മരണം വിതച്ച് മഴ; മൂന്നു ദിവസംകൊണ്ട് ഉത്തരേന്ത്യയില്‍ ജീവന് നഷ്ടമായത് 34 പേര്‍ക്ക്
മരണം വിതച്ച് മഴ; മൂന്നു ദിവസംകൊണ്ട് ഉത്തരേന്ത്യയില്‍ ജീവന് നഷ്ടമായത് 34 പേര്‍ക്ക്
ന്യൂഡല്‍ഹി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഉത്തരേന്ത്യ. വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുന്നു. മഴക്കെടുതിയില്‍ മൂന്നു ദിവസംകൊണ്ട് 34 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നിരവധി നഗരങ്ങളിലെ കെട്ടിടങ്ങളും വീടുകളും ഇപ്പോഴും വെള്ളത്തിലാണ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ഹിമാചലിലാണ്. വെള്ളത്തിലൂടെ വാഹനങ്ങള്‍ ബോട്ടുകള്‍ കണക്കെ ഒഴുകി പോകുന്ന നിരവധി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. നിരവധി വീടുകളും കെട്ടിടങ്ങളുമാണ് തകര്‍ന്നത്. കുളു, മണാലി, കിണ്ണാവുര്, ചമ്പ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി. ഇവിടങ്ങളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അടുത്ത 24 മണിക്കൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു അപേക്ഷിച്ചിരിക്കുന്നത്. ഡല്‍ഹിയിലെയും ഗുര്‍ഗാവോണിലെയും സ്കൂളുകള്‍ അടച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ 16 കണ്ട്രോള് റൂമുകളാണ് തുറന്നത്.
നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മഴ പെയ്യുന്ന ഡല്‍ഹിയിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. നോര്‍ത്തേണ്‍ റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ലഡാക്കില്‍ കനത്ത മഴയ്ക്ക് പുറമെ മഞ്ഞുവീഴ്ചയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."