പ്രതികള്‍ക്കുള്ള ശിക്ഷ ഇരയ്ക്ക് കിട്ടിക്കുന്ന നീതിയല്ല; തന്നെ ഉപദ്രവിച്ചവരുടേയും മുറിവുകള്‍ മാറട്ടെയെന്ന് പ്രൊഫ. ടി.ജെ ജോസഫ്
പ്രതികള്‍ക്കുള്ള ശിക്ഷ ഇരയ്ക്ക് കിട്ടിക്കുന്ന നീതിയല്ല; തന്നെ ഉപദ്രവിച്ചവരുടേയും മുറിവുകള്‍ മാറട്ടെയെന്ന് പ്രൊഫ. ടി.ജെ ജോസഫ്
കൊച്ചി: പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന് ടി.ജെ. ജോസഫ്. വിചാരണ നേരിട്ടവരും ആയുധങ്ങള്‍ മാത്രമാണെന്നും തീരുമാനമെടുത്തവര്‍ ഇന്നും കാണാമറയത്താണെന്നും അദ്ദേഹം പ്രതികരിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ച സാഹചര്യത്തിലാണ് പ്രതികരണം.
'2015 ല്‍ ആദ്യഘട്ട വിധി വന്നപ്പോള്‍ പറഞ്ഞതേ ഇപ്പോഴും പറയാനുള്ളു. പ്രതികളെ ശിക്ഷിക്കുന്നതില്‍ ഉത്ക്കണ്ഠയില്ല. സാധാരണ പൌരനെ പോലെ കൌതുകമേയുള്ളു. രാജ്യത്തിന്റെ നീതി നടപ്പാക്കുന്നുവെന്ന് മാത്രം. പ്രതികളും എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണ്. പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളില്‍ നിന്നും എല്ലാവര്ക്കും മോചനം ലഭിക്കണം.-അദ്ദേഹം പറഞ്ഞു.
പ്രതിയെ ശിക്ഷിച്ചത് കൊണ്ട് ഇരയ്ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാ ധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പാക്കപ്പെടുന്നുവെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമവ്യവസ്ഥയ്ക്കുള്ള പ്രശ്നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ല. ഈ പ്രതികളെല്ലാം മറ്റ് പലരുടേയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. ഇതിനെല്ലാം നിര്‍ദ്ദേശിച്ചവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ അവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അവരെല്ലാം കാണാ മറയത്താണ്. ആരും എന്റെ ജീവിതം തകര്‍ത്തുവെന്ന് കരുതുന്നില്ല. ചില കാര്യങ്ങള്‍ ജീവിതത്തെ മാറ്റി മറിച്ചുവെന്ന് മാത്രമേ വിചാരിക്കുന്നുവുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."