മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം; 'ഷോ' കാണിക്കരുതെന്ന് മന്ത്രിമാര്‍
മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം; 'ഷോ' കാണിക്കരുതെന്ന് മന്ത്രിമാര്‍
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്ത് സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി.ശിവന്‍കുട്ടിയേയും ആന്റണി രാജുവിനെയും ജി.ആര്‍ അനിലിനെയും മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. ഇതിനിടെ മത്സ്യത്തൊഴിലാളികള്‍ ഷോ കാണിക്കരുതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.
പുലര്‍ച്ചെ നാലുമണിക്ക് അപകടമുണ്ടായിട്ടും കോസ്റ്റല്‍ പൊലിസിന്റെ ഭാഗത്തുനിന്നടക്കം രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നതിലുണ്ടായ അലംഭാവം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. മന്ത്രിമാര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടനെത്തന്നെ മത്സ്യത്തൊഴിലാളികള്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. നിരന്തരം അപകടം നടക്കുന്ന പ്രദേശമായിട്ടും അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ എന്തുകൊണ്ടാണ് ഒരുക്കാത്തതെന്ന് നാട്ടുകാര്‍ ചോദിച്ചു.
മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്ത് ഫാദര്‍ യുജീന്‍ പേരേരയാണെന്നും ഫാദര്‍ യുജീന്‍ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്ന് മന്ത്രിമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തി. ഡോണിയര്‍ വിമാനം, ഹെലികോപ്റ്റര്‍ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡ്, ലോക്കല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികള്‍ തിരച്ചില്‍ രാവിലെ തന്നെ ആരംഭിച്ചു.
ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് മന്ത്രിമാര്‍ സശ്രദ്ധം കേട്ടു. സ്‌കൂബാ ഡൈവേഴ്‌സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തില്‍ മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. മന്ത്രിമാര്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. നാട്ടുകാര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."