മൗനിയായ ധിക്കാരി
ഡോ.ബി. ഇഫ്ത്തിഖാർ അഹമ്മദ്
പിതാവിൽനിന്ന് പഠിച്ച പിയാനോ വായനയിലൂടെയാണ് മിലൻ കുന്ദേര എന്ന ചെക്കോസ്ലോവാക്യൻ യുവാവ് തന്റെ പ്രൊഫഷനൽ ജീവിതത്തിന്റെ ആദ്യ ചുവടുവയ്പ്പുകൾ നടത്തുന്നത്. പിന്നീടത് മ്യുസിക്കോളജി എന്ന വിഷയത്തിൽ അഗാധ ജ്ഞാനമുണ്ടാക്കാനായുള്ള വഴിത്തിരിവായി മാറി. എഴുത്തിന്റെ വാതിലുകൾ തുറന്ന് വിശ്വസാഹിത്യത്തിന് അപൂർവങ്ങളായ രത്നങ്ങൾ സമ്മാനിച്ച കുന്ദേരയുടെ രചനകളിൽ സംഗീതത്തിന്റെ നൊട്ടേഷനുകളും രാഗഭാവങ്ങളും ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നത് കാണാം.
യുദ്ധപൂർവ ചെക്കോസ്ലോവാക്യൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ മണ്ണിലാണ് കുന്ദേര ജനിച്ച് വളരുന്നത്. കൗമാരത്തിൽ, പ്രത്യയശാസ്ത്രപരമായി ആകർഷിക്കപ്പെട്ട്, ചെക്ക് കമ്യുണിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അദ്ദേഹത്തിന് വയസ് പത്തൊമ്പത്. 1948 ലാണ് കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുന്നത്. സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയായിരുന്ന പാർട്ടിയുടെ രീതികളെയും ചെയ്തികളെയും ചോദ്യം ചെയ്ത തന്റെ കൂട്ടുകാരായ പാർട്ടിപ്രവർത്തകരെ, പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കി പീഡിപ്പിക്കാൻ തുടങ്ങിയത് കുന്ദേരയിൽ ചിന്താ വ്യതിയാനമുണ്ടാക്കി.
'സ്വതന്ത്രമായി അഭിപ്രായം തുറന്നുപറയുന്ന ഒരാളെപ്പോലും ബന്ധിക്കരുത്' എന്ന് വിളിച്ച് പറഞ്ഞുകൊണ്ട്, കുന്ദേര പാർട്ടിക്കുള്ളിൽ റിവിഷനിസ്റ്റ് വിപ്ലവം തുടങ്ങി. 1975 ൽ നാടുകടത്തപ്പെട്ട അദ്ദേഹം ഫ്രാൻസിൽ അഭയം തേടി. 'എന്നെ ഫ്രഞ്ച് എഴുത്തുകാരൻ എന്ന് മാത്രമേ വിളിക്കാവൂ' എന്ന്, 1981ൽ ഫ്രാൻസിന്റെ പൗരത്വം സ്വീകരിച്ച് കൊണ്ട് കുന്ദേര പ്രഖ്യാപിച്ചു. ദീർഘകാലം പലവിധ അസുഖങ്ങളിലൂടെകടന്നുപോയ ശേഷമാണ് ഇന്നലെ പാരീസിൽവച്ച് അദ്ദേഹം, 94ാം വയസിൽ അന്തരിച്ചത്.
കുന്ദേരയുടെ രചനാലോകം
കമ്യൂണിസ്റ്റ് ആശയങ്ങളെ പാടിപ്പുകഴ്ത്തുന്ന കവിതകളിലൂടെയാണ് മിലൻ കുന്ദേര തൂലികയുടെ സാന്നിധ്യം ചുറ്റുമുള്ളവരെ അറിയിക്കുന്നത്. പക്ഷേ, അധികാര ദുർമേദസിൽ ചീഞ്ഞളിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന അതെ പ്രത്യയശാസ്ത്രത്തെ നവീകരിച്ചെടുക്കാനുള്ള തത്രപ്പാടുകളാണ് പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നിരൂപണങ്ങളിലും വിമർശനങ്ങളിലും മുഴച്ചുനിന്നത്. നോവലുകളിൽ സാഹിത്യഭംഗിയും തത്വജ്ഞാനവും ഇഴപിരിച്ച് വായനക്കാരെ അത്ഭുതകരമായ ഒരു ലോകത്തേക്ക് കുന്ദേര കൈപിടിച്ച് നടത്തി.
'ദ് ജോക്ക്' എന്ന ആദ്യ നോവൽ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തെ അടച്ചാക്ഷേപിക്കുന്ന മട്ടിലുള്ള സറ്റയർ ആണ്. ഒരു വിദ്യാർഥി പങ്കുവയ്ക്കുന്ന സ്വകാര്യ തമാശ അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും കമ്യൂണിസ്റ്റ് ഭരണത്തിൽ ചെക്കോസ്ലോവാക്യയുടെ നാടോടി പാരമ്പര്യങ്ങളുടെയും മതങ്ങളുടെയും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ വർണിക്കുകയും പല വേഷങ്ങളുമായി അവന്റെ കാമുകിമാരുടെയും സുഹൃത്തുക്കളുടെയും കെട്ടുപിണഞ്ഞ കഥകളും വിവരിക്കുന്നു,
'ദ് ജോക്ക്'
സ്വന്തം നാട്ടുകാരനായ കാഫ്കയുടെയും സ്പാനിഷ് എഴുത്തുകാരനായ മിഗ്‌യുവെൽ സെർവാന്തെയുടെയും സ്വാധീനം കുന്ദേരയുടെ കൃതികളിൽ നന്നായി പ്രതിഫലിക്കുന്നത് കാണാം. രാഷ്ട്രീയ വിവാദങ്ങളിലും കോലാഹലങ്ങളിലും പെട്ട് തികഞ്ഞ ദേശീയവാദിയായ ജെറോമിൽ എന്ന സാങ്കൽപ്പിക കവിയുടെ ആക്ഷേപഹാസ്യ ചിത്രീകരണമാണ് പിന്നീട് പുറത്തുവന്ന 'ലൈഫ് ഈസ് എൽസ്വേർ' എന്ന നോവൽ.
ഫ്രാൻസിലേക്ക് കടന്നശേഷം, 1979 ൽ പ്രസിദ്ധീകരിക്കപ്പെട്ട 'ദ ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫോർഗറ്റിങ്' ആണ് കുന്ദേരയെ ലോകസാഹിത്യത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുന്നത്. ചെക്ക് പൗരന്മാർ വിവിധ തരത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ നടത്തുന്ന പ്രതിവിപ്ലവ പ്രവർത്തനങ്ങളുടെ ഓർമപ്പുസ്തകമാണ് ഈ കൃതി. നോവലിന്റെയും ചെറുകഥയുടെയും ഓർമകളുടെയുമൊക്കെ മിശ്രിതമായ ഒരു പ്രത്യേക ആഖ്യാന രീതിയാണ് ഇതിൽ അദ്ദേഹം അവലംബിച്ചിട്ടുള്ളത്.
ജന്മനാടിനെ അതിക്രമിച്ച് അധിനിവേശം നടത്തിയ സോവിയറ്റ് യൂനിയനെ നിശിതമായി വിമർശിച്ചുകൊണ്ടിരുന്ന കുന്ദേരയെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും 1968ൽ ഭരണകൂടം ഔദ്യോഗികമായി നിരോധിച്ചു.
'ദി അൺബെയറബിൾ ലൈറ്റ്‌നസ് ഓഫ് ബീയിംഗ്', 'ഇമ്മോർട്ടലിറ്റി', 'ഇഗ്നോറൻസ്', 'ഐഡന്റിറ്റി' എന്നിങ്ങനെയുള്ള മികവാർന്ന രചനകളും അദ്ദേഹത്തിലൂടെ വായനാലോകത്തിന് ലഭിച്ചു.
ഫിക്ഷനും തത്ത്വചിന്തയും
'താൻ താമസിക്കുന്ന സ്ഥലം വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി അസന്തുഷ്ടനാണ്' എന്നത് അടക്കമുള്ള, സറ്റയറിൽ മുങ്ങിക്കുളിക്കുന്ന നിരവധി നിരീക്ഷണങ്ങൾ, അദ്ദേഹത്തിന്റെ കൃതികളിൽ ഉടനീളം കാണാം. അധികാര ദുർമേദസ് കാരണം പ്രത്യയശാസ്ത്രങ്ങൾ തകർന്നടിയും എന്ന് യൂറോപ്പിലെ കമ്യൂണിസ്റ്റ് സർക്കാരുകളെ നോക്കി ഉറക്കെ വിളിച്ചു പറയുകയും പ്രവചിച്ച് തെളിയിക്കുകയും ചെയ്തിട്ടുണ്ട്, അദ്ദേഹം.
കുന്ദേര തന്റെ കഥപറച്ചിലിന്റെ ഫാബ്രിക്കിൽ ദാർശനിക ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പരമ്പരാഗത സാഹിത്യ അതിരുകളെ വെല്ലുവിളിക്കുന്നു. ആഖ്യാനത്തിന്റെയും തത്ത്വചിന്തയുടെയും ഈ സംയോജനം സമ്പന്നവും ബഹുതലങ്ങളുള്ളതുമായ വായനാനുഭവം സൃഷ്ടിക്കുന്നു. ആകർഷകമായ കഥകളിൽ മുഴുകിയിരിക്കുമ്പോൾ മനുഷ്യാവസ്ഥയുടെ സങ്കീർണതകളെക്കുറിച്ച് ചിന്തിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. മാത്രമല്ല, എഴുത്ത് സ്വഭാവരൂപീകരണത്തിന്റെ ശ്രദ്ധേയമായ ആഴം പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾക്ക് ഒരു നിഗൂഢ ഗുണമുണ്ട്, പലപ്പോഴും ആർക്കിറ്റൈപ്പുകളെ പ്രതിനിധീകരിക്കുന്നു അല്ലെങ്കിൽ ചില തത്ത്വചിന്താപരമായ ആശയങ്ങൾ ഉൾക്കൊള്ളുന്നു.
കുന്ദേരയുടെ രചനകളിലെ ശ്രദ്ധേയമായ മറ്റൊരു വശം ഭാഷയിലും ശൈലിയിലുമുള്ള സൂക്ഷ്മ ശ്രദ്ധയാണ്. ഗദ്യം ഗംഭീരവും കാവ്യാത്മകമായ സംവേദനക്ഷമതയും നിറഞ്ഞതാണ്. രൂപകങ്ങളുടെയും ഉപമകളുടെയും ഉപയോഗം വിവരണങ്ങൾക്ക് അർഥത്തിന്റെ പാളികൾ ചേർക്കുന്നു. കൃതികളെ ഒന്നിലധികം തലങ്ങളിൽ വ്യാഖ്യാനിക്കാൻ വായനക്കാരെ അനുവദിക്കുന്നു.
ദാർശനിക പര്യവേക്ഷണങ്ങൾ കുന്ദേരയുടെ കഥപറച്ചിലിനെ മറികടക്കുന്നു. ഇത് ഒരുപരിധിവരെ ബൗദ്ധിക അമൂർത്തീകരണത്തിലേക്ക് നയിക്കുന്നു എന്ന് ചില വിമർശകർ വാദിക്കുന്നുണ്ട്. ആശയങ്ങളുടെ ഭാരം ചിലപ്പോൾ കഥാപാത്രങ്ങളോടും ഇതിവൃത്തത്തോടുമുള്ള വൈകാരിക ഇടപെടലിനെ മറികടക്കാൻ ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൃതികൾ നിസ്സംശയമായും ബൗദ്ധിക ഉത്തേജനം നൽകുമെങ്കിലും കൂടുതൽ പരമ്പരാഗത ആഖ്യാന ഘടന തേടുന്ന വായനക്കാരുമായി അവ പ്രതിധ്വനിച്ചേക്കില്ല.
ബൗദ്ധിക പര്യവേക്ഷണവും വൈകാരിക അനുരണനവും തമ്മിലുള്ള അസന്തുലിതാവസ്ഥ സംബന്ധിച്ച് ചില സംവരണങ്ങൾ ഉണ്ടായിരുന്നിട്ടും സാഹിത്യത്തിനുള്ള കുന്ദേരയുടെ സംഭാവനകൾ വായനക്കാരെ ആകർഷിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്.
വിവാദങ്ങളുടെ തൊട്ടിലിൽ മാത്രമേ കുന്ദേര കിടന്നുറങ്ങിയിട്ടുള്ളൂ. മാധ്യമങ്ങളോട് സംസാരിക്കാൻ ഇഷ്ടപ്പെടാത്ത, ധിക്കാരിയായൊരു മനുഷ്യൻ. അർഹതപ്പെടാത്ത പലർക്കും നൊബേൽ പുരസ്കാരം ലഭിച്ചപ്പോൾ അദ്ദേഹം ഒരക്ഷരം അതിനെതിരേ ഉരിയാടിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ എഴുത്തുകൾ വായിച്ചനുഭവിച്ച കോടിക്കണക്കിന് വായനക്കാർ നൊബേലിനേക്കാളും വലിയ പുരസ്‌കാരങ്ങൾ സമ്മാനിച്ച് കുന്ദേരയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.
Content Highlights:Today's Article About Milan Kundera
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."