അഖണ്ഡതയോടുള്ള വെല്ലുവിളി
അഡ്വ.വി.കെ ബീരാൻ
സിവിൽ പ്രോസീജിയർ കോഡ് പാസാക്കുക വഴി വ്യക്തിനിയമത്തിലെ പല വ്യവസ്ഥകളെയും രാജ്യത്ത് ഇല്ലാതാക്കപ്പെട്ടു. എന്നാൽ 175 വർഷത്തെ ബ്രിട്ടീഷ് ഭരണം അടിസ്ഥാനപരമായ പല വ്യക്തിനിയമങ്ങളിലും ഇടപെട്ടില്ല. ഈ അവസരത്തിൽ പല സമുദായങ്ങളുടെയും വിവാഹ നിയമവും അനന്തരാവകാശ നിയമവും മതപരമായ നിയമങ്ങളുടെ അടിസ്ഥാനത്തിലായതിനാൽ അതുപേക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങൾക്കും വളരെ പ്രയാസമായിരിക്കും. അത് മുസ്‌ലിം സമുദായത്തിന് മാത്രമുള്ളതല്ല, ഹിന്ദുക്കളുൾപ്പെടെ ഇന്ത്യയിലെ പല വിഭാഗങ്ങൾക്കും അവരുടെ മതവും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്.
ഇതിനിടെ മദ്രാസിൽ നിന്നുള്ള ബി. പോക്കർ, ഇസ്മാഇൗൽ സാഹിബിന്റെ ഭേദഗതിയെ ശക്തമായി പിന്തുണച്ച് ഭരണഘടന നിർമാണസഭയിൽ സംസാരിക്കുകയുണ്ടായി. ഇസ്മാഇൗൽ സാഹിബ് അവതരിപ്പിച്ച ഭേദഗതി വളരെയേറെ മിതവും നീതിപൂർവകവുമാണെന്നും മുസ്‌ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമാണെന്ന നിലയിൽ അതിനെ പരിഗണിക്കരുതെന്നും ഇത് എല്ലാ വിഭാഗക്കാർക്കും അവരുടെ മതവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്രാസിൽ നിന്നുള്ള മെഹബൂബ് അലിബേഗ് അനുച്ഛേദം 35ൽ തന്റെ ഭേദഗതി അവതരിപ്പിച്ചു. അനുച്ഛേദം 35ൽ പറയുന്ന ഒന്നും രാജ്യത്തെ പൗരന്മാരുടെ വ്യക്തിനിയമത്തെ ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി.
സിവിൽകോഡ് എന്ന അനുച്ഛേദം 35ലെ വാക്കുകൾ കൃത്യമായി പറഞ്ഞാൽ പൗരന്മാരുടെ വ്യക്തിനിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്നാണ് അദ്ദേഹം വാദിച്ചത്.ബിഹാർ അംഗം ഹുസൈൻ ഇമാമും അനുച്ഛേദം 35ൽ അവതരിപ്പിക്കപ്പെട്ട ഭേദഗതികളെ പിന്താങ്ങി സംസാരിച്ചു. ഇത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാൻ എങ്ങനെയാണ് സാധിക്കുക? സിവിൽ നിയമങ്ങളിൽ വൈരുധ്യമാവശ്യമാണന്ന് ഇന്ത്യയുടെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാണിച്ച് ഹുസൈൻ ഇമാം സമർഥിച്ചു. നിങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരേപോലെ വികസിച്ച ഒരു രാജ്യത്തെ പ്രശ്‌നങ്ങളല്ലെന്നും അസമിലെ ഗോത്രവർഗക്കാരെപ്പോലുള്ളവരെ നാം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വളരെ പിന്നോക്കമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളും. രാജ്യം ഒരേപോലെ വികസിച്ച് കഴിഞ്ഞിട്ടു പൊതുസിവിൽ നിയമത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഭയപ്പാടിലാണ്. അതുകൊണ്ട് ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങൾ ആവശ്യമുള്ള സംരക്ഷണം ഈ പ്രശ്‌നത്തിൽ ന്യൂനപക്ഷങ്ങൾക്ക് കൊടുക്കണം. ഡോ. അംബേദ്ക്കറിന് ഇതിനൊരു പരിഹാരം കാണാൻ കഴിയുമെന്ന ഉറച്ച വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ഹുസൈൻ ഇമാം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഭരണഘടന നിർമാണ സമിതിയിൽ മുസ് ലിം അംഗങ്ങൾ ഉന്നയിച്ച വാദങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങളായ ഡോ. കെ.എം മുൻഷിയും പിന്നീട് അല്ലാടി കൃഷ്ണസ്വാമി അയ്യരും സംസാരിച്ചു. ഒട്ടേറെ ഹൈന്ദവ സുഹൃത്തുക്കൾക്ക് സഭയിൽ മുസ്‌ലിം അംഗങ്ങൾ പ്രകടിപ്പിച്ച അഭിപ്രായമാണ് യൂനിഫോം സിവിൽ കോഡിനെപ്പറ്റിയുള്ളതെന്ന് ഡോ. കെ.എം മുൻഷി സമ്മതിച്ചു. അവരും മുസ്‌ലിംകളെപ്പോലെ സ്വത്തവകാശ നിയമവും പിന്തുടർച്ചാവകാശ നിയമവും മതവിശ്വാസത്തിന്റെ ഭാഗമായാണ് കാണുന്നത്. ഭരണഘടന ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ബി.ആർ അംബേദ്ക്കർ മറുപടി പ്രസംഗത്തിൽ അംഗങ്ങൾ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങൾക്കെല്ലാം മറുപടി പറഞ്ഞു.
അംബേദ്ക്കറുടെ അഭിപ്രായത്തിൽ പൗരന്മാരുടെ ഇച്ഛാനുസരണം മാത്രമേ അവരുടെ ആചാരങ്ങളെ മാറ്റിമറിക്കുന്ന നിയമങ്ങൾ നിർമിക്കാനാകൂ എന്നാണ്.
ഏകപക്ഷീയമായി ഏക സിവിൽകോഡ് രാജ്യത്ത് നടപ്പാക്കാൻ കഴിയില്ലെന്ന് മാത്രമല്ല, അത് അനുച്ഛേദം 25ൽ രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനവുമാകും. ഏക സിവിൽകോഡിനുവേണ്ടി നിലകൊള്ളുന്നവരുടെ പ്രധാന വാദം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏക സിവിൽകോഡ് ആവശ്യമാണെന്നാണ്. എന്നാൽ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി 1996ൽ ആന്ധ്രപ്രദേശിൽ നിന്നുള്ള പന്നലാൽ ബൻസിലാൽ പട്ടീൽ കേസിൽ ഭാരതം പോലൊരു ബഹുസ്വര സമൂഹത്തിൽ ഇത്തരം ഒരേതരം നിയമം ഒരുപക്ഷേ അഭികാമ്യമായിരിക്കുമെങ്കിലും ദേശീയ ഐക്യത്തിന് വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും അത്യന്താപേക്ഷിതമായത് എല്ലാ വിഭാഗം വിശ്വാസികളേയും ചേർത്തുപിടിച്ചുകൊണ്ടുള്ള നിയമനിർമാണമാണ്.
ഇന്ത്യയിലെ 140 കോടി ജനങ്ങളെ സംബന്ധിച്ചിടത്തോളം അനുച്ഛേദം 44നേക്കാൾ പ്രധാനപ്പെട്ടതാണ് അനുച്ഛേദം 47. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ മദ്യവും മയക്കുമരുന്നും നിരോധിക്കാനാണ് അതിൽ പറയുന്നത്. ഇതിനോട് രാജ്യത്തെ 99 ശതമാനം ജനങ്ങളും അനുകൂലിക്കുന്നതാണെങ്കിലും എന്തുകൊണ്ടാണ് അനുച്ഛേദം 47 നടപ്പാക്കാതെ ഏക സിവിൽ നിയമം നടപ്പാക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായുള്ള സംഘ്പരിവാർ അജൻഡയാണിത്.
രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ആഗ്രഹിക്കുന്ന ഹിന്ദുക്കളും മുസ്‌ലിംകളും മാത്രമല്ല ദേശസ്‌നേഹികളായ സർവ ഭാരതീയരും ഏക സിവിൽ നിയമത്തിന് എതിരാണ്. കാരണം അവർ ആദരിക്കുന്ന അനന്തരാവകാശനിയമം, വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങൾ മതപരമായ പ്രാധാന്യമുള്ളതാണ്.
മറിച്ചൊരു കാര്യത്തിന് ഇന്ത്യൻ ജനതയെ നിർബന്ധിച്ചാൽ സംഭവിക്കാൻ പോവുന്നത് രാഷ്ട്രീയ ലാഭത്തിനായി സർവ മതശാസനകളെയും അവഹേളിച്ച സോവിയറ്റ് യൂനിയന്റെ അനുഭവമാകും. രാജ്യസ്‌നേഹികൾ ഒത്തൊരുമിച്ച് സംഘടിക്കേണ്ട സമയമാണിത്. ഇതൊരു മുസ്‌ലിം പ്രശ്‌നമേയല്ല; ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നിലനിൽക്കണമോ വേണ്ടയോ എന്നു തീരുമാനിക്കപ്പെടുന്ന വിഷയമാണ്.
(അവസാനിച്ചു)
Content Highlights:today's article about ucc written by adv.v.k.beeran
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."