ഗോ ഫസ്റ്റ് എയർ ഉടൻ തുടങ്ങിയേക്കും; ഓഡിറ്റ് പരിശോധന പുരോഗമിക്കുന്നു, കണ്ണൂർ വിമാനത്താവളത്തിന് നേട്ടം
ഗോ ഫസ്റ്റ് എയർ ഉടൻ തുടങ്ങിയേക്കും; ഓഡിറ്റ് പരിശോധന പുരോഗമിക്കുന്നു, കണ്ണൂർ വിമാനത്താവളത്തിന് നേട്ടം
മസ്കത്ത്: ഏറെ നാളുകളായി സർവീസ് നിർത്തിവെച്ച ഗോ ഫസ്റ്റ് എയർ സർവീസ് ഉടൻ പുനരാംഭിക്കുമെന്ന് റിപ്പോർട്ട്. ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് തിരിച്ചെത്തുന്നത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. ഗോ ഫസ്റ്റ് എയറിന്റെ സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തിയ ശേഷം സർവിസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം തുടക്കത്തിൽ ഭാഗികമായാകും സർവീസുകൾ തുടങ്ങുക.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് സ്പെഷൽ ഓഡിറ്റ് റിപ്പോർട്ട് വിശകലനം നടത്തുന്നത്. മൂന്നു ദിവസങ്ങളിലായാണ് ഓഡിറ്റ് പരിശോധന നടന്നത്. ഇനി റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് എയർലൈനിന്റെ ഭാവി സംബന്ധമായ തീരുമാനം ഉണ്ടാവുക. 22 വിമാനങ്ങളുമായി ഏറ്റവും വേഗത്തിൽ വിമാന സർവിസുകൾ പുനരാരംഭിക്കാനാണ് ഗോ ഫസ്റ്റ് ലക്ഷ്യമിടുന്നത്.
ഗോ ഫസ്റ്റ് എയർ സർവിസ് തുടങ്ങുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ളത് കണ്ണൂർ വിമാനത്താവളത്തിനാണ്. ദിനംപ്രതി ഇവിടെ നിന്നും സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് തിരിച്ചെത്തുന്നത് പുത്തനുണർവേകും. കണ്ണൂർ - മസ്കത്ത് റൂട്ടിലായിരുന്നു ഗോ ഫസ്റ്റ് എയർ സർവിസ് നടത്തിയിരുന്നത്. ഇത് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ഈ റൂട്ടിൽ ഉള്ള വിമാനങ്ങളുടെ ക്ഷാമം പരിഗണിക്കാൻ ഗോ ഫസ്റ്റ് എയർ സർവിസിന് സാധിക്കും.
വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സുരക്ഷ സംബന്ധമായ കാര്യങ്ങളിലാണ് ഓഡിറ്റ് ഊന്നൽ നൽകുകയെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ മാസം നാലു മുതൽ ആറു വരെ എയർലൈൻസിന്റെ സുരക്ഷ സംബന്ധമായ കാര്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഓഡിറ്റ് നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."