റ് കണ്ടെടുത്ത വിവരം പറഞ്ഞത്. ഒരുമാസമായി തന്നെക്കുറിച്ച് പരാതി ലഭിച്ചിട്ടെന്നും ഈ കാലയളവു മുഴുവന്‍ നിരീക്ഷണത്തിലായിരുന്നുവെന്നുംകൂടി പൊലിസ് പറഞ്ഞു. ഈ സമയമൊക്കെ വല്ലാത്ത സ്തംഭനാവസ്ഥയിലായിരുന്നു. ഒന്നും മനസിലാവുന്നില്ല. പിന്നെ എന്തൊക്കെയോ എഴുതിയശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് അവരെ ചാലക്കുടിയിലെ എക്‌സൈസ് ഓഫിസിലേക്കു കൊണ്ടുപോയി.
പത്രക്കാര്‍, ചാനലുകള്‍; മരവിച്ച നിമിഷങ്ങള്‍
ഇതിനിടെ കുറേ പത്രക്കാരും ചാനലുകാരും വന്നു. എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാകാതെ പകച്ചുനിന്ന ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്‌സൈസ് സംഘം മാധ്യമങ്ങള്‍ക്കു നല്‍കി. ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറാകാതിരുന്ന ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി. ഇതൊക്കെ വാര്‍ത്തയാകുമെന്നോ എന്നെ ജയിലില്‍ കൊണ്ടുപോകുമെന്നോ എന്നൊന്നും അവര്‍ക്ക് അറിയില്ലായിരുന്നു. പെട്ടെന്നുതന്നെ വീട്ടില്‍ വിടുമെന്നായിരുന്നു ധാരണ. തുടര്‍ന്ന് ജയിലിലേക്കു കൊണ്ടുപോയി. പിന്നീട് മെയ് 10നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ലഹരിപാക്കറ്റുകള്‍ താന്‍ വച്ചതല്ലെന്ന് ആദ്യംതന്നെ ഉദ്യോഗസ്ഥരോടു എക്‌സൈസ് ഓഫിസില്‍വച്ച് പറഞ്ഞിരുന്നു. ബാഗ് മറ്റാരും ഉപയോഗിക്കുന്നില്ലെന്നും വാഹനവും മറ്റെങ്ങും വയ്ക്കാറില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു ചോദ്യംചെയ്തപ്പോള്‍ സാമ്പത്തികബാധ്യതയുടെ കാര്യം ചോദിച്ചു. സാമ്പത്തിക ബാധ്യതയുള്ളതിനാല്‍ മയക്കുമരുന്നു കച്ചവടം നടത്തിയെന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
സംശയങ്ങളേറെ...
തനിക്കെതിരേ കെട്ടിച്ചമച്ച കേസില്‍ ദുരൂഹതകളേറെയുണ്ടെന്ന് ഷീല ആവര്‍ത്തിച്ചു പറയുന്നു. ബ്യൂട്ടി പാര്‍ലറില്‍ പരിശോധിക്കാന്‍ വന്നവര്‍ വേറെ എവിടെയും നോക്കിയില്ല. നേരെവന്ന് നോക്കിയത് ബാഗിലാണ്. ബാഗിലും വാഹനത്തിലുമാണു പാക്കറ്റുള്ളതെന്ന് എക്‌സൈസിനു വിവരം നല്‍കിയവര്‍ കൃത്യമായി അറിയിച്ചിരുന്നു. കുടുക്കിയതു തന്നെയാണ്. സംശയമുള്ളവരുടെ പേരുകള്‍ പറഞ്ഞിട്ടും എക്‌സൈസ് അവരെ ബന്ധപ്പെടുകയോ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ല. കുറ്റവാളിയെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു അവരുടെ നീക്കങ്ങള്‍- ഷീല പറയുന്നു. ഒരുമാസമായി പരാതി വന്നിട്ടെന്നു പറയുന്ന എക്‌സൈസിനു പക്ഷേ, എന്തുകൊണ്ട് ഇത്രയുംകാലം അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.
മകന്റെ ഭാര്യയുടെ ബന്ധുവിനെ സംശയമുണ്ടെന്നും അവര്‍ പറയുന്നു. അതിനു കാരണവുമുണ്ട്. പൊലിസ് അന്വേഷണത്തിനെത്തുന്നതിന്റെ തലേദിവസം ഇവര്‍ പാര്‍ലറില്‍ വന്നിരുന്നു. ബംഗളൂരുവില്‍നിന്ന് വന്ന ഇവര്‍ അന്ന് തന്റെ സ്‌കൂട്ടര്‍ ഉപയോഗിച്ചു. ബാഗിലും അവര്‍ ലഹരിമരുന്ന് ഒളിപ്പിച്ചതാവാം. കേസ് നടക്കുന്നതിനിടെ ഇവര്‍ ബംഗളൂരുവിലേക്ക് തിരിച്ചുപോയതും സംശയം അധികരിപ്പിക്കുന്നു. ഏതായാലും വിവരം നല്‍കിയ ആളെ കണ്ടുപിടിച്ചാല്‍ ഇതിനുപിന്നില്‍ ആരാണെന്നു വ്യക്തമാകും. കേസില്‍ കുടുക്കാൻ മാത്രം വലിയ ആളൊന്നുമല്ല. ഒരു സാധാരണ വീട്ടമ്മയാണ്. ചാലക്കുടിവിട്ട് അധികം പുറത്തുപോവാറില്ല. ലഹരിമരുന്നു കണ്ടിട്ടുപോലുമില്ല. എനിക്കു ശത്രുക്കളില്ല. വെറുമൊരു സാധാരണക്കാരിയായ തന്നെ ഇത്തരമൊരു കേസില്‍ കുടുക്കിയിട്ട് ആര്‍ക്കെന്തു നേട്ടമെന്നും ഷീല ചോദിക്കുന്നു.
വെറും കടലാസു കഷ്ണം!
ഇരുചക്രവാഹനത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് എക്‌സൈസ് കണ്ടെത്തിയ 'എല്‍.എസ്.ഡി സ്റ്റാമ്പുകള്‍' സ്റ്റാമ്പുമാതൃകയിലുള്ള 0.160 ഗ്രാം പേപ്പര്‍ കഷ്ണങ്ങളാണെന്നായിരുന്നു പരിശോധനാഫലം. കാക്കനാട്ടെ സര്‍ക്കാര്‍ റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ പരിശോധനാഫലം ഷീലയുടെ അഭിഭാഷകന്‍ നിഫിന്‍ പി. കരീമിനു കോടതി വഴിയാണു ലഭിച്ചത്. മെയ് 12നു പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ കോപ്പി ഒരാഴ്ച മുമ്പ് മാത്രമാണ് ഇവര്‍ക്കു ലഭിക്കുന്നത്.
ബാഗില്‍നിന്ന് 12 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി 27നാണ് എക്‌സൈസ് സംഘം ഷീലയെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ എക്‌സൈസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമാക്കുന്നതാണ് 'എല്‍.എസ്.ഡി ടെസ്റ്റ് നെഗറ്റീവ്' എന്ന റിപ്പോര്‍ട്ടോടെ കാക്കനാട് ലാബില്‍നിന്നു പുറത്തുവന്ന പരിശോധനാഫലം. 12 സ്റ്റാമ്പുകളിലും നടത്തിയ മൂന്നു ടെസ്റ്റുകളിലും ഫലം നെഗറ്റീവാണ്. മെയ് 12നു ലാബില്‍നിന്നു റിപ്പോര്‍ട്ട് ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫിസര്‍ക്കും സര്‍ക്കിള്‍ ഓഫിസര്‍ക്കും അയച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ ഇവ ഇരുഓഫിസുകളിലും ലഭിച്ചതുമാണ്. എന്നാല്‍, ഈ വിവരം ഷീലയെ അറിയിക്കാന്‍ എക്‌സൈസ് തയാറായില്ല.
ഒടുവില്‍ നീതി
72 ദിവസം നീണ്ട തടവിനും അതിലേറെ നീണ്ട വേദനകള്‍ക്കുമൊടുവില്‍ നീതിയുടെ വെളിച്ചം തേടിയെത്തിയിരിക്കുന്നു. ഷീലക്കെതിരായ ലഹരിക്കേസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്നാണ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി ഡിപ്പാര്‍ട്‌മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.
കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുടിയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് ഇയാള്‍. വ്യാജകേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നുവെന്നാണു കുറ്റം. എക്‌സൈസ് കമ്മിഷണറുടേതാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു ശേഷം ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടികള്‍ വരും. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഭൂമിക്കടിയിലേക്ക് താഴ്ത്തപ്പെട്ടിരുന്നെങ്കിലെന്ന് ആശിച്ചുപോയ കുറേ നാളുകളായിരുന്നു ജീവിതത്തില്‍ കഴിഞ്ഞുപോയത്. കുറേയേറെ കഷ്ടപ്പാടുകള്‍ക്കിടയിലും സുന്ദരമായി ഒഴുകിക്കൊണ്ടിരുന്ന ജീവിതത്തിലേക്കാണ് കൊടുങ്കാറ്റായി ഈ കേസ് വന്നുകയറിയത്. അന്നോളം സ്വരുക്കൂട്ടി വച്ചതെല്ലാം നിമിഷനേരംകൊണ്ട് ചിതറി. വിളിപ്പാടകലെ എത്തിയ വിദേശയാത്രാ സ്വപ്‌നംപോലും കൈവിട്ടു പോയി. കടങ്ങളെല്ലാം വീട്ടാനുള്ള വഴിയായിരുന്നു അത്. ജീവിതം താറുമാറായി. ഒരുപാട് വിഷമിച്ചു. ഏക വരുമാനമാര്‍ഗമായിരുന്നു ഏഴു വര്‍ഷമായി നടത്തിവന്നിരുന്ന ബ്യൂട്ടി പാര്‍ലര്‍. അത് അടച്ചുപൂട്ടേണ്ടി വന്നു. ലഹരിക്കേസ് പെട്ടെന്നുതന്നെ പുറത്തറിഞ്ഞതോടെ കെട്ടിട ഉടമ സ്ഥാപനം ഒഴിയാന്‍ നിര്‍ദേശിച്ചു. ബന്ധുക്കളില്‍നിന്നും നാട്ടുകാരില്‍നിന്നും ഒറ്റപ്പെട്ട്, അപമാനിതയായി കഴിഞ്ഞുകൂടിയ നാളുകള്‍. ഈ ദിവസങ്ങളത്രയും ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങള്‍ നിറംപിടിപ്പിച്ച കഥകളുമായി ഷീലയെയും കുടുംബത്തെയും വേട്ടയാടി. ജയിലില്‍വച്ച് ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചു. അവിടെ അതിനുള്ള സൗകര്യമില്ലാത്തതിനാല്‍ നടന്നില്ല.
എന്നാല്‍ ഞാന്‍ തെറ്റുചെയ്തിട്ടില്ല എന്ന ഉറപ്പ് പിന്നീടു ധൈര്യമായി. അതാണ് പിടിച്ചുനിര്‍ത്തിയത്. ഇനി എല്ലാം മറക്കണം. ജീവിതം പുതുതായി കരുപ്പിടിപ്പിക്കണം. അടച്ചുപൂട്ടിയ പാര്‍ലര്‍ തുറക്കാന്‍ മലപ്പുറം കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള തണല്‍ സംഘടന മുന്നോട്ടുവന്നിട്ടുണ്ട്. തണല്‍ വളണ്ടിയേഴ്‌സ് ചാലക്കുടിയിലെ വീട്ടിലെത്തി സഹായവാഗ്ദാനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."