ഇഞ്ചിക്ക് ട്രിപ്പിള്‍ സെഞ്ച്വറി, ഡബിളടിക്കാന്‍ ചെറിയ ഉള്ളി, തൊട്ടുപിന്നില്‍ തക്കാളിയും; പച്ചക്കറി വിലയില്‍ 'വീറുറ്റ പോരാട്ടം'
ഇഞ്ചിക്ക് ട്രിപ്പിള്‍ സെഞ്ച്വറി, ഡബിളടിക്കാന്‍ ചെറിയ ഉള്ളി, തൊട്ടുപിന്നില്‍ തക്കാളിയും; പച്ചക്കറി വിലയില്‍ 'വീറുറ്റ പോരാട്ടം'
കൊച്ചി: കടയില്‍ ചെന്ന് ഒരുകിലോ തക്കാളി, ഒരുകിലോ ചെറിയ ഉള്ളി എന്നൊക്കെ ആവശ്യപ്പെട്ടിരുന്ന കാലം പോയി. ഇപ്പോള്‍ ഒരുചെറിയ ഉള്ളിയുടെയും ഒരു തക്കാളിയുടെയുമൊക്കെ വിലയാണ് വിപണിയില്‍ ചര്‍ച്ച. തക്കാളി വില കിലോയ്ക്ക് 140 രൂപ കടന്നപ്പോള്‍ ഒരു ഇടത്തരം തക്കാളിയുടെ കൊച്ചിയിലെ വിപണി വില 13രൂപയായി. പച്ചക്കറിക്കടയില്‍പോയി കിലോ കണക്കിന് സാധനങ്ങള്‍ വാങ്ങുന്ന ശീലം മലയാളി ഉപേക്ഷിച്ചുകഴിഞ്ഞു. ഇപ്പോള്‍ ആവശ്യത്തിനനുസരിച്ച് കാല്‍കിലോയും നൂറ് ഗ്രാമുമൊക്കെ പൊതിഞ്ഞുവാങ്ങുകയണ് മലയാളി. സാമ്പാര്‍ പോലും മലയാളിക്ക് ആഡംബരമായി മാറുകയാണ്. നേരത്തെ ഒരു സാമ്പാര്‍ കിറ്റ് 50 രൂപയ്ക്ക് കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ സാമ്പാറിന് ആവശ്യമായ വിവിധ ഇനം പച്ചക്കറികള്‍ തിരഞ്ഞെടുത്ത് വാങ്ങിയാല്‍ പോലും മുന്നൂറിലധികം രൂപയാകും വില.
ഇഞ്ചി വില ജൂണ്‍ അവസാന വാരത്തിലെ 230 രൂപയില്‍നിന്ന് 260-300 രൂപയിലേക്ക് കുതിച്ചതായാണ് റിപ്പോര്‍ട്ട്. ചെറിയ ഉള്ളിക്ക് വില 200 രൂപ വരെയായി. 100 രൂപയില്‍നിന്നാണ് രണ്ടാഴ്ചകൊണ്ട് വില 100 രൂപ ഉയര്‍ന്നത്. വെളുത്തുള്ളി വിലയും കിലോയ്ക്ക് 200ന് അടുത്തെത്തി. അതേസമയം, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്‌ക്കൊന്നും വില കൂടിയിട്ടില്ല. സവാളയ്ക്ക് 22-26 രൂപയും ഉരുളക്കിഴങ്ങിന് 26-35 രൂപയുമാണ് വില. മുരിങ്ങക്കായ വില 60 രൂപയില്‍നിന്ന് 42-55 രൂപയായി കുറഞ്ഞിട്ടുണ്ട്. ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയവയ്‌ക്കെല്ലാം വില 60 രൂപയോളമാണ്. ബീന്‍സിന് 77 രൂപ വരെ വിലയുണ്ട്.
ജീരകത്തിനും പൊന്നും വില
ജീരകത്തിന്റെ മൊത്ത വിപണിയില്‍ 550-600 രൂപയായിരുന്നത് 640-650 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. ചില്ലറ വിപണിയില്‍ 900 രൂപ വരെയാണ് വില. പെരുംജീരകത്തിന് വില മൂന്നാഴ്ചകൊണ്ട് 350 രൂപയായി ഉയര്‍ന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 400 രൂപയിലധികമാണ് വില.
ഇപ്പോഴത്തെ വില വര്‍ധനവിന് കൃത്യമായ കാരണമൊന്നും ആര്‍ക്കും പറയാനില്ല. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കൃഷി നാശം, ഉല്‍പാദനക്കുറവ് തുടങ്ങിയ പതിവ് കാരണങ്ങളാണ് മൊത്തവ്യാപാരികള്‍ നിരത്തുന്നത്. മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമായതോടെ വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണമെന്നും ഇവര്‍ പറയുന്നു. മഴ കാരണം ചെറിയ ഉള്ളി ചീഞ്ഞുപോകുന്നതും വിലക്കയറ്റത്തിന് കാരണമായി.
അതേസമയം വില നിയന്ത്രണത്തിന് ഫലപ്രദമായ ഇടപെടലുകളൊന്നും സര്‍ക്കാര്‍ തലത്തിലും നടക്കുന്നില്ല. ഇപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഒന്നരമാസം കഴിഞ്ഞ് വരാനിരിക്കുന്ന ഓണത്തിന് എന്തായിരിക്കും സ്ഥിതി എന്ന ആശങ്കയിലാണ് മലയാളികള്‍.
നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവിലയിട്ടാല്‍ പിടിവീഴും
വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തിവയ്പ്പ് പൂര്‍ണമായും ഒഴിവാക്കാനാവണം. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പൊലിസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിനു തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാ കലക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേവില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും കലക്ടര്‍മാര്‍ അവലോകനം നടത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ മന്ത്രിമാരായ ജി.ആര്‍ അനില്‍, വി.എന്‍ വാസവന്‍, കെ. രാജന്‍, പി. പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാര്‍, സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കലക്ടര്‍മാര്‍, ജില്ലാ പൊലിസ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."